സെലിബ്രേഷൻ ചർച്ചിന്റെ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി
പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ പാസ്റ്റർ എമിരിറ്റസ് ആയി തുടരും
ചിക്കാഗോ: ചിക്കാഗോയിലെ ആദ്യകാല മലയാളി പെന്തെക്കോസ്ത് സഭകളിലൊന്നായ സെലിബ്രേഷൻ ചർച്ചിന്റെ (മുൻ ഐസിഎജി) പുതിയ സീനിയർ ശുശൂഷകനായി പാസ്റ്റർ സാംസൺ സാബു നിയമിതനായി. സഭയിൽ ലീഡ് പാസ്റ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
49 വർഷമായി സഭയുടെ സീനിയർ പാസ്റ്ററായി നേതൃത്വം നൽകിയിരുന്ന പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ പാസ്റ്റർ എമിരിറ്റസ് എന്ന പദവിയിലേക്ക് മാറി.
പാസ്റ്റർ സാംസൺ സാബു, പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ
നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾക്ക് സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബോർഡും അസംബ്ലീസ് ഓഫ് ഗോഡ് ചിക്കാഗോ റീജിയൻ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ റോൺ ഹെയ്റ്റ്മാനും നേതൃത്വം നൽകി. പാസ്റ്റർ സാംസൺ സാബുവിന്റെ പിതാവ് പാസ്റ്റർ സാബു ഔസേപ്പും സഹോദരൻ പാസ്റ്റർ ജസ്റ്റിൻ സാബുവും വിവിധ ശുശ്രൂഷകളിൽ പങ്കുചേർന്നു. അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ബിറ്റർ പാസ്റ്റർ ജോസ് ഫിഗോരിയ ദൈവവചനം ശുശ്രൂഷിച്ചു.
സഭാ സെക്രട്ടറി ബെഞ്ചമിൻ ജോൺ യോഗനടപടികൾക്ക് നേതൃത്വം നൽകി. സഭയുടെ പാസ്റ്ററൽ ടീം അംഗങ്ങളായ ഡോ. അലക്സ് കോശി, പാസ്റ്റർ ചെറിയാൻ തോമസ് എന്നിവരും ഡീക്കന്മാരായ വർഗീസ് സാമുവൽ, ജോസഫ് ഡാനിയേൽ, ജോൺ വർഗീസ്, സജി ഫിലിപ്പ്, ഡോ. വർഗീസ് മത്തായി, ലീസ് കാര്യാടിയിൽ എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കെവിൻ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
1975-ൽ പാസ്റ്റർ കെ.എ.എബ്രഹാം സ്ഥാപിച്ച ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് (ഐസിഎജി) എന്ന സഭയാണ് പിന്നീട് സെലിബ്രേഷൻ ചർച്ച് എന്ന പേരിൽ അറിയപ്പെട്ടത്. സഭയുടെ ചരിത്രത്തിലെ മൂന്നാമത്തെ സീനിയർ പാസ്റ്ററായാണ് പാസ്റ്റർ സാംസൺ സാബു ചുമതലയേൽക്കുന്നത്.
അരനൂറ്റാണ്ടോളം സഭയെ നയിച്ച പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസന്റെ അനുഭവസമ്പത്തും നേതൃത്വവും തുടർന്നും സഭയ്ക്കും ചിക്കാഗോയിലെ വിശ്വാസസമൂഹത്തിനും പ്രയോജനപ്പെടുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഈ വർഷം ചിക്കാഗോയിൽ നടന്ന നാല്പതാമത് പിസിനാക് (PCNAK) കോൺഫറൻസിന്റെ നാഷണൽ കൺവീനറായും പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ സേവനമനുഷ്ഠിച്ചിരുന്നു.
വാർത്ത: കുര്യൻ ഫിലിപ്പ്




