ഡോ. ജെയിംസ് ജോർജ് ബഥേൽ ബൈബിൾ കോളേജിന്റെ പുതിയ പ്രിൻസിപ്പൽ ; ഡോ. ഐസക് ചെറിയാൻ പ്രസിഡന്റ്

ഡോ. ജെയിംസ് ജോർജ് ബഥേൽ ബൈബിൾ കോളേജിന്റെ പുതിയ പ്രിൻസിപ്പൽ ; ഡോ. ഐസക് ചെറിയാൻ പ്രസിഡന്റ്

പുനലൂർ : ബഥേൽ ബൈബിൾ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. ജെയിംസ് ജോർജിന് ബോർഡ് നിയമിച്ചു. വെണ്മണി സ്വദേശിയായ അദ്ദേഹം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് B.A, സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും B. D., M. Th., D. Th (Ph. D) എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൗൺസിലിങ്ങ് ഐച്ഛിക വിഷയമായെടുത്താണ് ഗവേഷണ പഠനം നടത്തിയത്. എഴുത്തുകാരൻ, പ്രഭാഷകൻ, അധ്യാപകൻ, കൗൺസിലർ, എന്നീ മണ്ഡലങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം. പല ഗ്രന്ഥങ്ങളുടെയും രചയിതാവ് കൂടിയായ അദ്ദേഹത്തിന്റെ അധ്യാപന പരിചയവും അനുഭവസമ്പത്തും ബഥേലിന്റെ വളർച്ചയ്ക്ക് അനുഗ്രഹമായിരിക്കും.

കോളേജിന്റെ പുരോഗതിയെ മുൻനിർത്തി ബഥേലിന് ഒരു പുതിയ പ്രസിഡന്റിനെയും ഭരണസമിതി നിയമിച്ചു. പത്തനാപുരം സ്വദേശിയും അമേരിക്കയിൽ താമസിച്ചുകൊണ്ട് മിഷണറി പ്രവർത്തനങ്ങളിൽ പങ്കാളിയുമായ ഡോ. ഐസക്ക് ചെറിയാനാണ് കോളേജിന്റെ പുതിയ പ്രസിഡന്റ്. അസംബ്ലിസ് ഓഫ് ഗോഡിന്റെ ആദ്യകാല പ്രവർത്തകനും   ബഥേലിന്റെ ആദ്യ ബാച്ചുകളിലെ വിദ്യാർത്ഥിയുമായിരുന്ന പാസ്റ്റർ വി. എൻ സെഖര്യായുടെ മകനാണ് ഡോ. ഐസക് ചെറിയാൻ. കൽക്കത്ത അസംബ്ലിസ് ഓഫ് ഗോഡിൽ ഡോ. മാർക്ക് ബെന്റയിനൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ രാജ്യങ്ങളിൽ മിഷനറി പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. ഉത്തരേന്ത്യൻ മിഷനറി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുള്ളവരാണ് ഡോ. ഐസക്ക് ചെറിയാനും ഭാര്യ ഡോ. സൂസൻ ചെറിയാനും. ബഥേൽ ബൈബിൾ കോളജിന്റെ അഡ്വൈസറി ബോർഡ് അംഗമായിരിക്കുന്ന അദ്ദേഹത്തിന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള സേവനവും അനുഭവ സമ്പത്തും കോളേജിന്റെ ഈ പുതിയ തുടക്കത്തിന് പ്രയോജനപ്പെടും.

വേദശാസ്ത്ര പരിശീലന രംഗത്ത് കാലോചിതമായ വളർച്ച നേടുവാനും ആയിരക്കണക്കിന് സമർപ്പിതരായ സുവിശേഷകരെ പരിശീലിപ്പിക്കുവാനും സാധിച്ച ഈ സ്ഥാപനം സെറാമ്പൂർ അംഗീകാരം നേടിയത് ചരിത്രപരമായ ചുവടുവെപ്പ് ആയിരുന്നു.

ബഥേൽ ബൈബിൾ കോളേജിന്റെ ഭരണസമിതിയും എ ജി മലയാളം ഡിസ്റ്റിക് എക്സിക്യൂട്ടീവ് കമ്മിറ്റിയും കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് സെനറ്റ് ഓഫ് സെറാമ്പൂർ കോളേജ് (യൂണിവേഴ്സിറ്റി) ന്റെ അംഗീകാരത്തിന് അവസരമായത്.

ഈ അധ്യയന വർഷം മുതൽ B. D., Integrated B.D, B.Th, ബിരുദങ്ങളാണ് നൽകുന്നത്. ഡിഗ്രി പാസായവർക്ക് 4 വർഷം കൊണ്ട് B. D യും, പ്ലസ് ടു പാസായവർക്ക് 5 വർഷം കൊണ്ട് B.D യും, പ്ലസ് ടു പാസായവർക്കും 3 വർഷം കൊണ്ട് B. Th - ഉം നേടാവുന്ന കോഴ്സുകളാണ് നൽകുന്നത്.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ജൂൺ 20 നാണ്.വിവരങ്ങൾക്ക്: രജിസ്ട്രാർ: 94187 01581, 94962 10502

Advertisement