കുഞ്ഞിനെ പിളർത്തരുതേ!


കുഞ്ഞിനെ പിളർത്തരുതേ!

കുഞ്ഞിനെ പിളർത്തരുതേ!

പാസ്റ്റർ തോമസ് വിളമ്പുകണ്ടം

സോളമൻ രാജാവിന്റെ മുമ്പിൽ രണ്ടു സ്ത്രീകൾ ഒരു കുഞ്ഞിനെച്ചൊല്ലി തർക്കവുമായി വന്നു. ഇരുവരും കുഞ്ഞിന്റെ അവകാശവാദം ഉന്നയിച്ചു. എന്നാൽ യഥാർത്ഥ അമ്മയുടെ ഹൃദയം കുഞ്ഞിനോടുള്ള സ്നേഹത്താൽ നിറഞ്ഞതായിരുന്നു. കുഞ്ഞിനെ രണ്ടായി പിളർത്തി നൽകാമെന്ന് രാജാവ് വിധിച്ചപ്പോൾ യഥാർത്ഥ അമ്മയുടെ ഹൃദയം വേദനിച്ചു. അവൾ പറഞ്ഞു: “അയ്യോ യജമാനനേ, കുഞ്ഞിനെ കൊല്ലരുതേ; ജീവനോടെ അവൾക്കു കൊടുത്തുകൊൾക.” (1 രാജാക്കന്മാർ 3:26).

ഇവിടെ ഒരു വലിയ ആത്മീയ സത്യമുണ്ട്.

യഥാർത്ഥ അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടാലും കുഞ്ഞ് ജീവനോടെ ഇരിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ വ്യാജ അവകാശവാദം ഉന്നയിച്ചവൾക്ക് കുഞ്ഞ് നശിച്ചാലും പ്രശ്നമില്ലായിരുന്നു.

ഇന്നത്തെ സഭകളുടെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്തമല്ല.

സഭ ക്രിസ്തുവിന്റെ ശരീരമാണ്. അത് ഏതെങ്കിലും വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ അധികാരമോഹത്തിന്റെയോ സ്വത്തല്ല. ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവജനമാണ് സഭ.

എന്നാൽ ഇന്ന് ചിലർ സഭയെ പണിയുന്നതിനുപകരം പിളർത്താൻ ശ്രമിക്കുന്നു. ഐക്യത്തെക്കാൾ വ്യക്തിതാൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ശുശ്രൂഷയെക്കാൾ സ്ഥാനമാനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ദൈവനാമത്തിൽ സംസാരിക്കുമ്പോഴും ചിലരുടെ ലക്ഷ്യം ദൈവസഭയുടെ വളർച്ചയല്ല, സ്വന്തം സ്വാധീനം നിലനിർത്തലാണ്.

ഒരു ചോദ്യം നമുക്ക് സ്വയം ചോദിക്കാം:

സഭയെ സ്നേഹിക്കുന്നവൻ സഭയെ പിളർത്തുമോ?

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. തിരുത്തേണ്ട തെറ്റുകൾ ഉണ്ടാകാം. എന്നാൽ അതിന്റെ പേരിൽ സഭയുടെ ആത്മീയ ഐക്യവും വിശ്വാസികളുടെ കൂട്ടായ്മയും തകർക്കുന്നത് ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ചേർച്ചയല്ല.

യഥാർത്ഥ ദൈവദാസൻ സഭയെ സ്വന്തമാക്കാൻ ശ്രമിക്കുകയില്ല; സഭയെ ക്രിസ്തുവിനായി കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കുക.

സഭയിൽ തെറ്റുകൾ കണ്ടാൽ തിരുത്തണം. അനീതിയുണ്ടെങ്കിൽ ചോദ്യം ചെയ്യണം. എന്നാൽ തിരുത്തലിന്റെ പേരിൽ നാശം വിതയ്ക്കരുത്. സത്യത്തിനുവേണ്ടി നിലകൊള്ളുന്നതും ഭിന്നത സൃഷ്ടിക്കുന്നതും രണ്ടാണ്.

യഥാർത്ഥ അമ്മയ്ക്ക് കുഞ്ഞിന്റെ ജീവനായിരുന്നു പ്രധാനം; യഥാർത്ഥ ദൈവദാസന് സഭയുടെ ആത്മീയ ജീവനാണ് പ്രധാനം.

സഭയുടെ ഐക്യം സംരക്ഷിക്കാൻ സ്വന്തം സ്ഥാനമാനങ്ങളും താൽപര്യങ്ങളും ഉപേക്ഷിക്കാൻ തയ്യാറാകുന്നവരാണ് യഥാർത്ഥത്തിൽ സഭയെ സ്നേഹിക്കുന്നവർ.

ഓർക്കുക:

കുഞ്ഞിനെ പിളർത്താൻ ഒരു വാൾ മതി. എന്നാൽ ഒരു കുഞ്ഞിനെ വളർത്താൻ ഒരു അമ്മയുടെ ഹൃദയം വേണം.

അതുപോലെ സഭയെ പിളർത്താൻ അധികാരവും സ്വാർത്ഥതയും മതി. എന്നാൽ സഭയെ പണിയാൻ ക്രിസ്തുവിന്റെ സ്നേഹവും താഴ്മയും ആത്മീയ പക്വതയും വേണം.

നമുക്ക് സഭയെ സ്വന്തമാക്കേണ്ട; സഭയെ സംരക്ഷിക്കുകയാണ് വേണ്ടത്. പിളർത്തുന്നവരാകാതെ പണിയുന്നവരാകാം.

കാരണം സഭ നമ്മുടെതല്ല, ക്രിസ്തുവിന്റേതാണ്!