ആ മാധുര്യശബ്ദം ഇനി കേൾക്കില്ല
റവ:ജോർജ് മാത്യു പുതുപ്പള്ളി
ഗുരുരത്നം ഫാ. ഡോ. ടി ജെ ജോഷ്വ വിട വാങ്ങി. ഇടയ്ക്കൊക്കെ ഫോണിലൂടെ കേട്ടിരുന്ന ആ മാധുര്യശബ്ദം ഇനി കേൾക്കില്ല. ഇതുപോലെ കറ തീർന്ന വേറൊരു ഗുരുനാഥൻ ഇനി ഉണ്ടാവില്ല. ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ നാലുവർഷം അദ്ദേഹം എന്റെയും പ്രഫസറായിരുന്നു. പിതൃസഹജമായ സ്നേഹവാത്സല്യം മരണംവരെയും നിർലോഭം എനിക്കു നൽകിയ ഗുരുനാഥനായിരുന്നു.
ഞാൻ സുവിശേഷകനായ ശേഷവും ചിങ്ങവനം ഭാഗത്തുകൂടി എപ്പോൾ കാറിൽ സഞ്ചരിച്ചാലും തീർച്ചയായും കുറിച്ചി മന്ദിരംപടിയിലുള്ള വീട്ടിൽ കയറി ജോഷ്വ അച്ചനെ സന്ദർശിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്തുമായിരുന്നു. പഴയ സ്നേഹം അൽപവും കുറയാതെ ഒരു ശിഷ്യനോടെന്നവണ്ണംതന്നെ അച്ചൻ എന്നോട് ഇടപെടുന്നത് അക്ഷരാർത്ഥത്തിൽ എന്നെ അമ്പരപ്പിച്ചിരുന്നു. ലോകത്തിലുള്ള ഒരു ഗുരുഭൂതർക്കും ജോഷ്വാച്ചന് ഉണ്ടായിരുന്നതുപോലുള്ള ശിഷ്യസമ്പത്ത് ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല.
പുതിയ നിയമചരിത്രത്തിൽ (New Testament History) അച്ചന്റെയത്രയും വേദപാണ്ഡിത്യമുള്ള ബൈബിൾ അദ്ധ്യാപകർ ക്രൈസ്തവസഭകളിൽ തുലോം വിരളമാണ്. ആരെയും പിടിച്ചിരുത്തുന്ന മാധുര്യപ്രഘോഷണ ശൈലിക്ക് ഉടമയായിരുന്നു മഹാപണ്ഡിതനും സുപ്രസിദ്ധ വചനപ്രഘോഷകനുമായിരുന്ന ജോഷ്വാച്ചൻ.
വിനയത്തിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും കാര്യത്തിൽ അച്ചനെ വെല്ലാൻ കഴിവുള്ള മറ്റൊരു വൈദികശ്രേഷ്ഠനെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.
ശ്രീ ടി ചാണ്ടി സാറിനുശേഷം മരിക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പ് വരെയും മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ 'ഇന്നത്തെ ചിന്താവിഷയം' എഴുതിയിരുന്നത് ജോഷ്വ അച്ചനായിരുന്നു. അതു വായിച്ച് അനുഗ്രഹം പ്രാപിച്ചവർ എത്രയേറെയെന്ന് കണക്കുകൂട്ടാനുള്ള പ്രാഗത്ഭ്യം എനിക്കില്ല. അച്ചന്റെ പ്രസംഗമാണോ എഴുത്താണോ ഏറെ മികച്ചതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ --എഴുത്തിനെക്കാൾ മികച്ച പ്രസംഗവും പ്രസംഗത്തെക്കാൾ മികച്ച എഴുത്തും. കൊതിപ്പിക്കുന്ന ഭാഷാശൈലിയായിരുന്നു എഴുത്തിലും പ്രസംഗത്തിലും ഉടനീളം അച്ചൻ പ്രകടിപ്പിച്ചിരുന്നത്.
എത്രമാത്രം പുസ്തകങ്ങൾ അച്ചൻ എഴുതിയിട്ടുണ്ടെന്നും എത്രയേറെ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്നും കൃത്യമായി എനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഈ വിഷയത്തിൽ അച്ചന്റെ റിക്കാർഡ് തകർക്കാൻ ലോകത്തിൽ ഒരു വൈദികനും ഇനിയുണ്ടാവില്ല. തിരുവല്ല സിഎസ്എസ് ൽ നിന്നും അച്ചനു ലഭിച്ചതു പോലുള്ള റോയൽറ്റി ലഭിച്ചിട്ടുള്ള വേറൊരു ക്രിസ്തീയ എഴുത്തുകാരനും എന്റെ അറിവിൽ വേറെയില്ല.
അച്ചന്റെ സമ്പൂർണ്ണ ജീവിതകഥ 'പവർ വിഷൻ' ടിവിയിലൂടെ ലോകത്തെ അറിയിക്കുവാനുള്ള മഹാഭാഗ്യം ലഭിച്ചത് പഴയ ശിഷ്യനായ എനിക്കാണ്. നിരവധി എപ്പിസോഡുകളിലൂടെ അച്ചനെ ഞാൻ 'പവർ വിഷൻ ടിവി'യിൽ ഇന്റർവ്യൂ ചെയ്തു. അച്ചന്റെ എല്ലാ പുസ്തകങ്ങളും ഞാൻ മലയാളികൾക്കു പരിചയപ്പെടുത്തി. ഫോണിൽ വിളിക്കുമ്പോഴും നേരിൽ കാണുമ്പോഴും ആ പ്രോഗ്രാമിനെക്കുറിച്ച് അച്ചൻ വളരെ സന്തോഷത്തോടെ എന്നോട് പറയുമായിരുന്നു.
അച്ചന്റെ പ്രിയതമ ഡോ. മറിയാമ്മ കൊച്ചമ്മ എന്റെ അയൽഗ്രാമക്കാരിയായിരുന്നു. കേരളസംസ്ഥാനത്തിലെ വൈദ്യശാസ്ത്ര മേഖലയുടെ പ്രധാന മേധാവിയായിരുന്നു അവർ. കൊച്ചമ്മ കാറപകടത്തിൽ മരിച്ചത് അച്ചനെ ഏറെ വേദനിപ്പിങ്കിലും അദ്ദേഹത്തെ തളർത്തിയില്ല. 'മറിയാമ്മ വീട്ടിൽ ഉണ്ടെന്ന തോന്നൽ എപ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്' എന്ന് പല പ്രാവശ്യം അച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ചന്റെ മകൻ ഡോ. റോയിയും മകൾ ഡോ. രേണുവും ഞാനും യൗവനത്തിൽ ഒരുമിച്ച് പല ബൈബിൾ ക്ലാസുകളിലും പങ്കെടുത്തിട്ടുണ്ട്.
ഞാനും സാലിയും ആസ്‌ട്രേലിയയിലേക്കു വരുന്നതിനു തൊട്ടുമുമ്പും ഫോണിൽ അച്ചനുമായി സംസാരിച്ചിരുന്നു. നാട്ടിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞിരുന്നു. ഇനി ആ കാഴ്ച ഉണ്ടാവില്ല. ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു. ഇനി ജോഷ്വ അച്ചനു തുല്യമായി അത്രയും കറ തീർന്ന ഒരു ഗുരുഭൂതൻ ഉണ്ടാവുമോ ? എനിക്ക് അറിയില്ല. ഇല്ല എന്നു തന്നെയാണ് എന്റെ തോന്നൽ. പ്രിയ പിതാവേ, അങ്ങ് എന്നോടും കുടുംബത്തോടും കാട്ടിയ നിർമലമായ സ്നേഹവായ്പുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നൂറായിരം നന്ദി. അല്ലാതെന്താണ് ഈ സാധുവായ ശിഷ്യന് അങ്ങേക്ക് പകരം നൽകുവാനുള്ളത് ?