ഇരുളിലെ വെളിച്ചം
കവിത
ഇരുളിലെ വെളിച്ചം
ഫെയ്ത്ത്മോൻ ജെ. കോട്ടയം
ഇരുളുവന്നണഞ്ഞതോ അതോ ദുഃഖഭാരത്താൽ അർക്കൻ കണ്ണടച്ചതോ
എങ്ങും തളംകെട്ടി നില്ക്കുന്ന നിശബ്ദത
നയിനിലാകെ ജനം ദുഃഖത്തിലാണ്ടുപോയി
പത്തുവർഷം മുമ്പൊരിക്കലീ വീട്ടുമുറ്റം
ജനസാഗരത്താൽ ഇങ്ങനെ വിറപൂണ്ടുനിന്നിരുന്നു
ആരോഗ്യദൃഡഗാത്രനൊരുത്തൻ
പരലോകംപൂകി യാത്രയായന്ന്
മകനെ ആശ്ലേഷിച്ചവളലറികരഞ്ഞു
കൊണ്ടവൻ നല്പാതി
ബോധരഹിതയായി പലനേരവും
ആശ്വസിപ്പിക്കാനടുത്തവർ പോലും
നിസഹായരായി നോക്കിനിന്നുപോയി
പ്രായം മുപ്പതോടടുക്കുന്നവൾക്ക്
ഈ ഗതി വന്നുപോയോയെന്ന് ചിലർ
എങ്കിലും ആശ്വസിക്കാൻ വകയുണ്ടവൾക്ക്
ആണൊരുത്തൻ മകനായി കൂട്ടിനുണ്ടുപോലും
ആ മകനല്ലയോ ഈ കിടക്കുന്നത്
പത്തുവർഷത്തിന് ശേഷം ആണൊരുത്തനും യാത്രയായി
ആരെന്നോ എന്തെന്നോ നോക്കാതെ ആ അമ്മയെന്തൊക്കെയോ പുലമ്പി തുടങ്ങി
ഇനി ഞാൻ എന്തിനു ജീവിക്കണം ആർക്കായി കാത്തിരിക്കണം
എൻ മകനല്ലയോ എൻ ജീവിതം അവനെയും മരണം കവർന്നെടുത്തുപോയോ
അനാഥനും വിധവയ്ക്കും ആശ്രയമാരെന്ന്
ഖിന്നയാമഹതി ചോദിച്ചുകൊണ്ടേയിരുന്നു
ആ ആർത്തനാദത്തിൻ നൊമ്പരം
പ്രതിധ്വനിച്ചു നാലുദിക്കിൻ ദിഗന്ധങ്ങളിൽ
നേരം പുലർന്നുതുടങ്ങി
യാളുകൾവന്നുതുടങ്ങി
തന്നോമനപൈതലിൻ നിഷ്കളങ്കമാം വദനം
കണ്ടവർ കണ്ടവർ നോക്കി നിന്നുപോയി
പ്രാർത്ഥന സൂക്തങ്ങൾ ഉച്ചത്തിൽ ചൊല്ലുന്ന ഗായകസംഘങ്ങളുണ്ടവിടെ
കർമ്മം നടത്തുവാൻ കർമ്മിയായി വന്നൊരു
പാതിരി സംഘവുമെത്തിയപ്പോൾ
മഞ്ചം ചുമന്നൊരാനാലുബാല്യക്കാർ
ഈറനണിഞ്ഞുവോ ആരറിഞ്ഞു
കണ്ണുനീർ തുള്ളികൾ ധാരയായി
വീണപ്പോൾ ഉള്ളംപിടഞ്ഞുപോയ് മർത്യർക്കെല്ലാം
മഞ്ചത്തിനൊപ്പം നടക്കാൻ ത്രാണിയില്ലെങ്കിലും
ആ സാധുവാം മാതാവ് മെല്ലെ മെല്ലെ
പേശിപുലമ്പി കരഞ്ഞുകൊണ്ട്
മഞ്ചത്തെ നോക്കി നടന്നുനീങ്ങി
പെട്ടെന്നുനിന്നുപോയാവിലാപയാത്ര
ആളുകളാകെ സ്തംഭിതരായി
മറിയത്തിൻ സൂനുവും അണികളുമങ്ങനെ
മഞ്ചത്തിൻ മുമ്പിൽ മാർഗതടസമായി
കരുണാർദ്രനാം യേശു നാഥൻ
ആ സാധു മാതാവിൻ മുമ്പിൽ
സ്നേഹവായ്പോടടുത്ത്
തുടച്ചവൾ കണ്ണുനീരിനെ
കരയരുതെന്ന മൃദുസ്വരമായി
തൊട്ടവൻ മഞ്ചത്തെ തൻ പാണിയാൽ
ബാല്യക്കാരാ എഴുന്നേല്ക്കെന്നുറക്കെ വിളിച്ചവൻ
ജീവദാതാവിൻ ശബ്ദമുയർന്നപ്പോൾ
ജീവനുമാത്മാവും തിരികെയെത്തിയവനിൽ
ജീവനറ്റവർക്ക് ജീവനേകുവാൻ
നിരാലംബർക്ക് ആശ്രയമാകുവാൻ
ഒറ്റപ്പെടുന്നവരെ ചേർത്തണയ്ക്കുവാൻ
സ്നേഹവാപിയായവൻ അരികെയെത്തും
ആ സാധു മാതാവിൻ മനസുനിറഞ്ഞു
ഓടിയടുത്തവൾ തൻ സൂനുവിൻ ചാരെ
ചേർത്തു നിർത്തി ആശ്ലേഷിച്ചവനെ അവിരാമം സ്നേഹചുംബനത്താൽ പൊതിഞ്ഞു
നോക്കി നിന്നുപോയൊരാജനക്കൂട്ടം
ആകെ സ്തംഭിതരായ്
ഈശനെ കണ്ട് നിർവൃതിയിലായ്
ഇരുളുമാറി നയിനിലാകെ നിത്യ പ്രകാശം
പട്ടണത്തിലും ജനമനസുകളിലും അനവരതമായ്
Advertisement