അഭിഷിക്തന് വിട!
അഭിഷിക്തന് വിട!
പാസ്റ്റര്‍ ബാബു ചെറിയാന്‍ അനുസ്മരിക്കുന്നു
ദര്‍ശനം, വിശ്വാസം, പ്രാര്‍ഥന, പരിശുദ്ധാത്മാവ് ഇതാണ് പാസ്റ്റര്‍ കെ.എം.ജെയുടെ ജീവിതത്തിന്‍റെ ആകെത്തുക. കോട്ടയം വടവാതൂരില്‍ നിന്ന് പെരുമ്പാവൂരിലേക്കുള്ള കുടിയേറ്റം ഒരു ദര്‍ശനത്തിന്‍റെ യാത്രയായിരുന്നു. വടവാതൂര്‍ ഐപിസി ചര്‍ച്ചില്‍ പി.എം. ഫിലിപ്പുസാറിന്‍റെ കൂടെ ദീര്‍ഘവര്‍ഷം പ്രവര്‍ത്തിച്ച ദൈവദാസന്‍ അവിടെ നിന്നു മാറേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നു.
വടവാതൂര്‍ ചര്‍ച്ചിന്‍റെ പണി മനോഹരമായി പൂര്‍ത്തീകരിച്ചതില്‍ തന്‍റെയും കുടുംബത്തിന്‍റെയും സംഭാവന അതുല്യമാണ്. എല്ലാം കൊണ്ടും കംഫര്‍ട്ട് സോണില്‍ ഇരിക്കുംകാലമാണ് മക്കദോന്യ വിളി ഉണ്ടാകുന്നത്. സ്വര്‍ഗീയദര്‍ശനത്തിന് അനുസരണക്കേടു കാണിക്കാത്ത ഈ അപ്പൊസ്തലന്‍ തികച്ചും ശൂന്യമായ പെരുമ്പാവൂരില്‍ എത്തുന്നു. കൂട്ടിനും കൂട്ടായ്മയ്ക്കും ആരുമില്ലാതെ പോഞ്ഞാശേരിയില്‍ ഒരു ചെറിയ ബൈബിള്‍ സ്കൂള്‍ ആരംഭിക്കുന്നു. എന്നെപ്പോലുള്ള ആനേകം ചെറുപ്പക്കാര്‍ ആ കാലങ്ങളില്‍ അവിടെ വന്നു ദര്‍ശനം ഏറ്റുവാങ്ങി.
കേവലം ആറു സഭകള്‍ അടങ്ങുന്ന വാളകം സെന്‍റര്‍ കേരളാസ്റ്റേറ്റ് കൗണ്‍സിലിന്‍റെ നിര്‍ദ്ദേശപ്രകാരം ഉണ്ണിച്ചായന്‍ ഏറ്റെടുക്കുമ്പോള്‍ പാസ്റ്റര്‍ സി.കെ. ഡാനിയേല്‍ ആയിരുന്നു കേരളത്തിന്‍റെ പ്രസിഡന്‍റ്. സി.കെ. അപ്പച്ചനും ഉണ്ണിച്ചായനും അടുത്ത സ്നേഹബന്ധം ആയിരുന്നു. പിന്നീട് സഭയുടെ നേതൃസ്ഥാനങ്ങളിലേക്ക് വരുവാന്‍ ദൈവം ഇടയാക്കി. ഇന്നത്തെ സഭാഅന്തരീക്ഷമോ, തിരഞ്ഞെടുപ്പ് രീതികളോ അന്നില്ലായിരുന്നു. സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയോ, സ്വന്തം കഴിവുകള്‍ വാരിക്കോരി പറയുകയോ, മോഹനവാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്യാതെ അദ്ദേഹം അനേകം വര്‍ഷങ്ങള്‍ ഐപിസി എന്ന മഹത്തായ കൂട്ടായ്മയെ നയിച്ചു.
ഇക്കാലങ്ങളില്‍ വാളകം സെന്‍റര്‍ അത്ഭുതകരമായി വളര്‍ന്നു. ആറുസഭകള്‍ 30, 60, 100 എന്നിങ്ങനെ വളരാന്‍ തുടങ്ങി. ഇന്ന് വാളകം, പെരുമ്പാവൂര്‍, നേര്യമംഗലം ഇങ്ങനെ 120-ഓളം സഭകളായി വളര്‍ന്നു. ഒരു വാടകവീടും ഉത്സാഹമുള്ള ഒരു പ്രവര്‍ത്തകനും ഉണ്ടെങ്കില്‍ ഈ അപ്പൊസ്തലന്‍ അവിടെ ഒരു സഭ കണ്ടെത്തും. ആയിരം കുടുംബങ്ങള്‍ വാളകം സെന്‍ററിനു എന്ന് എഴുതിവച്ച ബോര്‍ഡ് ഇപ്പോഴും ആ പ്രാര്‍ഥനാമുറിയില്‍ ഇരിപ്പുണ്ട്.
രണ്ടുവര്‍ഷം മുമ്പ് മക്കളെ കാണാനും അവരോടൊപ്പം വിശ്രമകാലം ചെലവഴിക്കാനുമായി അമേരിക്കയിലേക്കു പോയി. എന്നാല്‍, ചുരുങ്ങിയ സമയംകൊണ്ട് തന്നെ അമേരിക്കന്‍ സുഖവാസം മടുത്തു. ദീര്‍ഘവര്‍ഷം അധ്വാനിച്ചുനേടിയ അജഗണത്തിന്‍റെ നടുവിലെത്തുവാന്‍ താന്‍ വെമ്പല്‍ കൊണ്ടു. ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഞങ്ങള്‍ ആ കാര്യം പങ്കുവെക്കുമായിരുന്നു. ഒടുവിലത്തെ നാളുകളില്‍ തന്‍റെ പ്രിയ മകള്‍ യോവീസും ജിജിയും കൂടി പിതാവിന്‍റെ ആഗ്രഹം സാധിപ്പിച്ചു.
നാട്ടില്‍ വന്നു. അത്യാവശ്യമായി താന്‍ കാണാന്‍ ആഗ്രഹിച്ചവരെയെല്ലാം കണ്ടു. സമയം ചെലവഴിച്ചു. സന്തോഷിച്ചു. വിടവാങ്ങി. ഒടുവിലായി രാജഗിരി ആശുപത്രിയുടെ ഐസിയുവില്‍ കയറി എന്‍റെ പ്രിയങ്കരനായ അധ്യാപകന്‍റെ കൈപിടിച്ച് പ്രാര്‍ഥിക്കുമ്പോള്‍, പുറത്ത് പെരുമ്പാവൂര്‍ സെന്‍റര്‍ പാസ്റ്റര്‍ എം.എ. തോമസും ഉണ്ടായിരുന്നു. വളര്‍ത്തു മകന്‍ എന്നു വിളിക്കാവുന്ന ജോര്‍ജിന്‍റെ സാന്നിധ്യം സജീവമായിരുന്നു.
ആത്മാക്കളെ നേടിയ, സഭകള്‍ സ്ഥാപിച്ച, സഭയെ സ്നേഹിച്ച, സ്വന്തം മക്കളെക്കാളധികം ശിഷ്യരെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച, വളര്‍ത്തിയ, അസൂയ ഇല്ലാത്ത, നുണ പറയാന്‍ അറിയാത്ത, അഭിനയിക്കാന്‍ അറിയാത്ത, അഭിഷിക്തന് വിട!
ഇനി ആര്?