ഗ്ലോബൽ സ്പാർക്ക് അലൻസ് "ഗാസ്ട്രോണോമിക്കൽ" കിഡ്സ് ക്യാമ്പ് ജയ്‌പ്പൂരിൽ

ഗ്ലോബൽ സ്പാർക്ക് അലൻസ് "ഗാസ്ട്രോണോമിക്കൽ" കിഡ്സ് ക്യാമ്പ് ജയ്‌പ്പൂരിൽ

ജയ്‌പൂർ കേന്ദ്രമാക്കി പ്രാദേശിക സഭകളുമായി കൈകോർത്തു സുവിശേഷീകരണത്തിനു ശക്തമായ പങ്കാളിത്തം വഹിക്കുന്ന 'ഗ്ലോബൽ സ്പാർക്ക് അലൻസ്', 'ചൈൽഡ് ഫോക്കസ് അലയൻസ്' എന്ന സംഘടനയുടെ സഹകരണത്തോടെ "ഗാസ്ട്രോണോമിക്കൽ" എന്ന ത്രിദിന കിഡ്സ് ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 2023 ജൂൺ 22 മുതൽ 24 വരെ (വ്യാഴം, വെള്ളി, ശനി) രാവിലെ 9 മണി മുതൽ വൈകുന്നേരം 4 .30 വരെ ജയ്പ്പൂർ ഡി സി എം ൽ സ്ഥിതി ചെയ്യുന്ന എബനേസർ കിഡ്സ് ഇന്റർനാഷണൽ സ്കൂളിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. സഭാ-സംഘടനാ വ്യത്യാസമില്ലാതെ നാലു മുതൽ 16 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കാണ് ക്യാമ്പിലേക്ക് പ്രവേശനം നിശ്ചയിച്ചിട്ടുള്ളത്.  

വർത്തമാനകാല പശ്ചാത്തലങ്ങൾ അടിസ്ഥാനമാക്കി കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെ ശാസ്ത്രീയമായും വേദപുസ്തകപരമായും നേരിടുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുവാൻ തക്ക പരിശീലനമാണ് ഈ ക്യാമ്പിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. പുകവലി, മദ്യം മുതലായ സാമൂഹ്യ വിപത്തുകൾ രാസ മയക്കു മരുന്നുകളുടെ രൂപത്തിൽ പ്രായഭേദമില്ലാതെ അതിപ്രസരം തുടരുന്ന ഒരു പശ്ചാത്തലം ഇന്നിന്റെ വിശേഷതയാണ്. നിയമത്തിന്റെ തിരുത്തലുകൾക്കു വേണ്ടത്ര ഫലം നൽകുവാൻ സാധിക്കാത്ത പരിസ്ഥിതിയിൽ ദൈവ വചനത്തിലൂടെയുള്ള ബോധവത്കരണത്തിനും പ്രാർത്ഥനയിലൂടെയുള്ള നീക്കുപോക്കുകൾക്കും കുഞ്ഞുങ്ങളെ സജ്ജരാക്കുകയാണ് ഈ ക്യാമ്പിലൂടെ ഉന്നം വയ്ക്കുന്നത്. മാത്രമല്ല, സാമൂഹിക മാധ്യമങ്ങളുടെ ആസക്തി, അശ്‌ളീല സൈറ്റുകളുടെ ദുരുപയോഗം ഇങ്ങനെ വിദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കുഞ്ഞുങ്ങളിൽ വരുത്തുന്ന വലിയ വിപത്തുകൾക്കെതിരെ ബോധവത്കരണം നടത്തുവാൻ ലക്‌ഷ്യം വച്ചുള്ള ഈ ക്യാമ്പിൽ കുഞ്ഞുങ്ങളെ നിർബന്ധമായും പങ്കെടുപ്പിച്ചാലും!

ദീർഘവർഷങ്ങളായി ഈ രംഗത്തു പ്രവർത്തിച്ചു തനതായ വ്യക്തിമുദ്ര കൈവരിച്ചിട്ടുള്ള "ചൈൽഡ് ഫോക്കസ്" എന്ന പാസ്റ്റർ പാറ്റേഴ്സൺ നേതൃത്വം കൊടുക്കുന്ന സംഘടനയും പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം കൊടുക്കുന്ന 'ഗ്ലോബൽ സ്പാർക്ക് അലയൻസും കൈകോർത്തു നടത്തുന്ന "ഗാസ്ട്രോണോമിക്കൽ" എന്ന കിഡ്സ് ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.   

ഗ്ലോബൽ സ്പാർക്ക് അലൻസ് സ്ഥാപിതമായി ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ 15 പട്ടണങ്ങളിലും ആറു അന്തർദേശീയ പട്ടണങ്ങളിലെ വിവിധ സഭകളുമായും ചേർന്ന് ക്യാമ്പുകളും മറ്റു സമ്മേളനങ്ങളും നടത്തുവാൻ ഇടയായിട്ടുണ്ട്. ക്രമീകൃതമായ നിലയിൽ സഭകളുടെ വളർച്ചയെ മുൻകണ്ടു നടത്തുന്ന ആത്മീക മുന്നേറ്റത്തിന്റെ ഭാഗമാണ് "ഗാസ്ട്രോണോമിക്കൽ" എന്ന കിഡ്സ് ക്യാമ്പും.