ഇന്ത്യയിലെ എറ്റവും വലിയ ക്രൈസ്തവ ആരാധനാലയം പൊളിച്ചു മാറ്റാൻ ഉത്തരവിട്ട് ആന്ധ്രപ്രദേശ് സർക്കാർ
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
ഗുണ്ടൂർ: ഇന്ത്യയിലെ എറ്റവും വലിയ ക്രൈസ്തവ ആരാധനാലയം പൊളിച്ചു മാറ്റാൻ ഉത്തരവിട്ട് ആന്ധ്രപ്രദേശ് സർക്കാർ.ഹൈദരബാദിലെ പാസ്റ്റർ റവ. ഡോ. സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പെഡകക്കാനി മണ്ഡലത്തിലെ നമ്പുരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കാൽവരി ടെമ്പിൾ ചർച്ച് പൊളിച്ചു മാറ്റാനാണ് ആന്ധ്ര പ്രദേശ് സർക്കാരിൻ്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് പള്ളി പൊളിക്കാൻ ഉത്തരവിട്ടത്.
2024 നവംബറിൽ ഗുണ്ടൂരിലെ വസന്തരായപുരം സ്വദേശി പ്രധാനമന്ത്രിയുടെ ഓഫീസിൽ ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് വിവാദം ആരംഭിച്ചത്. പ്രധാന സർക്കാർ വകുപ്പുകളായ പഞ്ചായത്ത് രാജ്, റവന്യൂ, പോലീസ്, ശബ്ദമലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിൽ നിന്ന് ആവശ്യമായ അനുമതികളില്ലാതെ പള്ളിയുടെ പ്രവർത്തനം ഉൾപ്പെടെ അഞ്ച് പ്രധാന ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഹൈദരബാദിലെ പാസ്റ്റർ റവ. ഡോ. സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സഭ നികുതിയടക്കാതെ ദശാംശം വഴി ഗണ്യമായ തുക സമാഹരിച്ചതായും പരാതിക്കാരൻ കുറ്റപ്പെടുത്തി. പാവപെട്ടവർക്ക് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്തും തെറ്റായ പഠിപ്പിക്കലുകൾ പ്രചരിപ്പിച്ചും ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നതിൽ പള്ളി ഏർപ്പെട്ടതായും പരാതിക്കാരൻ ആരോപണമുന്നയിച്ചിട്ടുണ്ട്.
ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും പൊളിക്കൽ എന്നാണ് ഉത്തരവ് രേഖപെടുത്തിയിരിക്കുന്നത്.
എന്നാൽ ഈ വാർത്തകളെ പറ്റി ദേശീയ മാധ്യമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ വിഷയം. സംഘപരിവാർ അനുകൂല മാധ്യമങ്ങളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലുമാണ് പള്ളി പൊളിക്കൽ സംബന്ധിച്ച വാർത്തകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Advertisement