ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല സെക്രട്ടറിയായി പാസ്റ്റർ ജോസ് വർഗീസ്
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൺഡേസ്കൂൾസ് അസോസിയേഷൻ കുമ്പനാട് മേഖല സെക്രട്ടറിയായി പാസ്റ്റർ ജോസ് വർഗീസും (കുമ്പനാട്) ജോയിൻ്റ് സെക്രട്ടറിയായി പാസ്റ്റർ ജിജി മാമൂട്ടിലും (മല്ലപ്പള്ളി) തിരഞ്ഞെടുക്കപ്പെട്ടു. ഐപിസിയുടെ കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പുന്നവേലി, പന്തളം, ചാലാപ്പള്ളി, കറുകച്ചാൽ, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുട്ടനാട് എന്നീ സെൻ്ററുകൾ ഉൾപ്പെട്ടതാണ് കുമ്പനാട് മേഖല. പി.പി.ജോൺ സാറിൻ്റെ വിയോഗത്തെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മേഖല ജോയിൻ്റ് സെക്രട്ടറിയായിരുന്നു പാസ്റ്റർ ജോസ് വർഗീസ്. കുമ്പനാട് സെൻ്റർ സൺഡേസ്കൂൾ സെക്രട്ടറിയാണ്. മേഖല കമ്മറ്റിയംഗമായിരുന്ന പാസ്റ്റർ ജിജി മാമൂട്ടിൽ മല്ലപ്പള്ളി സെൻ്റർ സൺഡേസ്കൂൾ സെക്രട്ടറിയും സ്റ്റേറ്റ് കമ്മറ്റി അംഗവുമാണ്. അനുമോദനയോഗത്തിൽ മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം പി.ജോൺ, ട്രഷറർ വി.സി.ബാബു, താലന്തു കൺവീനർ പാസ്റ്റർ സന്തോഷ് ഡേവിഡ്, കമ്മറ്റിയംഗം പാസ്റ്റർ കെ.ജെ.ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു. മേഖല വിരുത് പരീക്ഷ കുമ്പനാട് ഐബിസി ഹാളിൽ നടന്നു. വാർഷിക സമ്മേളനവും സമ്മാനദാനവും ഫെബ്രുവരി 9ന് 3.30ന് ഹെബ്രോൻപുരത്ത് നടക്കുമെന്ന് സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസ് അറിയിച്ചു.