കുഞ്ഞാപ്പിച്ചായനും കൂടണഞ്ഞു
കുഞ്ഞാപ്പിച്ചായനും കൂടണഞ്ഞു
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ടി.എ. ചെറിയാനെ റവ. ജോർജ് മാത്യു പുതുപ്പള്ളി അനുസ്മരിക്കുന്നു
അങ്ങനെ പ്രിയ കുഞ്ഞാപ്പിച്ചായനും കർതൃ സവിധെയെത്തി. 2025 ന്റെ പുതുപ്പിറവിയിൽ ഞാൻ ആദ്യമായി കേട്ട ദുഃഖവാർത്തയാണിത്. മാനുഷികമായി വേദന തോന്നുന്നെങ്കിലും സ്വർഗത്തിന് ഇതൊരു സന്തോഷവാർത്തയാണ്. ഐപിസി സഭയിലെ സീനിയർ ശുശ്രൂഷകനും തൊണ്ണൂറ്റിയാറ് വയസുകാരനുമായ പാസ്റ്റർ ടി എ ചെറിയാൻ (കുഞ്ഞാപ്പിച്ചായൻ) എനിക്കു പിതൃതുല്യനായിരുന്നു. ഐപിസിയിലെ ഒന്നാം തലമുറയിൽ അവശേഷിച്ചിരുന്ന കണ്ണികളിലെ ഭക്തകേസരികളിൽ പ്രമുഖനായിരുന്നു അദ്ദേഹം.
ഞാൻ വിശ്വാസമാർഗത്തിൽ വന്നതിനുശേഷം ഏറ്റവും കൂടുതൽ പ്രസംഗിച്ചിട്ടുള്ള ഐപിസി സെന്ററുകളിൽ ഒന്നായിരുന്നു അദ്ദേഹം സെന്റർ പാസ്റ്ററായിരുന്ന കറുകച്ചാൽ സെന്റർ. ആ സെന്ററിൽ ഉൾപ്പെട്ടിരുന്ന മിക്ക സഭകളിലും മിക്ക വർഷങ്ങളിലും എന്നെ ക്ഷണിച്ച് കൺവൻഷനുകളിൽ പ്രസംഗിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഇളയമകനാകാൻ പോലും പ്രായമില്ലാത്ത എന്നോട് എക്കാലവും വാത്സല്യം തുളുമ്പുന്ന പിതൃസഹജമായ സ്നേഹമാണ് അദ്ദേഹം കാട്ടിയിരുന്നത്.
വൈദികമേഖലയിൽ നിന്നു വന്നതിനാലാകാം ഏറെ ആദരവോടും വാത്സല്യത്തോടുമാണ് അദ്ദേഹം എക്കാലവും എന്നോടു പെരുമാറിയിരുന്നത്. ഞാൻ അർഹിക്കുന്നതിലുമേറെ അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാല്യത്തിൽത്തന്നെ പിതാവ് നഷ്ടമായ എന്റെ ഹൃദയത്തിൽ ഒരു ആത്മീയപിതാവായി ഞാൻ അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.
ഇതുപോലെ എന്നെ സ്നേഹിച്ചിരുന്ന ഭക്തപുരുഷനായിരുന്നു പ്രിയ എം. വി. വർഗീസ് അപ്പച്ചനും. ഐപിസി സഭക്കാരനല്ലാത്ത എന്നെ എന്തു കൊണ്ടാണ് ഇവർ ഇത്രയേറെ സ്നേഹിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
കുഞ്ഞാപ്പിച്ചായനെക്കുറിച്ചുള്ള നിരവധി ഊഷ്മളസ്മരണകൾ എന്റെ സ്മൃതിപഥത്തിൽ ഉയരുന്നുണ്ടെങ്കിലും തൽക്കാലം ഒരെണ്ണംമാത്രം പരാമർശിക്കട്ടെ. രണ്ടര പതിറ്റാണ്ട് പഴക്കമുണ്ട് പറയുവാൻ പോകുന്ന സംഭവത്തിന്. കുഞ്ഞാപ്പിച്ചായന്റെ കീഴിലുള്ള ഒരു സഭയുടെ കൺവൻഷൻ മല്ലപ്പള്ളിക്കടുത്ത് നടക്കുന്നു. ഒരു ദിവസത്തെ രാത്രിപ്രസംഗകനായി എന്നെയാണ് ക്ഷണിച്ചിരുന്നത്.
കേരളം മുഴുവൻ ഞാൻ മോട്ടോർബൈക്കിൽ പറന്നു നടന്ന് പ്രസംഗിക്കുന്ന സമയം. മിക്ക ആഴ്ചകളിലും മൂന്നും നാലും കൺവൻഷനുകൾ ആ കാലഘട്ടത്തിൽ എനിക്കുണ്ടായിരുന്നു. അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവർത്തികളുമൊന്നും അന്നും ഇന്നും എന്റെ പ്രസംഗങ്ങളിൽ നടക്കാറില്ല. വൈദികപശ്ചാത്തല ശൈലിയിൽ അനുഭവങ്ങളും ദൈവവചനവും പ്രസംഗിച്ച് ശാന്തമായി മുന്നോട്ടു പോകുന്നതാണ് എക്കാലവും എന്റെ പ്രസംഗശൈലി.
അതിനാൽ കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതവിസ്‌ഫോടനങ്ങളൊന്നും എന്റെ പ്രസംഗങ്ങളിൽ കാണുകയില്ല. ജനങ്ങളെ ഇളക്കിമറിക്കാനുള്ള സൂത്രവിദ്യകളൊന്നും അന്നും ഇന്നും ഞാൻ പ്രയോഗിക്കാറില്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന നവീനോപദേശങ്ങളും ദുരുപദേശങ്ങളും പ്രസംഗത്തിൽ കൂട്ടിച്ചേർക്കാറുമില്ല. എന്റെ പഴയ വൈദികശൈലിയിൽ നിന്നുകൊണ്ടുമാത്രം പ്രസംഗിക്കുന്ന രീതിയാണ് ഇന്നും ഞാൻ പിന്തുടരുന്നത്.
അങ്ങനെയിരിക്കുമ്പോഴാണ് അന്നത്തെ എന്റെ പ്രസംഗത്തിൽ അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സംഭവം അരങ്ങേറിയത്. അന്നത്തെ കൺവൻഷൻ ലീഡ് ചെയ്തത് പ്രിയ കുഞ്ഞാപ്പിച്ചായനായിരുന്നു. ധാരാളം ജനങ്ങൾ കൂടി വന്ന ഒരു കൺവൻഷനായിരുന്നു അത്. നിരവധി പാസ്റ്റേഴ്സ് വേദിയിൽ ഉണ്ടായിരുന്നു. എന്റെ പ്രസംഗം പകുതിയായപ്പോൾ മുൻവശത്തിരുന്ന ഒരു അക്രൈസ്തവ സ്ത്രീയിൽ ഭൂതം ഇളകി. അവർ സർപ്പം പത്തിവിടർത്തി ആടുന്നതുപോലെ ഇളകിയാടാൻ തുടങ്ങി. അതിനുശേഷം അലർച്ചയോടെ നിലത്തുകൂടി ഇഴഞ്ഞു.
സാധാരണക്കാരിയായ അവരുടെ അപൂർവമായ 'മെയ് വഴക്കം' (flexibility) അക്ഷരാർത്ഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. അവർ നാവ് പരമാവധി വെളിയിലേക്കു നീട്ടി ഭ്രാന്തമായ ശബ്ദത്തിൽ അലറുവാൻ തുടങ്ങി. ഒരു സ്ത്രീയുടെ നാവിന് ഇത്രമാത്രം നീളമുണ്ടെന്ന് ഞാൻ ആദ്യമായി തിരിച്ചറിയുന്നത് അവരുടെ നാവ് കണ്ടപ്പോഴാണ്. തികച്ചും പൈശാചികമായ ബാഹ്യരൂപം പ്രദർശിപ്പിച്ചുകൊണ്ടുള്ള അവരുടെ പ്രകടനം വാസ്തവത്തിൽ എന്നെ ഭയപ്പെടുത്തി. കാരണം എന്റെ വൈദികജീവിതത്തിൽ അത്രയും ഭീകരവും ഭീഭത്സവുമായ ഒരു കാഴ്ച അതിനുമുമ്പ് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
ഞാൻ ഭയപ്പെടുന്നുവെന്ന് മനസിലാക്കിയ കുഞ്ഞാപ്പിച്ചായൻ ചാടിയെണീറ്റ് ദൈവാത്മാവിൽ എന്നെ ധൈര്യപ്പെടുത്തി. അദ്ദേഹത്തിന്റെ അതിശക്തമായ വാക്കുകൾ എന്നെ മനസിനെ ബലപ്പെടുത്തി. പിന്നീട് വേദിയിൽ ഉണ്ടായിരുന്ന എല്ലാ ദൈവദാസന്മാരെയും അദ്ദേഹം എഴുന്നേൽപ്പിച്ചു നിർത്തി. അതിനു ശേഷം എല്ലാവരും കൂടി ചേർന്ന് അത്യുച്ചത്തിൽ ആ സ്ത്രീയുടെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ട ഭൂതാത്മാവിനെ യേശുവിന്റെ നാമത്തിൽ ശാസിച്ചു. വലിയൊരു അലർച്ചയോടെ ഭൂതം അവരിൽനിന്നു വിട്ടുപോയി. വെട്ടിയിട്ട വാഴപോലെ അവർ നിലത്തുവീണു.
കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിയ കച്ചി കൂട്ടിയിട്ടിരുന്ന പാടശേഖരങ്ങൾക്കു സമീപമായിരുന്നു കൺവൻഷൻ പന്തൽ തയാറാക്കിയിരുന്നത്. ഭൂതാത്മാക്കൾ ആ സ്ത്രീയിൽ നിന്നു വിട്ടുപോയ അതേ സമയത്തു തന്നെ ആ കച്ചിക്കൂനയ്ക്കു എങ്ങനെയോ തീ പിടിച്ച് ആളിക്കത്തിയത് എനിക്കും വിശദീകരിക്കാൻ കഴിയാത്ത ഒരു ദുരൂഹതയായി തോന്നി. അതിന്റെ മാർമികരഹസ്യവും വിശുദ്ധ ബൈബിൾ അടിസ്ഥാനത്തിൽ എനിക്കു പറഞ്ഞു തന്നത് കുഞ്ഞാപ്പിച്ചായനായിരുന്നു.
മൂന്നു പതിറ്റാണ്ട് നീണ്ട എന്റെ സുവിശേഷ പ്രസംഗ ജീവിതത്തിൽ ഞാൻ ആദ്യമായും അവസാനമായും കണ്ട ഒരേ ഒരു പൈശാചിക ദൃശ്യമായിരുന്നു അത്. ശരിക്കും ഭയപ്പെട്ടുപോയ എന്നെ അന്നു ധൈര്യപ്പെടുത്തിയത് പ്രിയ കുഞ്ഞാപ്പിച്ചായനായിരുന്നു. ശുശ്രൂഷയിൽ ഇളകുന്ന ഇത്തരം ഭൂതാത്മാക്കളെപ്പറ്റി അദ്ദേഹം വിശുദ്ധ ബൈബിൾ അടിസ്ഥാനത്തിൽ എനിക്കു വിശദമായി പറഞ്ഞു മനസിലാക്കിത്തന്നു.
ഒടുവിൽ ഞാനും സാലിയും അദ്ദേഹത്തെ മല്ലപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചത് 2024 നവംബർ 24 ഞായറാഴ്ചയായിരുന്നു. അദ്ദേഹം ഞങ്ങളെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ഇനിയും കാണാൻ സാധിച്ചില്ലെങ്കിൽ സ്വർഗത്തിൽ വച്ചു കാണാമെന്ന് ഞങ്ങളോട് പറഞ്ഞു. സംഭാഷണവേളയിൽ പണ്ടത്തെ ആ സംഭവം ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചു.
വർഷങ്ങൾ പിന്നിലേക്ക് മനസിനെ പായിച്ചുകൊണ്ട് കുഞ്ഞാപ്പിച്ചായൻ എന്നെ നോക്കി ഹൃദ്യമായി ഒന്നു പുഞ്ചിരിച്ചു. എല്ലാ നാമത്തിലും മേലായ നാമം യേശുവിന്റെ നാമമാണെന്ന് അദ്ദേഹം ആവർത്തിച്ചു (ഫിലിപ്യർ 2 : 9...11). യേശുകർത്താവിന്റെ അത്യന്തശക്തിയാൽ പിശാചിനെ ആട്ടിയോടിക്കാൻ കൃപ ലഭിച്ച വിശുദ്ധനായിരുന്നു കുഞ്ഞാപ്പിച്ചായൻ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ ഞാൻ അതിന്റെ ജീവിക്കുന്ന ദൃക്സാക്ഷിയുമാണ്.
Advertisement