ക്രൈസ്തവ മീഡിയ കാടുകയറുന്നുവോ?
ക്രൈസ്തവ മീഡിയ കാടുകയറുന്നുവോ?
റ്റി.എം. മാത്യു
ഇത് മീഡിയയുടെ യുഗമാണ്. എന്തും ഏതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വര്‍ത്തയായോ വീക്ഷണമായോ ഹാസ്യമായോ നമ്മളില്‍ എത്തിക്കുന്ന കാലം. ആത്മീയ ലോകത്തും ചിലര്‍ക്ക് ദുരുപദേശങ്ങളും അനാത്മീയ ചിന്തകളും വികലമായ വാദഗതികളും നിഷ്കളങ്കരായ ആത്മീയദാഹികളുടെ തലയില്‍ കുത്തിക്കയറ്റാന്‍ ഇത് അവസരമായി എന്നതു ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് തിമോഥെയോസിനു എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നതു (2 തിമൊ. 2:14) മാത്രമേ ഞങ്ങള്‍ക്കും അവരോടു പറയാനുള്ളു. പലതും തുറന്നെഴുതാത്തത് ദൈവനാമത്തിന് അപമാനമാകുമല്ലോ എന്ന ചിന്തകൊണ്ടാണ്.
ദൈവവചന പഠനനിരീക്ഷണങ്ങള്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്താല്‍ ഇന്നു വളരെ ലളിതമായിത്തീര്‍ന്നിരിക്കയാണ്. എന്നാല്‍, ദൈവവചനത്തിനോ അതിന്‍റെ വ്യാഖ്യാനത്തിനോ യാതൊരു മാറ്റവും വന്നിട്ടില്ലെന്നു വചനപ്രസംഗകരും പഠിപ്പിക്കുന്നവരും ഓര്‍ത്തിരിക്കണം. ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്ന അറിവുകള്‍ കൊണ്ട് വേദപുസ്തകവ്യാഖ്യാനം ദൈവസഭകളില്‍ അവതരിപ്പിച്ചാല്‍ അതു നിഷ്കളങ്കവിശ്വാസികളെ വചനത്തില്‍നിന്നു തെറ്റിച്ചുകളയുന്നതിനു മാത്രമേ ഉതകൂ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും അതിന്‍റെ പ്രായോഗികത സൃഷ്ടിക്കുന്ന അബദ്ധങ്ങളെക്കുറിച്ച് ശുശ്രൂഷകരും അധ്യാപകരും വളരെ ശ്രദ്ധിക്കണം. റഫറന്‍സ് ഗ്രന്ഥങ്ങളില്‍ പരതി വ്യാഖ്യാനങ്ങള്‍ തേടുന്നതിനെക്കാള്‍ സുഗമമായി ഇന്ന് വിരല്‍ത്തുമ്പില്‍ വിവരശേഖരണം നടക്കുമെന്നുള്ളതുകൊണ്ട് കിട്ടുന്ന എല്ലാ വിവരങ്ങളും അപ്പാടെ ദൈവജനത്തിനു മുന്നില്‍ വിളമ്പരുത്.
വചനശുശ്രൂഷയുടെ മധ്യേ പലപ്പോഴും ഉദാഹരണങ്ങള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. അതില്‍ ശാസ്ത്രീയമായവയും അന്തര്‍ദേശീയമായവയും കണ്ടേക്കാം. എവിടെനിന്നെങ്കിലും കിട്ടുന്ന ഒരു വിവരം അതേപടി വിശ്വാസികളുടെ മുന്‍പില്‍ അവതരിപ്പിച്ചു കൈയടിവാങ്ങാന്‍ ശ്രമിക്കരുത്.
തികച്ചും തെറ്റായ വിവരണങ്ങള്‍ ഊതിപ്പെരുപ്പിച്ച് വിശ്വാസസമൂഹത്തെ ആകമാനം നാണക്കേടിലേക്കു നയിക്കുന്ന ചിലരെയെങ്കിലും കണ്ടിട്ടുണ്ട്. വാസ്തവമറിയാതെയും ഗൗരവപൂര്‍വം പഠിക്കാതെയും പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചാല്‍ വിദ്യാസമ്പന്നരായ ആളുകള്‍ പ്രസംഗകനു മാര്‍ക്കിടുകയും പുച്ഛിക്കുകയും ചെയ്യും.
പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക വിഷയങ്ങളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ തങ്ങളെക്കാള്‍ വിദ്യാസമ്പന്നരാണു കേള്‍വിക്കാരെന്ന ചിന്ത പ്രസംഗകനുണ്ടാകണം. ദൈവവചനത്തില്‍ അവര്‍ക്ക് അത്ര പാണ്ഡിത്യമുണ്ടാകില്ലെങ്കിലും.
നമ്മുടെ പ്രസംഗങ്ങളും ആശയവിനിമയങ്ങളും കൈയടിനേടാനാകരുത്. പകരം, നമ്മുടെ അറിവുകൊണ്ട് ജനത്തെ നേര്‍വഴിക്കു നയിക്കാനും കര്‍ത്താവിനെ ഉയര്‍ത്താനും പൂര്‍ണമായി ഉപയോഗിക്കുക.
Advertisement