ഐപിസി എൻആർ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി
ന്യൂഡൽഹി: വിശ്വാസികളിൽ ആത്മീയ ചൈതന്യം പകർന്ന് ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷനു അനുഗ്രഹീത സമാപ്തി. അര നൂറ്റാണ്ടിലേറെയായി നോർത്തിന്ത്യയിലേയും ഭാരതത്തിലെ മറ്റിടങ്ങളിലേയും പെന്തെക്കോസ്തു മുന്നേറ്റത്തിനും സുവിശേഷ വ്യാപനത്തിനും മുൻനിരയിൽ നിലകൊള്ളുന്ന പ്രസ്ഥാനമെന്ന നിലയിൽ ഐപിസി നോർത്തേൺ റീജിയന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
സെപ്റ്റംബർ 13 മുതൽ 15 വരെ ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ. ഡി. എം.സി.കൺവെൻഷൻ സെന്ററിലും ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിലുമായി നടന്ന ആത്മീയസംഗമത്തിൽ അനേകം വിശ്വാസികളും സുവിശേഷ പ്രവർത്തകരും മിഷനറിമാരും പങ്കെടുത്തു.
സഭയുടെ ശുശ്രൂഷക സമ്മേളനവും ഞായറാഴ്ചത്തെ സംയുക്ത ആരാധനയും ശ്രദ്ധേയമായിരുന്നു.
'വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക' (എബ്രായർ 6:12) എന്നുള്ള കൺവൻഷൻ തീമിനെ അടിസ്ഥാനമാക്കിയുള്ള ദൈവവചന പ്രഘോഷണം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ചൈതന്യമുളവാക്കി.
പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ രാജേന്ദ്ര ഡേവിഡ് (രാജസ്ഥാൻ) മുഖ്യ പ്രഭാഷകൻ ആയിരുന്നു. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സിൻ്റെ ഗാനശുശ്രൂഷ ജനത്തെ ശക്തമായ ആരാധനയിലേക്ക് നയിച്ചു.
സെപ്റ്റംബർ 15, ഞായറാഴ്ച രാവിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത ആരാധനയിൽ ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു.
ഐപിസി എൻആർ വൈസ് പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ രാജേന്ദ്ര ഡേവിഡ് , പാസ്റ്റർ ലാജി പോൾ എന്നിവർ പ്രസംഗിച്ചു. അധർമ്മവും, അനീതിയും, മത്സര മനോഭാവവും ഉപേക്ഷിച്ച് ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരണമെന്ന് പാസ്റ്റർ രാജേന്ദ്ര ഡേവിഡ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഐ.പി.സി.എൻ.ആർ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേലിന്റെ പ്രാർത്ഥനയോടെ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനുഗ്രഹീത യോഗങ്ങൾക്ക് സമാപനമായി.