ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും (Part I)

ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും (Part I)

ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും (Part I)

ഷാർലെറ്റ് പി. മാത്യു

കുടിയേറ്റം ഒരേ സമയം  പ്രാദേശിക പ്രതിഭാസവും ആഗോള പ്രതിഭാസവുമാണ്.  ഈ കുടിയേറ്റയാത്രയിൽ ആളുകൾ ഒരു രാജ്യത്തിനകത്തും ദേശീയ അതിർത്തികൾക്കപ്പുറത്തും സഞ്ചരിക്കുന്നു. സത്യത്തിൽ കുടിയേറ്റക്കാർ പുതിയ നഗരങ്ങൾ  നിർമ്മിക്കുന്നവരാണ്. കുടിയേറ്റം - അത് ആന്തരികമോ അന്തർദേശീയമോ ആകട്ടെ - മിക്കവാറും എല്ലായ്‌പ്പോഴും പ്രതീക്ഷയോടെയാണ് നടത്തുന്നത്. അതിനെ പലപ്പോഴും ഒഴിവാക്കാൻ സാധിക്കുകയില്ല. പക്ഷെ ചിന്തിക്കേണ്ട ധാരാളം പ്രതിഭലനങ്ങൾ ഇവ സൃഷ്ടിക്കുന്നുണ്ട്.

എന്താണ് ബ്രെയിൻ ഡ്രെയിൻ (Brain drain) - മസ്‌തിഷ്‌ക ചോർച്ച

മെച്ചപ്പെട്ട വേതനത്തിനും  ജീവിത സാഹചര്യത്തിനും  വേണ്ടി ഒരു രാജ്യത്തിൽ നിന്നും  സാമ്പത്തിക മേഖലയിൽ നിന്നും വിദ്യാസമ്പന്നരും  പ്രൊഫഷണലുകളുമായ ആളുകൾ മറ്റൊരു രാജ്യത്തേക്ക് പുറപ്പെട്ടു പോകുന്നതിനെയാണ് ബ്രെയിൻ ഡ്രെയിൻ അഥവാ മസ്‌തിഷ്‌ക ചോർച്ച എന്നു പറയുന്നത്. സത്യത്തിൽ മനുഷ്യ മൂലധനം നഷ്ടപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ഒരു സ്ലാംഗ് പദമാണ് ബ്രെയിൻ ഡ്രെയിൻ.

എന്താണ് ബ്രെയിൻ ഗെയിൻ (Brain Gain)- മസ്തിഷ്ക നേട്ടം  

ബ്രെയിൻ ഡ്രെയിൻന്റെ മറുവശമാണ് ബ്രെയിൻ ഗെയിൻ അഥവാ മസ്തിഷ്ക നേട്ടം. വ്യക്തികളെ  അവരുടെ ഉത്ഭവ രാജ്യത്തേക്ക് മടക്കികൊണ്ടു വരുന്ന രീതിയിൽ  പുതിയ  മൂലധനങ്ങളും കഴിവുകളും   സൃഷ്‌ടിക്കുന്ന പ്രതിഭാസത്തെയാണ് മസ്തിഷ്ക നേട്ടം എന്നു പറയുന്നത് . ബ്രെയിൻ ഗെയിനിനെ റിവേഴ്‌സ് ബ്രെയിൻ ഡ്രെയിൻ (Reverse Brain Drain)  എന്നും ബ്രെയിൻ സർക്കുലേഷൻ അഥവാ തലച്ചോറിന്റെ രക്തചംക്രമണം എന്നും പറയുന്നു. മികച്ച ജീവിതസാഹചര്യങ്ങളുള്ള  വികസിത രാജ്യങ്ങൾ ജനസംഖ്യ കൂടുതലും മികച്ച ജീവിത സാഹചര്യങ്ങളില്ലാത്തതുമായ ഇടങ്ങളിൽ നിന്നും ബ്രെയിൻ ഗെയിനിലൂടെ മനുഷ്യ മൂലധനം വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങൾ ഇന്നു വർദ്ധിച്ചിരിക്കുന്നു.

കേരളവും ബ്രെയിൻ ഡ്രെയിനും

മിഡിൽ ഈസ്റ്റും, യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും ഇന്നു  കേരളീയർക്ക് സ്വന്തം നാടുപോലെയാണ്.  ഈ പ്രവാസി ഇന്ത്യക്കാർ (എൻആർഐ) അയക്കുന്ന പണമാണ് ഒരു പരിധി വരെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂൺ. കേരളത്തിലെ മിടുക്കരായ നഴ്‌സുമാർ അമേരിക്കൻ - യൂറോപ്യൻ രാജ്യങ്ങളിലേക്ക് നടത്തിയ കുടിയേറ്റം  ആഗോള ചരിത്രത്തിലെ അസാധാരണമായ വസ്തുതകളിലൊന്നാണ്. അവരുടെ ഉത്തരവാദിത്വബോധവും വിയർപ്പും ചങ്കൂറ്റവും ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് രക്ഷപെടുത്തിയത്.

എത്ര പേർ വിദേശത്തേക്കു പോകുന്നു ?

മാതൃഭൂമി -ജി കെ കറന്റ് അഫയേഴ്സിലെ  (പറുദീസ തേടി പായുന്നവർ - ഫെബ്രുവരി 2024) കണക്കുകൾ പ്രകാരം ലോകത്തു ഏറ്റവുമധികമാളുകൾ അന്യരാജ്യങ്ങളിലേക്കു കുടിയേറിയിരിക്കുന്നതു ഇന്ത്യയിൽ നിന്നാണ്. നിയമപരമായും നിയമവിരുദ്ധമായും 25 ലക്ഷത്തോളം ഇന്ത്യക്കാർ ഓരോ വർഷവും കുടിയേറുന്നു.

പുതിയ പുറപ്പാട് (The New Exodus ) എന്ന കവർ പേജിൽ 2023 ജൂലൈ 17 ൽ പ്രസിദ്ധീകരിച്ച ഇന്ത്യാ ടുഡേ കണക്കുകളനുസരിച്ചു കോവിഡിന് മുൻപ് 2019 ൽ 5.88 ലക്ഷം പേർ വിദേശത്ത്‌ ഉന്നതവിദ്യാഭ്യാസത്തിനായി പോയപ്പോൾ 2022 ൽ അത് 7.50 ലക്ഷമാണ്. 2024 ൽ ഈ സംഖ്യ 18 ലക്ഷത്തിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019ൽ വിദേശത്തേക്ക് പോയ മലയാളി വിദ്യാർത്ഥികളുടെ എണ്ണം 30,948 ആണ്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നു മാത്രം ഒരു വർഷം വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം 35,000 കവിഞ്ഞു.

എന്തുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നതപഠനത്തിനുവേണ്ടി വിദേശത്തേക്കു പോകുന്നു ?

വികസിത രാജ്യങ്ങളിൽ സ്ഥിര താമസം (പിആർ) അല്ലെങ്കിൽ പൗരത്വം ലഭിക്കുവാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് വിദ്യാഭ്യാസത്തിനായി കുടിയേറുന്നത്.

·        മെച്ചപ്പെട്ട ഫ്ലെക്സിബിൾ ആയ പാഠ്യപദ്ധതി

·        ലോകോത്തരമായ സൗകര്യങ്ങൾ

·        വിദേശ സംസ്ക്കാരവും ഭാഷയും പഠിക്കാനുള്ള അവസരം

·        മക്കൾക്ക് മികച്ചത് നല്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ

·        വേഗത്തിൽ ലഭിക്കുന്ന വിദ്യാഭ്യാസ വായ്‌പകൾ

·        ജീവിക്കുവാനുള്ള മികച്ച സാഹചര്യങ്ങൾ

·        നല്ല പരിസ്ഥിതി

·        നാട്ടിലെപ്പോലെ മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമില്ല.

·        സ്വാതന്ത്ര്യമുള്ള ജീവിതം.

·        അന്യരാജ്യങ്ങളിലേക്കു കുടിയേറിയ ബന്ധുക്കളുടെയും നാട്ടുകാരുടേയുമൊക്കെ ജീവിതത്തിൽ വന്ന പുരോഗതിയൊക്കെയാണ് വിദേശസ്വപ്നങ്ങൾക്കു തിളക്കം കൂട്ടുന്നത്.

വേണ്ടാതാവുന്ന പൗരത്വം

ഗൾഫിലേക്കുള്ള കുടിയേറ്റം മലയാളിയെ നാട്ടിൽ നിന്നും സ്ഥിരമായി അകറ്റിയിരുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 2021 വരെ 7.88 ലക്ഷം പേർ അമേരിക്കയിലെത്തിയ ശേഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. അതിർത്തിക്കപ്പുറത്തു സ്വന്തം ജീവിതം സുരക്ഷിതമാണെന്ന് തിരിച്ചറിയുന്നതോടെ സ്വന്തം രാജ്യം വേണ്ടെന്നു വയ്ക്കുന്നവരുടെ സംഖ്യ ഓരോ വർഷവും വർദ്ധിക്കുന്നു.

കേരളം നേരിടാൻ പോകുന്ന കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങൾ

ഇന്ത്യയിലെ ജനസംഖ്യയുടെ 50.1% 25 വയസ്സിന് താഴെയുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു - കേരളത്തിൽ അവർ ജനസംഖ്യയുടെ 23% മാത്രമാണെന്ന കണക്കും  നാം തിരിച്ചറിയേണ്ട യാഥാർഥ്യമാണ്. അതുപോലെ ഉന്നത  വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർദ്ധിച്ചപ്പോൾ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കുന്ന  സാഹചര്യങ്ങൾ സൃഷ്‌ടിക്കുവാൻ  കഴിയാതെ പോയതു കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്.

കുടിയേറ്റത്തിന് ആത്മീയവും വൈകാരികവും ശാരീരികവും മനഃശാസ്ത്രപരവും സാമ്പത്തികപരവുമായ പ്രത്യാഘാതങ്ങളുമുണ്ട്

എനിക്കിവിടെ എന്താ.. ഈ നാട്ടിൽ ഉള്ളത്? എന്നു ചെറുപ്പക്കാർ ചോദിച്ചാൽ ഉത്തരമായി നമ്മുടെ മുൻപിലുള്ള ഓപ്ഷനുകൾ ചുരുക്കമാണ് . നാട്ടിലെ അവസരങ്ങളൂം സാധ്യതകളും കുറവായതുകൊണ്ടു പുതുലോകത്തിന്റെ ബോധജ്ഞാനമാർജ്ജിച്ച മികച്ച കേരളീയ തലച്ചോറുകളാണ് പലായനം ചെയ്യുന്നത്.

വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഒരു വിദ്യാർഥിക്ക് പ്രതിവർഷം 20 ലക്ഷം രൂപയെങ്കിലും വേണം.  ഇതുവഴി കോടിക്കണക്കിന് രൂപയാണ് കേരളത്തിന്റെ സമ്പദ്ഘടനയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്നത് ഇവർ  താമസിയാതെ ഈ രാജ്യങ്ങളിലെ സ്ഥിര താമസക്കാരോ പൗരന്മാരോ ആയിത്തീരുന്നു. അതുകൊണ്ട്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നതുപോലെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പണം തിരികെ വരുന്നില്ല, അത് വിവിധ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

13  വർഷം പഴക്കമുള്ള, 2011ലെ സെൻസസ് റിപ്പോർട്ട് പ്രകാരം, കേരളത്തിൽ 12 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യയിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ 11 ശതമാനമാണിത്, ഇതിൽ 60 ശതമാനവും  അമേരിക്കൻ - യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടേതാണ്.

ശാരീരികവും മാനസികവുമായി  ക്ഷീണിക്കുന്ന സന്ദർഭങ്ങളിൽ  ആശ്വാസം പകരാൻ പ്രിയപ്പെട്ടവരടുത്തില്ലാത്തതു തീരെ വാർദ്ധക്യമായവർക്കു പലപ്പോഴും വേദനാജനകമാണ്  . മിക്ക സന്ദർഭങ്ങളിലും ശവമടക്കിനു സംബന്ധിക്കുവാൻ പോലും സമയമില്ലാതെ ഇൻറർനെറ്റിൽ ലൈവായി കണ്ടു ബന്ധങ്ങൾ അവസാനിക്കപ്പെടുന്നു.

മറ്റൊരു രാജ്യത്തേക്കു കുടിയേറിയവരുടെ രണ്ടാം തലമുറയെത്തിക്കഴിയുമ്പോൾ സ്വന്തം നാട്ടിലെ അപ്പച്ചനെയും അമ്മച്ചിയേയും അവരുടെ ലോകത്തെയും ഒട്ടും മനസിലാക്കുവാൻ കഴിയാത്ത രീതിയിൽ കൊച്ചുമക്കളുടെ സംസ്‍കാരങ്ങൾ മാറിപ്പോകുന്നതു  മറ്റൊരു പ്രശ്നമാണ്. പ്രതീക്ഷയോടെ  കൊച്ചുമക്കളെ കാണുവാൻ ചെല്ലുമ്പോൾ ഭക്ഷണശൈലിയിലെ വ്യത്യാസവും ഗന്ധവും നിമിത്തം  യോജിക്കാൻ പറ്റാത്തതുകൊണ്ട് അവരെ പെട്ടെന്ന് പറഞ്ഞുവിടേണമെന്നു കൊച്ചുമക്കൾ പറയുന്ന സംഭവങ്ങൾ ഉണ്ടാകുന്നു .

മലയാള മനോരമയിൽ എഴുത്തുകാരൻ സക്കറിയ ( ജനുവരി 5 ,2024 ) എഴുതിയതുപോലെ കേരളം വിടുന്നവരുടെ പ്രായത്തിന്റെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുന്നു.  ഔദ്യോഗികമായി അവരുടെ പക്കൽ മടക്കടിക്കറ്റ് ഉണ്ടായേക്കാം. അവരുടെ ഹൃദയത്തിലുള്ളത് വൺവേ ടിക്കറ്റുകളാണ്.

കുടിയേറ്റവും ബൈബിളും

ധാരാളം കുടിയേറ്റ ചരിത്രങ്ങളും യാത്രകളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

·        അബ്രഹാം ദൈവവിളിയുടെ ഭാഗമായി ഒരു കുടിയേറ്റക്കാരനായി യാത്ര പുറപ്പെട്ടു.

·        ലോത്ത് വരച്ചു കാണിക്കുന്നത് ഒരു ദയനീയ കുടിയേറ്റക്കാരന്റെ ചിത്രമാണ്.

·        റബേക്ക- വിവാഹവുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടിൽ നിന്നു മറ്റൊരു സ്ഥലത്തേക്ക് കുടിയേറാൻ സഞ്ചരിച്ച ചെറുപ്പക്കാരിയാണ് .

·        യോസേഫ് സ്വന്തം സഹോദരന്മാരുടെ പദ്ധതിയായ   "മനുഷ്യക്കടത്ത്‌"  കുടിയേറ്റത്തിന്റെ  ഇരയായി മാറി ഈജിപ്തിൽ എത്തപ്പെട്ട വ്യക്തിത്വമാണ്.

·        നവോമിയും രൂത്തും ദുരിതബാധിതരായി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച കുടിയേറ്റ യാത്രക്കാരാണ് .

·        എസ്ഥേർ മിടുക്കിയായ ഒരു അനാഥ കുടിയേറ്റക്കാരിയായിരുന്നു.

സഭകളുടെ റോൾ

ഓരോ വർഷവും 35000 നടുത്തു കുട്ടികൾ ഈ നാട് വിട്ടു പോകുമ്പോൾ അതിൽ നല്ലൊരു പങ്കും നമ്മുടെ ഇടയിലെ കുഞ്ഞുങ്ങളാണ്. ഒരേസമയം നാട്ടിലുള്ള സഭകൾക്കു  അതൊരു ബ്രെയിൻ ഡ്രെയിനും വിദേശത്തെ സഭകൾക്കു അതൊരു ബ്രെയിൻ ഗെയിനുമായി മാറുന്നു.        

(തുടരും)        
                             

Advertisement