ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും-(രണ്ടാം ഭാഗം)
ബ്രെയിൻ ഡ്രെയിനും ബ്രെയിൻ ഗെയിനും (രണ്ടാം ഭാഗം)
ഷാർലെറ്റ് പി മാത്യു
എല്ലാവരും തിരിച്ചറിയേണ്ടതായ നാലു യാഥാർഥ്യങ്ങൾ
1.കുടിയേറ്റം സംബന്ധിച്ചു നാട്ടുകാരും വീട്ടുകാരും സഭയും തിരിച്ചറിയേണ്ട വസ്തുതകൾ
വിദേശത്തേക്കു പോയാൽ മാത്രമേ നീ രക്ഷപ്പെടൂ എന്ന മനോഭാവത്തിന്റെ സമ്മർദ്ദം കൊച്ചുകുട്ടികളിൽ കൊച്ചുപ്രായത്തിലെ കുത്തിവെക്കാതിരിക്കുക. അനാവശ്യമായ താരതമ്യങ്ങൾ ചെയ്യാതിരിക്കുക. ഉദാഹരണം ; മധ്യകേരളത്തിലെ ഒരു സഭയിലെ ഒരു അമ്മച്ചി സൺഡേസ്കൂൾ പഠിക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ ഒരു മോനോട് പറയുന്നു - സൺഡേസ്കൂൾ പഠിച്ചു സമയം കളയാതെ യു.കെ. യിൽ പോയി രക്ഷപെടാൻ നോക്ക്. (വിദേശങ്ങളിൽ പോകുന്നവർ പോകേണം , പക്ഷെ മറുവശത്തു ദൈവീക പഠനങ്ങളെ വിലകുറച്ചു കാണിച്ചുകൊണ്ട് അമ്മച്ചി ഒന്നുമറിയാത്തതുപോലെ അടിച്ചേൽപ്പിക്കുന്നത് മാരകമായ സമ്മർദ്ദമാണ്.)
ഇന്ത്യയിൽ നന്നായി പഠിക്കുകയും വീട്ടുകാർ നന്നായി പഠിപ്പിക്കുകയും നല്ല മനോഭാവത്തിലൂടെ കാര്യങ്ങളെ മനസിലാക്കുകയും ചെയ്‌താൽ അവസരങ്ങളുണ്ടെന്നു തിരിച്ചറിയുക.
പഠിക്കുന്ന കാര്യത്തിലും അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിലും പുറത്തുപോയി കഷ്ടപെടുന്നതിന്റെയത്രയും അധ്വാനിച്ചാൽ ഇന്ത്യയിലും അവസരങ്ങളുടെ വാതിലുകൾ ധാരാളമുണ്ട്. വിദേശത്തു പോയാൽ മാത്രമേ നിങ്ങളുടെ ഭാവിയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാകൂ എന്ന സാഹചര്യമാണെങ്കിൽ നാട്ടുകാരുടെ സമ്മർദ്ദം കൂടാതെ വിവേചനത്തോടെ നിങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഉദാഹരണം : ഒരു സഭയിലെ നൂറിലധികം ആൾക്കാർ അമേരിക്കയിലാണ്. അവരുടെ വീട്ടുകാർക്കു നാട്ടിലുള്ളവരേക്കാൾ സഭയിലെ ലീഡേഴ്സിൽ നിന്നും ബഹുമാനമധികം കിട്ടുന്നു. അതുകൊണ്ടു മാസം രണ്ടു ലക്ഷം രൂപ കിട്ടുന്ന ഇവിടുത്തെ നല്ലതും സ്വസ്ഥവുമായ ജോലി ഉപേക്ഷിച്ചു നമുക്കും അമേരിക്കയിൽ പോകേണമെന്നു പറഞ്ഞു ബഹളമുണ്ടാക്കുന്ന പങ്കാളികൾ സൃഷ്ട്ടിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്.
അമിതപരിഗണനകളും വാഴ്ത്തിപാടലുകളും "വിദേശമെന്ന കറൺസിയും അവസരങ്ങളും " ഉള്ളതിന്റെ പേരിൽ മാത്രം ഒരുവശത്തു നടത്തുമ്പോൾ മറുവശത്തു നാട്ടിലെ വിശ്വാസികളുടെ വില വിസ്മരിക്കപ്പെടുന്നു. ഉദാഹരണം : കുറച്ചു നാൾ മുൻപ് ഒരു സുഹൃത്ത് പഠനശേഷം ദൗത്യബോധത്തോടെ ദൈവാത്മനിയോഗത്താൽ ഒരു ഭാരതപര്യടനം നടത്തി. ഒരു വർഷത്തെ യാത്രക്കിടയിലൊരിക്കൽ തനിക്കു അടുത്ത ബന്ധുവാകുന്ന ഒരു ആന്റിയുടെ ഫോൺ വന്നു. മോനിപ്പോൾ എവിടെയാണെന്നു ചോദിച്ചപ്പോൾ താൻ പറഞ്ഞു, ആന്റി ഞാനിപ്പോൾ യു കെ യിലാണ്. ആന്റിയുടെ മറുപടി wow..(ഗംഭീരം) ..അല്ല ആന്റി..ആന്റി ഉദ്ദേശിച്ച യുണൈറ്റഡ് കിങ്ഡം ആയ യു കെ യല്ല ഉത്തരാഖണ്ഡിലാണ് എന്നു പറഞ്ഞപ്പോൾ ആന്റിയുടെ മറുപടി Ohh…(ഓ ഇത്തിരി സന്തോഷം കുറഞ്ഞ ഓ ..) ഈ മനോഭാവത്തിന്റെ വക്താക്കളായ മുതിർന്നവരും ലീഡേഴ്‌സും നമ്മുടെയിടയിൽ ശരിക്കുമുള്ളത് ചെറുപ്പക്കാരുടെ കുടിയേറ്റത്തിന്റെ മറ്റൊരു നിശ്ശബ്ദമായ സമ്മർദ്ദകാരണമാണ്.
മാതാപിതാക്കളും ബന്ധുക്കളും കൊച്ചുമക്കളും ഒരുമിച്ചു സന്തോഷത്തോടെയും സുരക്ഷിതത്തോടെയും വലിയ ബാധ്യതകൾ ഇല്ലാതെയും കഴിയുന്ന സാഹചര്യങ്ങൾ , ഒരാവശ്യം ഉണ്ടെങ്കിൽ ഏതു നിമിഷവും ഓടിയരികിലെത്തുവാൻ പറ്റുമെങ്കിൽ “സ്വന്തം നാട്’ എന്ന ഓപ്ഷനായിരിക്കും നല്ലത്.
2.വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും തിരിച്ചറിയേണ്ടതായ കാര്യങ്ങൾ
ഈയിടെ ഒരാൾ പറഞ്ഞ കാര്യം - നാട്ടിലെ സെന്റർ കൺവൻഷനെക്കാൾ ആളുകൾ ഇപ്പോൾ കൂടുന്നത് വിദേശത്തെ കൺവൻഷനാണ് - പ്രത്യേകിച്ചും ചെറുപ്പക്കാർ അവിടെ കൂടുതലായി പങ്കെടുക്കുന്നു. കൂട്ടായ്മകളിൽ സന്തോഷത്തോടെ പങ്കെടുക്കുന്ന കുടിയേറ്റത്തിന്റെ ആദ്യ തലമുറയിൽ പെട്ടവർ യൂറോപ്പ്യൻ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കാണുന്നത് സന്തോഷകരവും പ്രതീക്ഷയുളവാക്കുന്നതുമാണ്. യഥാർത്ഥത്തിലുള്ള ആത്മീയത കൊണ്ടും അതുപോലെ അനിശ്ചിതത്വവും കഷ്ടപ്പാടും അനുഭവിക്കാത്തവർ പുതിയൊരു ദേശത്തു ചെല്ലുമ്പോൾ എങ്ങനെയെങ്കിലും രക്ഷപ്പെടേണം എന്ന നിലയിൽ സംഭവിക്കുന്ന ആത്മീയതയോ കൊണ്ടും ഇതു സംഭവിക്കാം. എന്തായാലും ഒന്നാം തലമുറയിൽ പെട്ട കുടിയേറ്റക്കാർ (പ്രത്യകിച്ചും 30 നും 45 നും ഇടയിൽ പ്രായമുള്ള മാതാപിതാക്കളും സഭയിലെ മുതിർന്നവരും) ഏറ്റവും മികച്ച രീതിയിൽ ദൈവകൃപയോടെ ഈ തലമുറക്കൊപ്പം സഞ്ചരിക്കേണം. ഈ കുടിയേറ്റത്തിന്റെ ഇടയിൽ ഇപ്പോൾ കുഞ്ഞുങ്ങളായിരിക്കുന്നവരെയും ഇനിയവിടെ ജനിക്കുന്ന അടുത്ത തലമുറയെയും കൃത്യമായി മനസിലാക്കി ആത്മഭാരത്തോടെ മെന്റർ ചെയ്യുകയും വേണം. രണ്ടും മൂന്നും തലമുറയായപ്പോൾ മിക്ക അമേരിക്കൻ മലയാളി സഭകളിലും അൻപതു വയസ്സിൽ താഴെയുള്ളവർ വരാതെയായി (അകന്നും പോയി) എന്ന വസ്‌തുത ഒരു ദൃഷ്ടാന്തം പോലെ നമ്മുടെ മുൻപിലുണ്ട്.
കുടിയേറ്റക്കാരായ ദൈവമക്കളിൽ പലരും നേരിടുന്ന മുഖ്യപ്രശ്നം ജീവിതത്തിന്റെ നിർണായകമായ ഒരു കാലഘട്ടം (സാധാരണയായി 25 മുതൽ 45 വയസ്സുവരെ) പുതിയ രാജ്യത്തു ഒന്നു സെറ്റിൽ ആകാൻ വേണ്ടി ചിലവഴിക്കേണ്ടിവരും. മിക്കവാറും വിട്ടുവീഴ്ച്ച ചെയ്യുന്നത് ക്രിസ്തീയദൗത്യം ഒറ്റക്കും കുടുംബമായും ചെയ്യാനുള്ള സമയമായിരിക്കും. സ്ഥലമേതാണെങ്കിലും രാജ്യമേതാണെങ്കിലും ഗോഡ്‍ലി ടൈംടേബിളിൽ വിട്ടുവീഴ്ചയരുത്. ദാനിയേലും , നെഹെമ്യാവും, പൗലോസുമൊക്കെ നമ്മുടെ മുൻപിലുള്ള മികച്ച ഉദാഹരങ്ങളാണ്. ജീവിതം കരുപിടിപ്പിക്കുന്ന തിരക്കിന്റെ നടുവിൽ മികച്ച രീതിയിൽ റിസോഴ്സ്‌ഫുൾ ആകുവാൻ മറക്കരുത്. കേവലം ഞായറാഴ്‌ചത്തെ രണ്ടോ മൂന്നോ മണിക്കൂർ കൂട്ടായ്മയിലൊതുങ്ങരുത് നിങ്ങളുടെയും കുടുംബത്തിന്റെയും ആത്മീയയാത്ര.
പുതിയ സംസ്‍കാരത്തിൽ കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾ, അവർ നേരിടുന്ന ഐഡന്റിറ്റി ക്രൈസിസ് - ജാഗ്രതയോടെ കൈകാര്യം ചെയ്യേണം. ഉദാഹരണം : അവിടുത്തെ ഭാഷ ഉപയോഗിക്കുന്ന സ്ലാങ്ങും ഇന്ത്യക്കാരുടെ സ്ലാങ്ങും വ്യത്യാസമാണ് . അതുകൊണ്ടു മാതാപിതാക്കൾ സംസാരിക്കുന്ന ഇന്ത്യൻ ശൈലി ഇഷ്ടമില്ലാത്തതുകൊണ്ടു അവർ സ്കൂളിൽ വരുന്നത് ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങളുണ്ട്. എൽ ജി ബി റ്റി (LGBT) നിയമങ്ങൾ പ്രബലമായതുകൊണ്ടു സ്വന്തം മക്കളുടെ ജൻഡർ കോളം പൂരിപ്പിക്കാൻ പോലും അനുവാദമില്ലാത്ത സ്ഥലങ്ങൾ ഉണ്ട് . തങ്ങളുടെ ജൻഡർ ആണോ പെണ്ണോ അതോ മറ്റേതെങ്കിലും ആണോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നാണ് ഇങ്ങനെയുള്ള നിയമങ്ങൾ പറയുന്നത്. സ്ത്രീ , പുരുഷൻ, യൂണിസെക്സ് എന്നീ മൂന്നു തരത്തിലാണ് വാഷ് റൂമുകൾ പോലുമുള്ളത്. ഇവിടെ നിന്നു പോകുന്ന ഓരോ ചെറുപ്പക്കാരും മാതാപിതാക്കളും അതുപോലെ അവരെ പറഞ്ഞു വിടുന്നവരും ഈ സാഹചര്യങ്ങളെ മനസിലാക്കുകയും ബിബ്ലിക്കൽ ആയി ഈ വിഷയങ്ങളെ നേരിടാൻ പരിജ്ഞാനം ആർജ്ജിക്കുകയും വേണം.
3.മാതൃരാജ്യത്തിന്റെ ആവശ്യകതയും സാധ്യതകളെയും കുറിച്ചുള്ള ബോധ്യത്തോടെ ചെയ്യേണ്ട കാര്യങ്ങൾ
ഏതു ദേശത്തു പോയാലും ജനിച്ചു വളർന്ന നാടും മാതാപിതാക്കളും അവരോടുള്ള കരുതലും മികച്ചതാകേണം. കറൻസി മൂല്യത്തേക്കാൾ വലുതായിരിക്കേണം സ്നേഹത്തിന്റെ മൂല്യം.
നിങ്ങളായിരിക്കുന്ന രാജ്യത്തെ ഭാഷക്കൊപ്പം മാതാപിതാക്കളുടെ ഭാഷയും ഭക്ഷണശീലവുമൊക്കെ കുറച്ചൊക്കെ അടുത്ത തലമുറയെ പഠിപ്പിക്കുന്നത് നന്നായിരിക്കും. മാതാപിതാക്കളെ ഇടക്കിടക്ക് കൊണ്ടുപോകുന്നതും അവരോടുള്ള കുട്ടികളുടെ ഇടപെടലുകൾ ടീനേജ് പ്രായം വരെയെങ്കിലും കൃത്യമായി പ്ലാൻ ചെയ്യുന്നതും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ നല്ലതായിരിക്കും. നാട്ടിലുള്ള മാതാപിതാക്കളും അവിടെ പോകുമ്പോൾ കാലത്തിന്റെയും സംസ്കാരത്തിന്റെയും മാറ്റം തിരിച്ചറിഞ്ഞു അവരെ മനസിലാക്കി ദൈവികമൂല്യങ്ങൾ പങ്കുവെച്ചു അവർക്കൊപ്പം സഞ്ചരിക്കേണം.
രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ അവധിക്കാലം ചിലവഴിക്കുവാൻ നാട്ടിൽ വരാൻ കഴിവതും മക്കൾക്കൊപ്പം ശ്രമിക്കേണം. ആ യാത്രകളിൽ കഴിവതും ദൗത്യബോധത്തോടെയുള്ള യാത്രകൾ ഉൾപ്പെടുത്തേണം . ഭാരതത്തിന്റെ ആവശ്യകതകൾ പ്രാർത്ഥനയോടെ മനസിലാക്കേണം. മറ്റൊരു രാജ്യത്തു കുടിയേറ്റക്കാരനായി ജീവിച്ചപ്പോൾ മികച്ച കരിയർ ഉണ്ടായിരുന്ന നെഹെമ്യാവ് സ്വന്തം ജന്മദേശമായ യെരുശലേമിനെ ഓർത്തപ്പോൾ കരഞ്ഞതുപോലെ, ദൗത്യം ചെയ്യുവാൻ അവിടേക്കു യാത്ര ചെയ്തതുപോലെ നിങ്ങളും ചെയ്യേണം.
ഡോളറിനും പൗണ്ടിനും ദിനാറിനും രൂപയെക്കാൾ മൂല്യമുള്ളതുകൊണ്ടു മിക്ക അതിഥികൾക്കും നേതാക്കൾക്കും സംഘടനകൾക്കും നിങ്ങളെ ഇഷ്ടമായിരിക്കും . തീർച്ചയായും ദൈവികമായ ദൗത്യങ്ങൾക്കു കൊടുക്കുവാൻ ഉത്സാഹികളായിരിക്കേണം. പക്ഷേ വിവേകത്തോടെ കൊടുക്കാനും കൊടുക്കുന്നത് കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുവാനും മറക്കരുത്. നിങ്ങളെ ആരും ചതിക്കാതിരിപ്പാൻ സൂക്ഷിക്കേണം.
4.കേരളത്തിലേക്കു കുടിയേറുന്നവരുടെയിൽ നാട്ടിലുള്ളവർ തിരിച്ചറിയേണ്ട ദൗത്യബോധത്തിന്റെ കാര്യങ്ങൾ
ഇവിടെനിന്നു ഉന്നതപഠനത്തിനുവേണ്ടിയും ഉന്നത ജോലിക്കുവേണ്ടിയും പോകുന്നവരെപോലെയല്ല മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്നിട്ടുള്ള ലക്ഷകണക്കിന് കുടിയേറ്റക്കാരായ അതിഥിത്തൊഴിലാളികൾ. മികച്ച വിദ്യാഭ്യാസവും നല്ല ജീവിതസാഹചര്യങ്ങളിൽ വളർന്നിട്ടുള്ളവരുമല്ല അവരിൽ മിക്കവരും. അതിന്റെതായ പ്രശ്നങ്ങളും അക്രമണങ്ങളും അവരുടെ ഭാഗത്തുണ്ടെന്നുള്ളത് നഗ്നസത്യം തന്നെയാണ്. പക്ഷേ അരക്കോടിയോളം ജനസംഖ്യയുള്ള അവരെകൂടാതെ കേരളത്തിന് മുൻപോട്ടു പോകുവാൻ കഴിയുകയില്ല. നഗരത്തിൽ പുതുതായി വരുന്നവരെന്ന നിലയിൽ അവർക്ക് അതിജീവനത്തിനും അർത്ഥപൂർണ്ണവും ലക്ഷ്യബോധമുള്ളതുമായ ജീവിതത്തിനും വളരെയധികം സഹായവും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. അത് ആഗ്രഹിക്കുന്ന ഭക്തരായ വിശ്വാസികളുടെ ഒരു ചെറിയ കൂട്ടം അവരുടെയിടയിലുണ്ട്. ബൈബിൾ പറയുന്നു- 'പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
മലയാളികളായ നാം ദൗത്യബോധത്തോടെ ഭാരതത്തിലെ മറ്റുള്ള ഇടങ്ങളിൽ പോകാതെയായപ്പോൾ ഇങ്ങോട്ടു വരുന്ന ജനക്കൂട്ടത്തെയെങ്കിലും ക്രിസ്തീയ ദൗത്യബോധത്തോടെ നമ്മൾ കരുതേണ്ടിയിരിക്കുന്നു. ഹിന്ദിയിലും നേപ്പാളിയിലും ബംഗാളിയിലും മണിപ്പൂരിയിലും ഒഡിയയിലുമുള്ള ധാരാളം സഭകൾ ഇവിടെയുണ്ടാകേണം. അതിന്റെ ഫലമായി അവരും അവരുടെ സ്ഥലങ്ങളും അനുഗ്രഹിക്കപ്പെടുകയും അവർ നല്ല ജീവിതമൂല്യങ്ങൾ പടുത്തുയർത്തുന്ന വെളിച്ചം പകരുന്ന ജനസമൂഹമായി മാറുകയും വേണം. ഉദാഹരണം : സ്ഥിരമായി വരുന്ന ഹിന്ദിക്കാരായ മാന്യന്മാരായ കുറച്ചു സഹോദരങ്ങളെ ആരാധന കഴിഞ്ഞു കൊണ്ടുവിടാമോയെന്നു ചോദിച്ചപ്പോൾ എന്റെ കാറിൽ ചെളി പിടിക്കുമെന്നു പറഞ്ഞു അവരെ കയറ്റാൻ പറ്റില്ലെന്നു പറയുന്നവരും നമ്മുടെയിടയിലുണ്ട്.
ഇന്ന് അന്യസംസ്ഥാനക്കാർ കൂടുന്ന സഭകളിലെ തദ്ദേശീയരായ അവരുടെ പാസ്റ്റർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കേരളത്തിൽ ഹാൾ വാടകക്ക് എടുത്തു കൂട്ടായ്മ നടത്തുകയെന്നുള്ളതാണ്. കേവലം ഞായറാഴ്ച ഒരു ആരാധന മാത്രമുള്ള മലയാളി സഭകൾ ബൈബിൾ പ്രകാരമുള്ള ഉപദേശങ്ങൾ പിന്തുടരുന്ന അന്യസംസ്ഥാനക്കാരായ കൂട്ടായ്മക്കാർക്കു ആഴ്ചയിൽ ഒരു ദിവസം സൗജന്യമായി മൂന്നോ നാലോ മണിക്കൂർ ഉത്തരവാദിത്വത്തോടെ വിട്ടു കൊടുക്കുന്ന മനസ് നല്ലതായിരിക്കും. സ്വർഗ്ഗരാജ്യത്തിന്റെ വ്യാപ്തിക്കു അതു കാരണമായിത്തീരും.
നോട്ട് ദി പോയിന്റ്
കേരളത്തിലെ സഭകളോട് 5 ചോദ്യങ്ങൾ
• പത്തിരുപതു വർഷത്തിനുള്ളിൽ കേരളത്തിലെ പല സഭകളും ആൾക്കാരില്ലാത്തതിനാലും റിസോഴ്സുകൾ ഇല്ലാത്തതുകൊണ്ടും അടച്ചു പൂട്ടാൻ സാധ്യതയുണ്ടോ ? ചിന്തിക്കുക ? അങ്ങനെയാകാതിരിപ്പാൻ പ്രാർത്ഥിക്കുകയും ക്രിസ്തീയ ദൗത്യം വിശ്വസ്ഥയോടെ തുടരുകയും ചെയ്യുക. നമുക്കൊരു കോഴ്‌സ് കറക്ഷന്റെ ആവശ്യമുണ്ടെങ്കിൽ അതു ചെയ്യാൻ മറക്കരുത്.
• മികച്ചവർ നാടുവിടുമ്പോൾ കേരളത്തിൽ നിൽക്കുവാൻ ആഗ്രഹിക്കുന്ന യുവമനുഷ്യവിഭവസമ്പത്തിനെ മെന്റോർ ചെയ്യുവാനും പ്രോത്സാഹിപ്പിക്കുവാനും ക്രിസ്തുവിൽ കരുതുവാനും സഭകൾ ശ്രദ്ധിക്കുമോ ? ചിന്തിക്കുക ? അതിനായി പ്രയത്‌നിക്കുക!
• കേരളം ഒരു വൃദ്ധസദനമാകുമ്പോൾ ഇനിയധികം സംഭാവനകൾ തരാൻ സാധ്യതയില്ലാത്ത പ്രായമുള്ളവരെ കരുതുന്ന എൽഡേഴ്‌സ് ഫ്രണ്ട്‌ലി ആകുമോ കേരളത്തിലെ സഭകളും വീടുകളും - ചിന്തിക്കുക ? വൃദ്ധരായവരെ കരുതുക ! സന്ദർശിക്കുക.
• ഇരുപതും മുപ്പതും വർഷം കഴിയുമ്പോൾ ഇവിടെ നിന്നു വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പോയവർ സമ്പത്തും നിലനിൽപ്പും സെറ്റ് ആയി കഴിയുമ്പോൾ ഭാരതത്തിൽ ചെയ്യേണ്ട ദൗത്യം മറക്കുമോ? വിശാലമായ ഇവിടുത്തെ വയൽ - അവർ കണ്ണു തുറന്നു നോക്കുമോ ? ചിന്തിക്കുക ? കുടിയേറുന്ന ഒന്നാം തലമുറയുടെ ദൗത്യം വളരെ വലുതാണ്.
• നൂറുകണക്കിന് അതിഥിതൊഴിലാളികൾ ആരാധിക്കുന്ന പലഭാഷകളിലുള്ള ആയിരക്കണക്കിനു ക്രിസ്തീയകൂട്ടായ്മകൾ വരും വർഷങ്ങളിൽ കേരളത്തിലുണ്ടാകുമോ ? അങ്ങനെ സംഭവിക്കേണമെന്നു ശരിക്കും ആഗ്രഹിക്കുന്നു ! കേരളത്തിലെ സഭകൾ നല്ല മനസ്സോടെ ആത്മഭാരത്തോടെ വാതിലുകൾ തുറക്കട്ടെ !
പ്രിയമുള്ളവരേ, ജീവിതമെന്നത് കേവലം ഉന്നത പഠനവും വിദേശയാത്രകളും അവസരങ്ങളും ബാങ്ക് ബാലൻസുകളും മാത്രമല്ല ആത്മീയ ലക്ഷ്യബോധവുമുള്ളതായിരിക്കേണം. നാം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ആവശ്യം ഉള്ള സ്ഥലങ്ങളിലാണ്. കർത്താവേ, കർത്താവെ എന്നു വിളിക്കുന്നവനല്ല കർത്താവിന്റെ ഇഷ്ടം ചെയ്യുന്നവരായി മാറേണം. ഓരോ യാത്രകളുടെ തീരുമാനങ്ങളിലും കർത്താവിന്റെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുക. മഹാനിയോഗം ( Great Commision )ഒരു മഹാ കുടിയേറ്റ (Great migration ) വിളംബരമാണ്. പക്ഷേ സ്വന്തം കാര്യത്തിനുവേണ്ടിയല്ല ഈ യാത്ര ; ഇതൊരു സുവിശേഷവുമായുള്ള ദൗത്യയാത്രയാണ്.
Advertisement