ആനയുടെ കണ്ണ് കുരുടാക്കിയ കുറുമാട്ടിയമ്മ
അതുല്യ വ്യക്തിത്വം
ആനയുടെ കണ്ണ് കുരുടാക്കിയ കുറുമാട്ടിയമ്മ
തിരുനെല്ലി കാട്ടിലൂടെയുള്ള യാത്ര വളരെ രസകരമാണ്. വയനാട്ടുകാരൻ ആണെങ്കിൽകൂടി കാടിനെ തൊട്ടു, കാട്ടുമൃഗങ്ങളെ കണ്ടുള്ള യാത്ര എപ്പോഴും ആസ്വദിക്കാറുണ്ട്. ഇത്തവണത്തെ യാത്ര തിരുനെല്ലി കോട്ടിയൂർ കോളനിയിലേയ്ക്കായിരുന്നു. വയനാട്ടിലെ ആദിവാസികളിൽ ആദ്യത്തെ പെന്തെക്കോസ്ത് വിശ്വാസിയായ 'കുറുമാട്ടിയമ്മ' യുടെ നാട്ടിലേയ്ക്ക്. 2018ൽ ഈ മാതാവ് ലോകത്തോട് വിടപറഞ്ഞെകിലും അവരുടെ ഓർമകളും, ആ നാടിനു നൽകിയ സംഭാവനകളും, മാതൃക ജീവിതവും പല വേദികളിലും പലരും സ്മരിക്കാറുണ്ട്.
വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായപ്പോൾ ഗുഡ്‌ന്യൂസിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ജനങ്ങളുടെ ആശങ്കകൾ പങ്കുവെയ്ക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഒരു ഏകദിന സമ്മേളനം ചില മാസങ്ങൾക്ക് മുൻപ് നടത്തിയിരുന്നു. ഏറെ ശ്രദ്ധേയവും ജനപങ്കാളിത്വവും ഉണ്ടായിരുന്ന ആ സമ്മേളനത്തിൽ കുറുമാട്ടിയമ്മയുടെ ജീവിതാനുഭവങ്ങളിൽ ചിലത് പങ്കെടുത്തവർ പങ്കുവെച്ചിരുന്നു. ഒന്നലധികം കോളനികൾ മുഴുവൻ നല്ല പാതയിൽ നടത്തിയ കുറുമാട്ടിയമ്മയുടെ ജീവിത കഥകൾ കേട്ട ഗുഡ്‌ന്യൂസ് പബ്ലിഷർ ടി.എം. മാത്യു സാറും, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ടും ആ മാതാവിനെക്കുറിച്ചു പത്രത്തിൽ ഒരു പ്രാവശ്യം കൂടി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും കോട്ടിയൂർ കോളനി സന്ദർശിച്ചത്. യാത്രയിൽ എന്നോടൊപ്പം ഗുഡ്‌ന്യൂസ് പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ ജോബും ഉണ്ടായിരുന്നു.
തെറ്റ്റോഡിൽ നിന്ന് തിരുനെല്ലിയിലേക്ക് തിരിയുന്നിടത്താണ് കുട്ടേട്ടന്‍റെ ചായക്കട. ലോകപ്രസിദ്ധമായ ഉണ്ണിയപ്പക്കട. ദൃശ്യമാധ്യമങ്ങളിലൂടെ പത്രത്താളുകളിലും കൂടെ പലരും അറിഞ്ഞ വളരെ സ്വാദേറിയ ഉണ്ണിയപ്പം. ഈ കടയിൽ നിന്നും കട്ടൻ ചായയും ഉണ്ണിയപ്പവും കഴിച്ച് കാട്ടിലൂടെ വണ്ടിയോടിച്ചു. പോകുന്ന വഴിയിൽ ഇരുവശവും മുളങ്കാടുകളും വയനാടൻ കാടിന്റെ ആഴവുമുണ്ട്. ഇടയ്ക്കിടയ്ക്ക് മ്ലാവുകളും കുരങ്ങുകളും കാടിന്റെ അരികുകളിൽ അവയുടെ ഭക്ഷണം ആസ്വദിച്ച് നിൽക്കുന്നതും കാണാമായിരുന്നു. കണ്ടാൽ തന്നെ ഭയം തോന്നുന്ന കാട്ടു പോത്തുകൾ കൂട്ടത്തോടെ വഴിയരികിൽ നിൽക്കുന്നത് പതിവായിരുന്നു, എന്നാൽ ഇത്തവണ കണ്ടില്ല. പതിവ് കാഴ്ചയിരുന്ന ആനകളുടെ സ്വൈര്യ വിഹാരത്തിനും ഇത്തവണ സാക്ഷ്യം വഹിച്ചില്ല.
കുട്ടേട്ടന്‍റെ ചായക്കട
കോട്ടിയൂർ കോളനിയിലേക്ക് ഇപ്പോൾ വാഹനം പോകുന്ന കോൺഗ്രീറ് റോഡുണ്ട്. അവിടുത്തെ മിക്ക കുടുംബങ്ങളും ട്രൈബൽ മിഷൻ സഭയിലെ വിശ്വാസികളാണ്. ഞങ്ങൾ ചെല്ലുമ്പോൾ കുറുമാട്ടി അമ്മച്ചിയുടെ മൂന്ന് പെൺമക്കളും കുടുംബാഗങ്ങളും അവിടെ ഉണ്ടായിരുന്നു. അമ്മച്ചിയ്ക്ക് 8 മക്കളാണ് ഉള്ളത്. നാല് ആണ്മക്കളും, നാല് പെൺമക്കളും. അവരിൽ പലരും വിവിധ സ്ഥലങ്ങളിൽ സുവിശേഷ പ്രവർത്തനത്തിൽ വ്യാപൃതരാണ്. കൊച്ചുമക്കളിൽ പലരും ബൈബിൾ ട്രാൻസ് ലേഷൻ ഉൾപ്പെടയുള്ള സുവിശേഷ പ്രവർത്തനത്തിൽ സജീവമാണ്. നല്ല ഇളം കാറ്റുലഭിക്കുന്നതിനായി കസേരകൾ മുറ്റത്തിട്ട് ഞങ്ങൾ ഇരുന്നു. അമ്മച്ചിയുടെ കുടുംബവുമായി മുൻപരിചയമുണ്ടായിരുന്ന പാസ്റ്റർ കെ.ജെ ജോബുമായി പഴയ ഓർമ്മകൾ അവർ പങ്കിട്ടു.
ട്രൈബൽ മിഷൻ മിഷനറിമാർ നാല്പത്തിമൂന്ന് വർഷം (1980) മുമ്പാണ് വനത്തിൻ നടുവിലുള്ള ഈ കോളനിയിൽ എത്തുന്നത്. കുറുമാട്ടി അമ്മച്ചി തനിയ്ക്ക് ലഭിച്ച ഒരു രോഗ സൗഖ്യത്തിലൂടെയാണ് ക്രിസ്തുവിനെ അക്കാലത്തു കണ്ടുമുട്ടുന്നത്. അതിനെകുറിച്ച് മക്കളുടെ വാക്കുകൾ ഇപ്രകാരമായിരുന്നു "അമ്മ (കുറുമാട്ടിയമ്മ) ദീർഘനാളായി രോഗത്താൽ കിടപ്പിലായിരുന്നു. നാട്ടു വൈദ്യവും, മന്ത്രവാദവും, എല്ലാം പരീക്ഷിച്ചിട്ടും ഒരു ഭേദവും വരാതെ വളരെ അത്യാസന്ന നിലയിൽ കിടക്കുകയായിരുന്നു. മിഷനറിമാർ വന്നു വിഷമത്തിലിരിക്കുന്ന ഞങ്ങളോട് പറഞ്ഞു "ജീവനുള്ള ദൈവമായ യേശു ക്രിസ്‌തുവിനു നിങ്ങളുടെ അമ്മയെ സൗഖ്യമാക്കുവാൻ കഴിയും". ഈ വാക്കുകൾ ഞങ്ങൾക്ക് പ്രതീക്ഷ നൽകി. മിഷനറിമാർ അമ്മയുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചു. ഒരു ഗ്ലാസ് വെള്ളം അമ്മയ്ക്കു കൊടുത്തിട്ടു പറഞ്ഞു യേശു കർത്താവു സൗഖ്യമാക്കും, അടുത്ത ഞായറാഴ്‌ച ആരാധനയ്ക്കു വരണം. ഞങ്ങളെ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടു യേശു കർത്താവു "കുറുമ്മാട്ടിയമ്മ" എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളുടെ അമ്മയ്ക്കു സൗഖ്യം നൽകി. അവർ എഴുന്നേറ്റു നടന്നു അത് ആ ഗ്രാമത്തിൽ വലിയ അത്ഭുതമായി മാറി. ജീവനുള്ള ദൈവത്തെ അറിയുവാനും കർത്താവിനെ സ്വന്തം രക്ഷകനും കർത്താവുമായി സ്വീകരിക്കുവാനും അമ്മയ്ക്ക് സാധിച്ചു. അടുത്ത ഞായറാഴ്‌ച ആരാധനയ്ക്കു പോയി". ഇതോടെ കുറുമാട്ടി അമ്മ ച്ചിലൂടെയും കോളനിയിൽ വലിയ അത്ഭുത പ്രവർത്തികൾ നടന്നു.
അമ്മച്ചിയുടെ ചില പ്രവർത്തികൾ നാട്ടിൽ വളരെ ചലനമുണ്ടാക്കി. കുറുമാട്ടിയമ്മയുടെ ഒരു ആട് അയൽക്കാരൻറെ പറമ്പിൽ കയറി ചെടികൾ തിന്നു. അത് കണ്ട ആ വീട്ടുകാരൻ ആ ആടിനെ വെട്ടി കൊന്നു. കുറുമാട്ടിയമ്മ ആ വീട്ടിൽ പോയി എൻ്റെ ആട് നിങ്ങളുടെ പറമ്പിൽ വന്നത് തെറ്റായിപ്പോയി അതുകൊണ്ടു എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു അവരോടു ക്ഷമ ചോദിക്കുകയും സ്വന്തം കുഞ്ഞിനെപ്പോലെ ഓമനിച്ചു വളർത്തിയ ആ ജീവനില്ലാത്ത കുഞ്ഞാടിനെ എടുത്തുകൊണ്ടു പോന്നു. അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്ന വേദവാക്യം അനുസരിച്ച് അവരോടു വഴക്കിനോ ഒന്നിനും പോകാതിരുന്നത് കുറുമാട്ടിയമ്മയ്ക്ക് നാട്ടിൽ മതിപ്പ് വർധിപ്പിച്ചു.
അമ്മച്ചിയുടെ പ്രാർത്ഥനയുടെ ശക്തി തെളിവാക്കിയ മറ്റൊരു സംഭവവും ഞങ്ങൾക്ക് അവർ വിവരിച്ചുതന്നു. അന്നും കാട്ടു മൃഗങ്ങളുടെ ശല്യം നിരന്തരമുള്ള ഇടമാണിത്. ഒരു ദിവസം രാവിലെ വീടിന്റെ മുമ്പിലുള്ള വയലിലൂടെ പോകുന്ന ഒരാളെ ആക്രമിക്കുവാൻ ആന പുറകെ ഓടി വന്നത് അമ്മച്ചി കണ്ടു. സമീപം ഉണ്ടായിരുന്ന ആളുകൾ നിലവിളിക്കുകയും ആർക്കും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയാതെ ഇരിക്കുന്ന സമയത്തു കുറുമാട്ടിയമ്മ എല്ലാവരും കേൾക്കെ ഉച്ചത്തിൽ ദൈവമേ എൻ്റെ മുമ്പിൽ ഈ ഭീകരമായ കാഴ്ച കാണിക്കരുതേ ആ ആനയുടെ കണ്ണിനെ കുരുടാക്കണമേ എന്ന് നിലവിളിച്ചു പ്രാർത്ഥിച്ചു. ആ നിമിഷം ആനയുടെ കാഴ്‌ച നഷ്ട്ടപ്പെട്ട് ആന മുട്ടുകുത്തി നിൽക്കുവാൻ ഇടയായി, പിന്നീട് ആനയ്ക്ക് എങ്ങോട്ടു പോകണം എന്നറിയാതെ തപ്പിത്തടഞ്ഞ് മടങ്ങി പോകവേ ഒരു മരത്തിലിടിച്ചു നിൽക്കുന്നാതായാണ് എല്ലാവരും കണ്ടത്. ഇത്തരത്തിൽ അമ്മച്ചിയ്ക്ക് അനേകരെ സ്വാധീനിക്കാൻ കഴിഞ്ഞ നിരവധി സംഭവങ്ങൾ അവർ ഞങ്ങളോട് വിവരിച്ചു.
തങ്ങളുടെ ഇടയിൽ വെളിച്ചമായി എത്തിയ ട്രൈബൽ മിഷൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ അവർ നന്ദിയോടെ ഓർത്തെടുത്തു. ആരംഭകാലഘട്ടത്തിൽ എത്തിയ പരേതനായ എബ്രഹാം വർഗീസ്, കെ പൗലോസ്, പരേതനായ ജോൺ അപ്പച്ചൻ , ജോൺ ഫിലിപ്പ് തുടങ്ങിയവരെക്കുറിച്ചും പാസ്റ്റർ ജേക്കബ് വി.സി ഉൾപ്പെടയുള്ള സംഘടനയിലെ പാസ്റ്റർമാരെക്കുറിച്ചും അവർ നൽകിയ പിന്തുണകളെക്കുറിച്ചും അയവിറക്കി. ഇടക്കിടക്ക് തൻ്റെ മെഡിക്കൽ സംഘവുമായി കോളനികൾ സന്ദർശിക്കുന്ന - മെഡിക്കൽ ക്യാമ്പുകൾ നടത്തുന്ന ഡോ. കെ. മുരളീധറിനേക്കുറിച്ചും പറയുമ്പോൾ അവർക്ക് നൂറ് നാവാണ്.
വയനാട് ജില്ലയിലെ പെന്തെക്കോസ്ത് ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കോട്ടിയൂർ കോളനിയിൽ നിന്നും പ്രാർത്ഥിച്ച് ഞങ്ങൾ ഇറങ്ങുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. ക്രിസ്തുവിന്റെ സ്നേഹം വരുത്തിയ വ്യത്യാസങ്ങൾ , സാമൂഹിക മാറ്റങ്ങൾ എല്ലാം അവിടെ കാണാമായിരുന്നു.
Advertisement