സാമൂഹിക നവോത്ഥാനത്തിൽ ക്രൈസ്തവ സംഘടനകളുടെ പങ്ക് ശ്ലാഘനീയം: റവ. ജോയ് പുന്നൂസ്
വാർത്ത : പാസ്റ്റർ കെ.എസ്. സാമുവേൽ
നവാപൂർ: ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ 44-ാമത് ജനറൽ കൺവെൻഷനു തുടക്കമായി. കൺവെൻഷനു വേണ്ടി പുതുതായി വാങ്ങിയ വിശാലമായ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ സഭയുടെ അന്തർദേശീയ പ്രസിഡണ്ട് റവ. ജോയ് പുന്നൂസ് ഉത്ഘാടനം നിർവഹിച്ചു. സാമൂഹിക നവോത്ഥാനത്തിൽ ക്രൈസ്തവ സംഘടനകളുടെ പങ്ക് ശ്ലാഘനീയമാണെന്നും, മിഷനറിമാരുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടേണ്ടാതാണെന്നും അദ്ദേഹം പറഞ്ഞു. കൺവൻഷൻ ഗ്രൗണ്ടിന്റെ ഉത്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആരംഭ രാത്രിയിൽ ലുധിയാനയിൽ നിന്നുള്ള പാസ്റ്റർ സലിം ഖാൻ മുഖ്യ പ്രഭാഷണം നടത്തി.
മസീഹി മേള എന്നറിയപ്പെടുന്ന നവായ്പൂർ കൺവൻഷൻ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കൺവെൻഷനുകളിൽ ഒന്നാണ്. നവംബർ 10 നു സമാപിക്കും. ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ 1981 ൽ മഹാരാഷ്ട്ര -ഗുജറാത്ത് അതിർത്തി ഗ്രാമമായ നവപൂരിൽ ആരംഭിച്ച ഈ കൺവെൻഷൻ ഇന്ന് ഉത്തരേന്ത്യയിലെ വലിയ കൺവെൻഷനായി മാറിക്കഴിഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ വാർഷിക കൺവൻഷനായാണ് നവാപൂർ കൺവൻഷൻ ഇപ്പോൾ നടക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വലിയ ആ ഘോഷമായി എത്തുന്ന പതിനായിരക്കണക്കിന് വിശ്വാസ സമൂഹം ഒന്നിച്ച് താമസിച്ച് പങ്കെടുക്കുന്ന ഈ യോഗങ്ങൾ ഉത്സവ സമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ‘മസിഹീ മേള' എന്ന പേരിലാണ് ഉത്തരേന്ത്യൻ വിശ്വാസികൾക്കിടയിൽ ഈ സമ്മേളനം അറിയപ്പെടുന്നത്. റവ ഡോ പോൾ മാത്യൂസ്, റവ ഷാജി എം പോൾ, റവ സലീം ഖാൻ, റവ. സുരാജ് പ്രേമണി, റവ് ഡോ ഫിന്നി ഫിലിപ്പ്, ഡോ ജസ്പിൻ മാലിയിൽ, എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ശനിയാഴ്ച പകൽ യൂത്ത് സമ്മേളനവും ഫലദൽഫിയ ബൈബിൾ കോളജിന്റെ ഗ്രാജുവേഷൻ സർവീസ് സർവീസും നടക്കും.
ഞായറാഴ്ച രാവിലെ ഓർഡിനേഷൻ ശുശ്രൂഷയും തുടർന്ന് ആരാധനയും കർതൃമേശയും ആണ് സമാപന ശുശ്രൂഷ്കൾ. പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യങ്ങൾ, ഭക്ഷണം, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു. സംഘാടകമികവിന്റെയും പ്രാദേശിക സഹകരണത്തിന്റെയും ഫലമായി പതിനായിരങ്ങൾ പങ്കെടുക്കുന്ന കൺവൻഷൻ തികച്ചും മാതൃകാപരമാണ്. നവാപ്പൂരിൽ സഭയ്ക്ക് സ്വന്തമായി ആശുപത്രിയും ഇതര സംവിധാനങ്ങളുമുണ്ട്
Advertisement