ഇനി നൂറു ദിവസങ്ങള്‍ ബാക്കിയുണ്ട്

ഇനി നൂറു ദിവസങ്ങള്‍ ബാക്കിയുണ്ട്

ഇനി നൂറു ദിവസങ്ങള്‍ ബാക്കിയുണ്ട്


കേരളം ശാന്തതയുടെയും സഹനത്തിന്‍റെയും നാടായിരുന്നു. ഉച്ചനീചത്വങ്ങളും ജാതി വര്‍ണങ്ങളുടെ കളിയും ഇവിടെ ഇല്ലായിരുന്നു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും
ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്നിടമാണ് കേരളം. രാജഭരണകാലത്തുപോലും അതിനു പ്രശംസനേടിയ നാടാണിത്. എന്നാല്‍, ഇന്ന് ഓരോ ദിവസവും മാധ്യമങ്ങളും പത്രങ്ങളും പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍ നമ്മെ ലജ്ജിപ്പിക്കുന്നവയാണ്. തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം, മദ്യത്തിന്‍റെയും ലഹരിമരുന്നിന്‍റെയും അമിതോപയോഗം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, കുഞ്ഞുങ്ങളെ ബലാല്‍സംഗംചെയ്യല്‍ എന്നിങ്ങനെ നമ്മില്‍ അറപ്പുളവാക്കുന്ന എത്രയെത്ര സംഭവങ്ങളാണിന്ന്. 

ചിലതൊക്കെ വിദ്യാഭ്യാസവും വിവരും ഇല്ലാത്തഅതിഥി തൊഴിലാളികളാണ് ചെയ്തുകൂട്ടുന്നതെന്ന് സമാധാനിക്കാമെങ്കിലും നമ്മുടെ ചെറുപ്പക്കാരുടെ സ്വഭാവവും മാറിവരുന്നു എന്ന് ഈ വിഷയത്തില്‍ പഠനം നടത്തുന്നവര്‍ പറയുന്നു. ആധുനികതയുടെ മുഖമുദ്രയായി ഇന്നു വാഴ്ത്തപ്പെടുന്ന പലതും ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാണോ എന്നു സംശയിച്ചേക്കാം. സാഹിത്യം, പരസ്യവാചകങ്ങള്‍ ചിത്രങ്ങള്‍ ഫേസ്ബുക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ മാത്രമല്ല, ദൈനംദിന  സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍പോലും മുന്‍കാലങ്ങളില്‍ പറയാന്‍ മടിക്കുന്നവയായിരുന്നു. എന്നാല്‍, ഇന്ന് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം വ്യക്തിയെയും സമൂഹത്തെയും എത്രമാത്രം വേദനിപ്പിക്കുന്നു എന്നതിന്‍റെ ഉദാഹരണങ്ങളാണു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പലതും. കുറ്റവാസനപെരുകുന്നതും ലൈംഗിക അരാജകത്വവും സമൂഹത്തിന്‍റെ തന്നെ സൃഷ്ടികളാണ്. അത്തരം സംഭവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നമുക്കു ലഭിക്കുന്നത് നവ അത്യന്താധുനികതയുടെ പിന്‍ബലത്തിന്‍റെ കഥകളാണ്.

പൂര്‍വികര്‍ നമുക്കു മാതൃകയാക്കിത്തന്ന ചില നല്ല ശീലങ്ങളുണ്ട്. ക്രൈസ്തവഭവനങ്ങളിലെ സന്ധ്യാപ്രാര്‍ഥന അതിലൊന്നാണ്; അതുപോലെ തന്നെ പ്രഭാതപ്രാര്‍ഥനയും. ഇന്നു പല ഭവനങ്ങളില്‍ നിന്നും അവ അപ്രത്യക്ഷമായിക്കഴിഞ്ഞു. തിരക്കേറിയ ജീവിതചര്യക്കിടയില്‍ മാറ്റിവയ്ക്കാവുന്നത് അതുമാത്രമായി. ഞായറാഴ്ച പള്ളിയിലോ ആരാധനാലയങ്ങളിലോ പോകുന്നവരുടെ എണ്ണവും വിരളമായിക്കഴിഞ്ഞു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യവും ഏറിയാല്‍, ഏതെങ്കിലും വിവാഹത്തിനോ ശവസംസ്കാരത്തിനോ മാത്രമായി അതു ചുരുങ്ങി. സമൂഹത്തിന്‍റെ പരാജയമെന്ന് അതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും അതൊരു യാഥാര്‍ഥ്യമാണ്. അങ്ങനെയിരി
ക്കുമ്പോഴാണ് കോവിഡിന്‍റെ വരവ്. പിന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പറയേണ്ടല്ലോ. കോവിഡിനു മുമ്പും പിമ്പും എന്നൊരു വിഭജനം അക്ഷരാര്‍ഥത്തില്‍ത്തന്നെ നിലവിലുണ്ട്. അത് നമ്മള്‍ ശീലിച്ചുവന്ന നല്ല സമ്പ്രദായങ്ങളെയെല്ലാം പാടേ മറിച്ചു. ലോകത്തെവിടെയും ഈ മാറ്റം പ്രകടമാണ്; വ്യാപാരവ്യവസായ ക്രയവിക്രയങ്ങളില്‍ മാത്രമല്ല, മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ആമാറ്റം വന്നുകഴിഞ്ഞു.

ആരംഭകാലത്തുണ്ടായിരുന്ന ആത്മീയതീക്ഷ്ണതയും സുവിശേഷതാല്‍പര്യവും ഏതാണ്ട് അസ്തമിച്ച മട്ടിലാണു പലേടത്തും. പണ്ടത്തെപ്പോലെ കവലപ്രസംഗം നടത്താനോ
ലഘുലേഖകള്‍ വിതരണംചെയ്യാനോ കഴിയുന്നില്ല എന്നതു മാത്രമല്ല, കണ്‍വന്‍ഷനുകള്‍ക്കുപോലും നിയന്ത്രണമുണ്ട്. കേരളത്തില്‍ പെന്തെക്കോസ്തു പ്രസ്ഥാനത്തിനു ആദ്യകാലവിശുദ്ധിയും വേര്‍പാടും കൈമോശം വന്നുകഴിഞ്ഞെന്നു കരുതുന്നവരുണ്ടെങ്കിലും തീരെ തീര്‍ന്നുപോയിട്ടില്ല എന്നു ആശ്വസിക്കുന്നവരുമുണ്ട്. ഇവിടെയാണു പെന്തെക്കോസ്തുകാരന്‍റെ ജീവിതസാക്ഷ്യത്തിന്‍റെ പ്രസക്തി. കര്‍ത്താവ് പറഞ്ഞു: 'നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു.' ഉപ്പിനു ചെയ്യാന്‍ സാധിക്കുന്നത് ഒന്നേയുള്ളൂ. തന്നിലുള്ള ഉപ്പുരസം അടുത്തിരിക്കുന്നതിലേക്കു പകര്‍ന്നു നല്‍കുക. 

2023-നോട് വിടപറയാന്‍ ശേഷിക്കുന്ന ത് മൂന്നുമാസം മാത്രമാണ്. ഇത് വിചിന്തനത്തിനുള്ള സമയമാണ്. പിന്നിട്ട മാസങ്ങളില്‍ ദൈവത്തിനായി എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞുവോ എന്നത് ഒരോരുത്തരും സ്വയം കണക്കെടുക്കുക. തൃപ്തിയായില്ലെങ്കില്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക. വ്യക്തിബന്ധങ്ങളില്‍ കയ്പ്പു കലര്‍ന്നി ട്ടുണ്ടങ്കില്‍ ദൈവവചന വെളിച്ചത്തില്‍ അതിനു പരിഹാരം തേടുക. ആത്മീയര്‍ക്കു ചേര്‍ന്നവിധം മറക്കുക, പൊറുക്കുക, ക്ഷമിക്കുക. നിരാശപ്പെടണ്ട, ഇനി നൂറു ദിവസങ്ങള്‍ ബാക്കിയുണ്ട്. പ്രാര്‍ഥനയോടെ ഉത്സാഹിക്കുക, കര്‍മനിരതരാകുക. ദൈവദാസന്മാരുടെയും ആത്മീയമായി സഹായിക്കാന്‍ കഴിയുന്നവരുടെയും സഹായം തേടാന്‍ മടിക്കയുമരുത്. 

Advertisement