നവിമുംബൈ ഡിസ്ട്രിക്ട് YPE യുവജന കൂട്ടായ്മയും സംയുക്ത ആരാധനയും ശ്രദ്ധേയമായി

നവിമുംബൈ ഡിസ്ട്രിക്ട് YPE യുവജന കൂട്ടായ്മയും സംയുക്ത ആരാധനയും ശ്രദ്ധേയമായി
ad
ad
ad

നവി മുംബൈ:  ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ നവി മുംബൈ ഡിസ്ട്രിക്ട് യുവജന വിഭാഗമായ YPEയുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മയും സംയുക്ത ആരാധനയും ഓഗസ്റ്റ് 2-ന് നെറുൾ ദൈവസഭയിൽ വച്ച് അനുഗ്രഹീതമായി നടന്നു. റീജണൽ YPE ഡയറക്ടർ പാസ്റ്റർ ഷിഞ്ചു തോമസ് മുഖ്യാതിഥിയായും മുഖ്യപ്രഭാഷകനായും പങ്കെടുത്തു.

ഡിസ്ട്രിക്ട് YPE പ്രസിഡന്റ് പാസ്റ്റർ ജിക്സൺ ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാസ്റ്റർ കുഞ്ഞുമോൻ ജോസഫിന്റെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ഡിസ്ട്രിക്ട് സെക്രട്ടറി ജെറിൻ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നെറുൾ ചർച്ച് യൂത്ത് ക്വയർ ഗാനശുശ്രൂഷ നയിച്ചു. ഐസ് ബ്രേക്കിംഗ് സെഷനുകൾക്ക് സിസ്റ്റർ ശ്രുതി പ്രിൻസ്, സിസ്റ്റർ മെറിൻ എന്നിവരും, പ്രത്യേക പ്രാർത്ഥനകൾക്ക് സഹോദരൻ സുധീർ ഡാങ്കി, സഹോദരൻ ബിബിൻ കെ. എന്നിവരും നേതൃത്വം നൽകി.

ദൈവവചനം ഹൃദയത്തിൽ വസിക്കുന്ന യുവാക്കൾ ആത്മികമായി ശക്തരാകുകയും ദുഷ്ടനെ ജയിക്കുന്നവരായി വിജയം വരിക്കുകയും ചെയ്യുമെന്ന് 1 യോഹന്നാൻ 2:14-നെ ആസ്പദമാക്കി അധ്യക്ഷ പ്രസംഗത്തിൽ പാസ്റ്റർ ജിക്സൺ ജെയിംസ് പ്രസ്താവിച്ചു. 1 യോഹന്നാൻ 1:1–2 ഭാഗങ്ങളെ അടിസ്ഥാനമാക്കി മുഖ്യസന്ദേശം നൽകിയ പാസ്റ്റർ ഷിഞ്ചു തോമസ്, പുതിയ തലമുറയിലെ യുവാക്കൾ ദൈവസാന്നിധ്യം വ്യക്തിപരമായി അനുഭവിച്ചറിയണമെന്നും ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി ലോകത്തിൽ പ്രകാശിക്കണമെന്നും ആഹ്വാനം ചെയ്തു.

ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളിൽ ക്രിസ്തീയ യുവജന കൂട്ടായ്മകളുടെ അനിവാര്യതയെക്കുറിച്ച് സംസാരിച്ച ഡിസ്ട്രിക്ട് പാസ്റ്റർ മാത്യൂ ശമുവേൽ, യുവജനങ്ങൾ സഭയോടും ദൈവവചനത്തോടും കൂടുതൽ പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പാസ്റ്റർ ബിനോസ് ബേബിയുടെ സമാപന പ്രാർത്ഥനയോടെയാണ് യോഗം സമാപിച്ചത്.

നവി മുംബൈ ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ നിന്നുള്ള ധാരാളം യുവതി-യുവാക്കളും ദൈവദാസന്മാരും ഈ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കും ഐക്യത്തിനും പുതിയ ഉണർവ് പകരാൻ ഈ സംഗമത്തിന് സാധിച്ചതായി സംഘാടകർ വ്യക്തമാക്കി.