ഉയിർപ്പിന്റെ വിജയകാഹളം

ഉയിർപ്പിന്റെ വിജയകാഹളം

ഉയിർപ്പിന്റെ വിജയകാഹളം 

റവ. ജോർജ് മാത്യു പുതുപ്പള്ളി

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സൈന്യം ദിഗ്വിജയം നേടി മുന്നേറുന്ന കാലം. യൂറോപ്പിനെ മുഴുവൻ കിടിലം കൊള്ളിക്കുന്ന ശക്തമായ മുന്നേറ്റം. സൈന്യം ഓസ്ട്രിയയിലെ ഫെൽക്കർക്ക് എന്ന കൊച്ചുപട്ടണത്തിന്റെ പ്രാന്തത്തിലെത്തി. നിഷ്പ്രയാസം ആ പട്ടണം പിടിച്ചടക്കാവുന്നതേയുള്ളൂ.രാത്രി അവർ അൽപം വിശ്രമത്തിനു ഒരുമ്പെട്ടു. അർദ്ധരാത്രിയിൽ ആ പട്ടണത്തിലെ എല്ലാ പള്ളികളിൽനിന്നും ഇരമ്പുന്ന മണിനാദം ഉയർന്നു. അന്നൊരു ഈസ്റ്റർ ഞായർ ആയിരുന്നു. എല്ലാ മണികളും ഒരുമിച്ചു ശബ്ദമുയർത്തിയപ്പോൾ ഓസ്‌ട്രിയയുടെ സൈന്യം ആ രാത്രിയിൽ അവിടെ ഒരുമിച്ചു ചേർന്നതിന്റെ ആഹ്ലാദമായിരിക്കാമെന്ന് നെപ്പോളിയൻ കരുതി. അത് ഈസ്റ്റർ ഞായറാഴ്ചയാണെന്നോ അതിനാൽ വിശ്വാസികൾ ഒരുമിച്ചുകൂടി ഉയിർപ്പിന്റെ ആരാധന അർപ്പിക്കുകയാണെന്നോ അദ്ദേഹം മനസിലാക്കിയില്ല.

കടന്നുചെന്നു പരാജയം ഏറ്റുവാങ്ങുന്നത് ബുദ്ധിമോശമായിരിക്കുമെന്നു കരുതി സൈന്യത്തോടു പിൻവാങ്ങുവാൻ നെപ്പോളിയൻ ആജ്ഞാപിച്ചു. അങ്ങനെ ഉയിർപ്പിന്റെ മണിനാദം ആ പട്ടണവാസികളെ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും പരാജയഭീതിയിൽ നിന്നും രക്ഷിച്ചു. കർത്താവായ യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ കാഹളദ്ധ്വനി മാനവരാശിക്കു മുഴുവൻ പ്രത്യാശ വരുത്തുന്നതും വിജയവും സമാധാനവും നൽകുന്നതുമാണ്.

പെറ്റുവീണ നാൾ മുതൽ മരണത്തെക്കുറിച്ചുള്ള ഭയം മനുഷ്യനെ പിന്തുടരുന്നു. ഇതേക്കുറിച്ച് ക്രൈസ്തവ പണ്ഡിതനായ സെന്റ് അഗസ്റ്റിൻ പറഞ്ഞത് ഇങ്ങനെ : 'ജീവിതകാലം മുഴുവൻ മരണഭീതിയോടെ അടിമത്വത്തിൽ കഴിഞ്ഞവരെ കർത്താവായ യേശുക്രിസ്തു സ്വതന്ത്രരാക്കി. അത് ക്രിസ്തു മരണത്തിൻമേൽ വിജയംവരിച്ചുകൊണ്ട് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതു കൊണ്ടാണ്.' 'മരണത്തിൽ നിന്നു ജീവനിലേക്കും, അസത്യത്തിൽ നിന്നു സത്യത്തിലേക്കും, അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കും ഞങ്ങളെ നയിക്കേണമേ' എന്നുള്ള പ്രാർത്ഥന ഭാരതീയ ദാർശനികർ ഈ ആശയത്തിൽ നിന്നും കടംകൊണ്ടിട്ടുള്ളതാണ്.

യേശുകർത്താവിന്റെ പുനരുത്ഥാന സന്ധ്യയിൽ ശിഷ്യന്മാർ യെരുശലേമിലെ മാളികമുറിയിൽ ഭയചകിതരായി കഴിഞ്ഞുകൂടുകയായിരുന്നു. മുന്നിലേക്കു നോക്കുമ്പോൾ അവർക്കു ഭയമാണ്. ഗുരുവിനെ നിഗ്രഹിച്ച കൊലയാളികളുടെ കരങ്ങൾ തങ്ങളിലേക്കും നീളാം. യഹൂദമതമേധാവികളും റോമൻ ഭരണാധികാരികളും ശിഷ്യസമൂഹത്തിൽ ഭീതി പരത്തി. ഭയാശങ്കകൾ നിമിത്തം അവർ അടച്ചിട്ട മുറിക്കുള്ളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാൽ ഉയിർത്തെഴുന്നേറ്റ യേശുകർത്താവ് അവർക്ക് നിത്യസമാധാനം നൽകി. ആ ദിവ്യസമാധാനം പ്രാപിക്കുവാൻ നമുക്കും പരിശ്രമിക്കാം.

ചിന്തയ്ക്ക് : 'ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം. നാം എല്ലാവരും നിദ്ര കൊള്ളുകയില്ല. എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും' (1 കൊരിന്ത്യർ 15 : 51 & 52).

സംഗീതത്തിലെ ദൈവശക്തി

റവ. ജോർജ് മാത്യു 

ടെന്നസി പർവതനിരകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടി അതിന്റെ എഞ്ചിൻ കേടായതിനെത്തുടർന്ന് ഒരിടത്ത് കുറച്ചുസമയം നിർത്തിയിടേണ്ടിവന്നു. തീവണ്ടിയിലെ യാത്രക്കാർ സമീപത്തുള്ള ഒരു ചെറിയ ഹോട്ടലിൽ വിശ്രമിക്കുവാനായി കയറി. ആ ഹോട്ടലിന്റെ ഒരു വശത്തായി ഒരു പഴയ പിയാനോ സൂക്ഷിച്ചിരുന്നു. ഹോട്ടലിന്റെ പുറത്തായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ പുകവലിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

സമയം പോകുന്നതിനുവേണ്ടി യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു യുവതി പിയാനോയുടെ സമീപത്തെത്തി. ഇതു കണ്ട ഒരു വൃദ്ധ അവളോട് ഇപ്രകാരം പറഞ്ഞു : 'മോളേ, നീ ഈ സമയത്ത് ചില സുവിശേഷഗാനങ്ങൾ ആലപിക്കുകയാണെങ്കിൽ വെളിയിലിരിക്കുന്ന യുവാക്കൾക്ക് അത് ഏറെ സഹായകമാകും. അവരിൽ മിക്കവരും തങ്ങളുടെ വീടുകളിൽനിന്നും മാതാപിതാക്കളിൽനിന്നും അകന്നു കഴിയുന്നവരാണ്. അവർക്ക് ഒരിക്കലും യേശുക്രിസ്തുവിനെക്കുറിച്ചുള്ള ഗാനങ്ങൾ കേൾക്കുവാൻ അവസരം ഉണ്ടായിക്കാണില്ല.'

ആദ്യം ഒന്നു മടിച്ചെങ്കിലും യുവതി വൃദ്ധയോടു ചേർന്ന് ഗാനങ്ങൾ ആലപിക്കുവാൻ തുടങ്ങി. ഈ ഗാനങ്ങൾ കേട്ട് വെളിയിൽ അലക്ഷ്യമായി സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാർ തങ്ങളുടെ സംസാരം നിർത്തി ഗാനങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങി. യുവതി പാടിയ പാട്ടിന്റെ അർത്ഥം ങ്ങനെയായിരുന്നു : 'പിന്നെയോ, സീയോൻ പർവതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയ യരുശലേമിനും, അനേകായിരം ദൂതന്മാരുടെ സർവസംഘത്തിനും, സ്വർഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും, എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും, സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും, പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബേലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നത്' (എബ്രായർ 12 : 22--24).

ഈ വരികൾ ഓരോന്നായി അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ ചെറുപ്പക്കാരിൽ ഒരാൾ കണ്ണുനീരോടെ അകത്തേക്കു വന്നു. വിശുദ്ധ ബൈബിളിലെ ധൂർത്തപുത്രനെപ്പോലെ (ലൂക്കൊസ് 15) അവൻ തന്റെ പാപങ്ങളെ ദൈവമുമ്പാകെ ഏറ്റുപറഞ്ഞു. യേശു കർത്താവിന്റെയും തന്റെ മാതാപിതാക്കളുടെയും അടുക്കലേക്ക് താൻ മടങ്ങിപ്പോകുകയാണെന്ന് അവൻ പ്രഖ്യാപിച്ചു.ഗായകർക്കൊപ്പം ആ ധൂർത്തപുത്രനും തന്റെ വീട്ടിലേക്കു മടങ്ങി. ഭൂലോകത്തെക്കാൾ വിലയേറിയ ഒരു ആത്മാവിനെ കർത്താവിനുവേണ്ടി നേടുവാൻ ആ പാട്ടുകാരിക്കു കഴിഞ്ഞു.

ചിന്തയ്ക്ക് : 'സങ്കീർത്തനങ്ങളാലും സ്തുതികളാലും, ആത്മീയഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധി ഉപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ' (കൊലൊസ്യർ 3 : 16).