സേതുമാധവൻ പറഞ്ഞ കഥ 

സേതുമാധവൻ പറഞ്ഞ കഥ 

സജി മത്തായി കാതേട്ട്

ച്ചിപൊള്ളുന്ന വെയിലിലാണ് ഞങ്ങൾ ആ വലിയ കോലായിലേക്ക് കയറിച്ചെന്നത്. പഴയ തറവാട്ടുമുറ്റം. തൊടി നിറയെ മാവും കമുകും തെങ്ങും തിങ്ങി നിൽക്കുന്നു.
ഉച്ചസമയത്തും ഇരുൾമനിറഞ്ഞ തണുത്തൊരിടം. കണ്ണിൽ പച്ചപ്പും മനസ്സിൽ കുളിർമയും തരുന്നൊരിടം. ആ നടവരാന്തയിൽ നിന്നുകൊണ്ട് ട്രാക്റ്റ് കൈവരിയിൽ വയ്ക്കാനൊരുങ്ങിയപ്പോഴാണ് അകത്തു നിന്നൊരു ആളനക്കം. നന്നെ വെളുത്തു മെലിഞ്ഞൊരു മധ്യവയസ്‌ക ഞങ്ങളെ നോക്കി പുഞ്ചിരി തൂകി. ഞങ്ങൾ ആ വരാന്തയിൽ തന്നെ നിന്നുകൊണ്ട് അവരോട് സുവിശേഷം പങ്കിട്ടു. 

ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടശേഷം ക്ഷീണം ഉണ്ടെന്നും മറ്റാരും ഇവിടെയില്ലെന്നും പറഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇനി നിൽക്കണ്ട എന്നതിന്റെ സൂചനയാണതെന്ന്. ഞങ്ങൾ പരസ്പ്‌പരം നോക്കി. 'പോകാം അല്ലേ...?' എല്ലാവരും തല കുലുക്കി. ഞങ്ങൾ മുറ്റത്തേക്കിറങ്ങിയതും മലർക്കെ തുറന്നു കിടന്ന ആ ഇരുമ്പു ഗെയ്‌റ്റും കടന്നൊരു പോലീസ് ജീപ്പ്. ഡ്രൈവിംഗ് സീറ്റിൽ നിന്നും അയാൾ ചാടിയിറങ്ങി. ഇവിടെന്തു കാര്യമെന്ന മട്ടിൽ രൂക്ഷമായൊരു നോട്ടം. പന്തികേടായല്ലോ എന്നു മനസുവെമ്പി.

ഞങ്ങൾ സുവിശേഷപ്രവർത്തകർ ആണെന്നും എല്ലാ വീടുകളിലും ഈ ലഘുലേഖ കൊടുക്കുകയാണെന്നും ഞാൻ പറഞ്ഞു. വീട്ടിനുള്ളിൽ കയറി വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗൗരവം വിടാതെയുള്ള ആ സ്വരത്തിൽ ഞങ്ങൾ സന്ദേഹിച്ചു. 

ധൈര്യസമേതം ഞങ്ങൾ അകത്തേക്കു കയറി, തലയിൽ നിന്നും തൊപ്പിയൂരി മേശപ്പുറത്ത് വച്ചിട്ട് ആ പോലീസ് എസ്ഐ എൻ്റെ രണ്ടു കരങ്ങളും ചേർത്തുപിടിച്ച് വിങ്ങിപ്പൊട്ടി. അതൊരു കരച്ചിലായി. എന്താണെന്നറിയാതെ നിൽക്കുമ്പോൾ അതാ ഞങ്ങളുടെ കാൽക്കൽ അയാൾ മുട്ടുകുത്തി എന്റെ തലയിൽ കൈവെച്ച് പ്രാർഥിക്കണമെന്നും ഇന്ന് വൈകിട്ട് ഇവളെ ആർ.സി.സി. യി‌ലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞു.

നിങ്ങളുടെ പ്രാർഥനയാൽ യേശുദേവൻ സൗഖ്യമാക്കും എന്നും അയാൾ തേങ്ങി തേങ്ങി പറഞ്ഞു. ഞങ്ങൾ ആ തലയിൽ കൈവെച്ചു പ്രാർഥിച്ചിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു ഞങ്ങൾ യേശുദേവനിൽ വിശ്വസിക്കുന്നുവെന്ന്. ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുവിശേഷപ്രചരണത്തിനായി എത്തിയ ആ ദിവസം ഒരിക്കലും മറക്കാനാവില്ല.

കോട്ടയ്ക്കൽ ഐപിസി സഭയിൽ ആയിരിക്കുന്ന പാസ്റ്റർ സേതുമാധവൻ എന്നോട് പങ്കുവെച്ച ഈ സംഭവകഥ ഞാനും ഒരിക്കലും മറക്കില്ല

Advertisement