വില കൊടുത്തവർ വിടവാങ്ങുമ്പോൾ 

വില കൊടുത്തവർ വിടവാങ്ങുമ്പോൾ 

കാനം അച്ചൻ അനുസ്മരണം

വില കൊടുത്തവർ വിടവാങ്ങുമ്പോൾ 

പാസ്റ്റർ വി.പി. ഫിലിപ്പ് 

കാനം അച്ചന്റെ ജീവിതാനുഭവങ്ങൾ അടുത്ത് അറിയുമ്പോൾ സുവിശേഷ സത്യങ്ങൾക്കുവേണ്ടി അദ്ദേഹം കൊടുത്ത കനത്ത വില വലുതാണെന്ന് തിരിച്ചറിയാം. ഉപരി വിപ്ലവമായ ക്രിസ്തീയ അനുഭവമല്ല തിരുവചനത്തിൽ വേരൂന്നിയ, തെറ്റായ പാരമ്പര്യ ഉപദേശങ്ങളെ ആത്‌മ നിയോഗത്തോടും ഗവേഷണ ചാതുര്യത്തോടും എതിർത്ത കാനം അച്ചൻ ഒരായുസ്സ് മുഴുവൻ പ്രസംഗിക്കുക മാത്രമല്ല ജീവിച്ചു കാണിക്കയും ചെയ്തു. അങ്ങനെയുള്ള വിശുദ്ധന്മാർ വിടവാങ്ങുമ്പോൾ വിടവ് നികത്താൻ ആരുണ്ട് എന്ന ചോദ്യം  അവശേഷിക്കുന്നു.  

കാനം അച്ചൻ ഗുഡ്‌ന്യൂസ് വീക്കലിയിൽ 'മാസാദ്യചിന്തകൾ' എന്ന പേരിൽ ഒരു മനോഹര പംക്തി എഴുതിയിരുന്നു. ഗുഡ്‌ന്യൂഡിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന സമയത്തു ഒരിക്കൽ സി വി മാത്യു സാർ  എന്നോട് പറഞ്ഞു കാനം അച്ചന്റെ വീട്ടിൽ പോകണം. ലേഖനം എഴുതണം. അതെനിക്കൊരു ആവേശവും സന്തോഷവുമായിരുന്നു. എന്റെ നന്നേ ചെറുപ്പത്തിൽ സ്വാധീനിച്ച പ്രസംഗകൻ, വായിച്ച പുസ്തകങ്ങളുടെ രചയിതാവ് ... അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച! അത് മറക്കാനാവില്ല. പലതവണ കോട്ടയം ചമ്പക്കരയിലെ വീട്ടിലേക്കുള്ള ആ യാത്രകൾ തുടർന്നു. എഴുതേണ്ട ഓരോ വാചകങ്ങളും വ്യക്തമായി പറഞ്ഞു തന്നു. അവ കടലാസിലും ഹൃദയത്തിലും പതിഞ്ഞു. ആഢംഭരങ്ങളില്ലാത്ത വീടിനകത്തു ചായകുടിച്ചു മനസ്സ് പങ്കുവച്ച നിമിഷങ്ങൾ ഹൃദയത്തിൽ സൂക്ഷിചിച്ചിട്ടുണ്ട്.

ഞങ്ങളുടെ സ്വന്തം നാടെന്നു വിശേഷിപ്പിക്കാവുന്ന ആനിക്കാടിലെ ചേലകൊമ്പാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. പതിനാറാം വയസ്സിൽ പ്രസംഗിച്ചു തുടങ്ങി. വൈദിക പഠനകാലത്തുതന്നെ വേദപുസ്തക കേന്ദ്രീകൃതമായ ചിന്തകൾ വളർത്തിയെടുക്കുകയും 'സെമിനാരി പ്രീച്ചറായി' അറിയപ്പെടുകയും ചെയ്തു. പിന്നീട്  പട്ടത്വത്തിന്റെ പടവുകളിറങ്ങി പെന്തെക്കോസ്തു അനുഭങ്ങളുടെ പോരാളിയായി. ഏച്ചുകെട്ടുകളില്ലാത്ത ഒരു 'ജനുവിൻ ക്രിസ്ത്യൻ', മറ്റൊന്നും ആഗ്രഹിക്കാത്ത യേശുക്രിസ്തുവിന്റെ സുവിശേഷകൻ, രചനകളിലെ പൊള്ളുന്ന വാക്കുകളിലൂടെ ക്രിസ്തു ദർശനം അവതരിപ്പിച്ച ചിന്തകൻ, പതിരില്ലാത്ത വാക്കുകളിലൂടെ വേദികളിൽ വചനം വിളിച്ചു പറഞ്ഞ ശുശ്രൂഷകൻ... കാനം അച്ചനു വിശേഷതകൾ ഏറെയാണ്.

'ഞരമ്പ് രോഗിയായ കാസന്ത് സാക്കീസും നീതിമാനായ ക്രിസ്തുവും' എന്ന കൃതിയിലൂടെ 
ക്രിസ്റ്റോളജിയ്ക്കെതിരെയുള്ള കടന്നാക്രമണത്തിനുനേരെ വൻപ്രതിരോധം സൃഷ്ടിക്കുകയായിരുന്നു കാനം അച്ചൻ. 'ദൈവസഭയും കൾട്ടുകളും' എന്ന രചനയിലൂടെ പുതിയ നിയമ സഭയുടെ വിശ്വാസ രേഖകളെ ഉറപ്പിക്കയും തെറ്റായ ഉപദേശങ്ങളെ എതിർക്കയും ചെയ്തു. പാസ്റ്റർ കെ എസ്സ് എബ്രഹാം നേതൃത്വം കൊടുത്തു റോയൽ കോളിംഗ് പബ്ലിഷ് ചെയ്ത  കാനം അച്ചന്റെ ആത്മകഥ ജീവിതാനുഭവങ്ങളുടെ നേർരേഖയായി നമുക്കുലഭിച്ചു. ഡിജിറ്റൽ മീഡിയകളിൽ ബ്രോഡ്കാസ്റ്റ് ചെയ്ത മുഖാമുഖങ്ങൾ ആയിരങ്ങൾ കാണുകയും കേൾക്കുകയും ചെയ്തു.

ക്രിസ്തു കേന്ദ്രീകൃതം ആയിരുന്നു ജീവിതവും പ്രഭാഷണങ്ങളും. പട്ടത്വ സഭകൾ അമ്മയിലൂടെയും വിശുദ്ധന്മാരിലൂടെയും യേശിവിനെ കണ്ടപ്പോൾ സുവിശേഷകൻ പി ഐ എബ്രഹാം എന്ന കാനം അച്ചൻ യേശുവിലൂടെ അവരെ മനസ്സിലാക്കി. വിശുദ്ധ പൗലോസിന്റെ ദൈവശാസ്ത്രം താൻ അംഗീകരിക്കയും പഠിപ്പിക്കയും ചെയ്തു. വാമൊഴിയായും വരമൊഴിയായും ആയിരങ്ങളെ ക്രിസ്തുവിലേക്കു അടുപ്പിച്ച കാനം അച്ചനെ വീണ്ടും കാണാം.

Advertisement 

Advertisement