ക്രൂശിൽ നിന്നോ; കല്ലറയിൽ നിന്നോ?

ക്രൂശിൽ നിന്നോ; കല്ലറയിൽ നിന്നോ?

ക്രൂശിൽ നിന്നോ അതോ കല്ലറയിൽ നിന്നോ?

റോജി മോൻ

"നീ സാക്ഷാൽ യെഹൂദന്മാരുടെ രാജാവ് എങ്കിൽ, ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നും ഇറങ്ങി വാ "ഈ വെല്ലുവിളി ക്രൂശിൽ യേശുവിന്റെ തൊട്ടടുത്തുകിടന്ന കള്ളന്റെയും(ലൂക്കോസ് 23:37,മത്തായി 27:40,42)ഉപദ്രവിച്ച പടയാളികളുടെയും കൂടി നിന്ന പുരുഷാരത്തിന്റെയും നാവുകളിൽ നിന്ന് ഒരു പോലെ പുറപ്പെട്ടു അന്തരീക്ഷത്തിൽ അക്ഷരങ്ങളും ചോദ്യ ചിഹ്നങ്ങളുമായ് ഘനീഭവിച്ചു നിന്നു. മറ്റ്‌ ഒരുപാട് മനസ്സുകളിൽ അതേ ചോദ്യം കട്ടപിടിച്ചു കിടന്നിരുന്നു !! ക്രൂശിൽ കിടക്കുന്ന ഈ യേശു ശരിക്കും ദൈവപുത്രൻ ആയിരുന്നുവോ...??!!ആയിരുന്നുവെങ്കിൽ ഇങ്ങനെയൊക്കെ സംഭവവിക്കുമോ ....ഇത്രയും നിന്ദ്യവും ഹീനവുമായ മരണത്തിലേക്ക് വഴിപോകുന്നവർ, ഹോശന്ന പാടിയവർ, കൂടെ നടന്നവർ ഒക്കെ ഉള്ളിൽ ചോദ്യം അടക്കിപ്പിടിച്ചു. പക്ഷേ യേശു മാത്രം നിശബ്ദനാണ്...!!

അന്തരീക്ഷം അപ്രതീക്ഷിതമായി കറുക്കുകയും ഇരുൾ നട്ടുച്ചയ്ക്ക് തന്നെ പരക്കുവാൻ വെമ്പൽ കൊള്ളുകയും ചെയ്ത ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത നിമിഷങ്ങൾക്ക് ഗോൾഗോഥാ സാക്ഷ്യം വഹിക്കുകയാണ്. യെരുശലേമിന്റെ ആകാശത്തിന്മേൽ കരിമേഘങ്ങൾ വന്നു കൂട് കൂട്ടി. ആരവങ്ങൾ ഒഴിഞ്ഞ സ്വർഗ്ഗവും ദൂതന്മാരും നിശബ്ദമാണ്.

യേശുവിന്റെ ക്രൂശീകരണത്തിലേക്ക് നയിച്ച കാര്യങ്ങളെ ഒന്ന് ചുരുക്കിഎഴുതിയാൽ മതപരമായ കാരണങ്ങൾ, രാഷ്ട്രീയകാരണങ്ങൾ, ദൈവിക കാരണങ്ങൾ എന്നിങ്ങനെ മൂന്നായി അടയാളപ്പെടുത്തേണ്ടി വരും. മതപരമായി യെഹൂദർ, രാഷ്ട്രീയപരമായി റോമാ ഗവണ്മെന്റ് എന്നാൽ അതിലെല്ലാം ഉപരിയായി മാനവരാശിയുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുക്കുക എന്ന വലിയ ദൈവിക പദ്ധതി.

യേശുവിൽ ഒരു രാജാവിനെ മുൻപ് തന്നെ ജനം കണ്ടെത്തിയിരുന്നു. യേശുവിനെ ബലം പ്രയോഗിച്ചു രാജാവ് ആക്കുവാൻ ഗലീലയിലെ ബേദ്സൈദയിൽ വച്ചു ഒരു ശ്രമംനടക്കുകയും യേശു അതിനെ ശക്തമായഭാഷയിൽ ശാസിക്കുകയും ആ പുരുഷാരം കഫർന്നഹൂമിൽ വച്ചു പിരിഞ്ഞു ചെയ്തതാണ്.(യോഹന്നാൻ 6:15,60,66)

എന്നാൽ യെരുശലേമിലേക്കുള്ള അവസാന യാത്രയിൽ ദാവീദ് പുത്രന് ഹോശന്ന പാടിയ ജനക്കൂട്ടത്തിന്റെ ആവേശം യെഹൂദമതത്തിന്റെ പ്രമാണികളെ വല്ലാതെ ചൊടുപ്പിച്ചു. യേശുവിനോട് പരാതി പറഞ്ഞപ്പോൾ യേശു പറഞ്ഞത് ഇവർ ആർത്തില്ല എങ്കിൽ കല്ലുകൾ ആർക്കും എന്നാണ്(ലൂക്കോസ് 19:39,40). കാര്യങ്ങൾ അവിടെ കഴിഞ്ഞില്ല. യേശു യെരുശലേം ദേവാലയത്തിൽ കടന്ന് അവിടുത്തെ കച്ചവടക്കാരെ ഒക്കെ പുറത്താക്കി. കുട്ടികൾ യെരുശലേം ദേവാലയത്തിൽ നിന്ന് ദാവീദ് പുത്രന് പിന്നെയും ഹോശന്ന പാടിക്കൊണ്ടേയിരുന്നു(മത്തായി 21:15). യേശു ആരാധന സ്വീകരിച്ചുഎന്നത് അവന്റെ ദൈവത്വത്തിന്റെ തെളിവും യെഹൂദന് ദൈവദൂഷണവുമായി (blasphemy )അവശേഷിച്ചു.യെഹൂദമത പ്രമാണിമാരുടെ ചോര തിളച്ചുകൊണ്ടേയിരുന്നു.

എന്നാൽ ദൈവ ദൂഷണം എന്ന കേസ്‌ യെഹൂദന്റെ മതകോടതിയായ സൻഹദ്രീൻ സംഘത്തിൽ വിലപ്പോകും എങ്കിലും അതു വച്ചു യേശുവിനെ കൊല്ലുവാൻ കഴികയില്ല. തന്നെയുമല്ല മത കോടതിയ്ക്ക് മരണശിക്ഷവിധിക്കുവാൻ അധികാരവുമില്ല, ആ അധികാരം റോമൻ ഗവണ്മെന്റിനാണ് ഉള്ളത് . അതിന് ഗവർണർ പീലാത്തോസിനെ സമീപിക്കുകയല്ലാതെ മാർഗ്ഗമില്ല. അതു കൊണ്ട് റോമൻ ഗവണ്മെന്റിന്റെ കീഴിലുള്ള യിസ്രായേലിന്റെ സ്വയം പ്രഖ്യാപിത രാജാവായി യേശു റോമാ സാമ്രാജ്യത്തിന്നു എതിരാളിയും ഭീഷണിയുമാണെന്നും അതു രാജ്യദ്രോഹം ആണെന്നും ഒക്കെയുള്ള വാദങ്ങൾ അവർ ഉയർത്തിയത്.അതായത് "യേശു യെഹൂദന്റെ രാജാവ്"എന്ന അവകാശ വാദം എന്ന കുറ്റത്തിന് അവനെ ക്രൂശിച്ചേ പറ്റൂ എന്ന ആവശ്യവുമായി യെഹൂദമത നേതൃത്വം പീലാത്തൊസിനെ സമീപിക്കുന്നതും സമ്മർദ്ദം ചെലുത്തുകയും ചെയ്തു കൊണ്ടേയിരുന്നു .നീ യെഹൂദന്മാരുടെ രാജാവോ എന്ന പീലാത്തോസിന്റ ചോദ്യത്തിന് യേശുവിന്റെ മറുപടി "അതേ ഞാൻ യെഹൂദന്മാരുടെ രാജാവ് ആണ് എന്നും പക്ഷേ ഇപ്പോൾ എന്റെ രാജ്യം നിങ്ങൾ കരുതും പോലെ ഐഹികമല്ല എന്നുമായിരുന്നല്ലോ.(യോഹന്നാൻ 18:36).

യേശുവിനെ അനുഗമിച്ചപുരുഷാരം വീണ്ടും യേശുവിൽ തങ്ങളുടെ രാജാവിനെ കണ്ടെത്തിയിരുന്നു. റോമിന്റെ അധികാരത്തിൽ നിന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന ദാവീദ് പുത്രൻ ആയ വാഗ്ദത്ത മശിഹ!!നീണ്ടകാലമായി രാജാവില്ലാത്ത യെഹൂദന് ഒരു രാജാവ്!!ആ പ്രതീക്ഷ അവസാന ആഴ്ചഎത്തിയപ്പോൾ യെരുശലെമിന്റെ ആകാശം മുട്ടെവളർന്നു. എന്തിന് യേശുവിന്റെ ശിഷ്യമാർക്കും യേശു യെഹൂദന്മാർക്ക് ആ കാലത്ത് രാജ്യം പുനസ്ഥാപിച്ചു നൽകുന്ന മശിഹയാണ് എന്ന പ്രതീക്ഷയായിരുന്നല്ലോ!!(മനുഷ്യന്റെ പാപത്തിൽ നിന്ന് അതിന്റെ ശിക്ഷയിൽ നിന്ന് രക്ഷിക്കുവാൻ വന്ന മശിഹയാണെന്ന സത്യം(മത്തായി 1:21)വൈകിയിട്ടും അവർ തിരിച്ചറിഞ്ഞിരുന്നില്ലല്ലോ ).

ഈ സകല പ്രതീക്ഷകൾകളും തല്ലി ക്കെടുത്തികൊണ്ടാണ് യേശു ഒരു നിസ്സഹയനെപ്പോലെ ക്രൂശിൽ കിടക്കുന്നത്. യേശു യെഹൂദന്മാരുടെ രാജാവ് എന്ന് മൂന്നു ഭാഷകളിൽ എഴുതിവച്ചിരിക്കുന്നു...(മത്തായി 27:37) ജനങ്ങൾ തലയിൽ കിരീടം വച്ച രാജാവിനെ പ്രതീക്ഷിച്ചപ്പോൾ ഇതാ രാജാവ് തലയിൽ ധരിച്ചിരിക്കുന്നത് മുൾക്കിരീടം. സിംഹാസനത്തിൽ ഇരിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ച മശിഹ രണ്ട് കള്ളന്മാരുടെ നടുവിൽ കുരിശിൽ ഭൂമിക്കും ആകാശത്തിനും നടുവിൽ തൂങ്ങികിടക്കുന്നു.

എങ്കിലും പരിഹാസം കലർന്ന ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ തെളിവ് വേണം!!കുരിശിൽ നിന്ന് ഇറങ്ങി വരണം.

കടലിന്റെ മീതെ നടന്നവൻ, കാറ്റിനെയും കടലിനെയും ശാസിച്ചടക്കിയവൻ, കേവലം അഞ്ചു അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചവൻ, എന്തിന് മരിച്ചവരെ ഉയർപ്പിച്ചവൻ മരണം കാത്തു കിടക്കുന്നു -ക്രൂശിൽ-കാരിരുമ്പാണികളിൽ തൂങ്ങി.

അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല പിതാവിന്റെ കൈകളിൽ ആത്മാവിനെ ഏൽപ്പിച്ചുകൊണ്ടു സ്വന്തം തോളിൽ തലചായ്ച്ചുകൊണ്ട് മരണംവരിച്ചു.

യേശുവിന്റെ ശരീരം അരിമത്യക്കാരന്റെ കല്ലറയിൽ വിശ്രമിച്ചു.

പക്ഷേ കാര്യങ്ങൾ അവിടെ കഴിഞ്ഞില്ല.

അതാണ് ചരിത്രം .

യേശുവിന്റെ വിശ്രമം താത്ക്കാലികമായിരുന്നു.

ക്രൂശിൽ നിന്നും യേശുക്രിസ്തു ഇറങ്ങിവന്നില്ല. കാരണം ഇറങ്ങിവരുവാൻ ഉള്ള വെല്ലുവിളികൾ മാനവകുലത്തിന്റെ പാപപരിഹാരത്തിന് അനിവാര്യമായ കാൽവറിയാഗത്തെ അട്ടിമറിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി ഉള്ളത് മാത്രമായിരുന്നു. യേശുവിന്റെ ഭൂമിയിലെ ദൗത്യത്തിനു എതിരെയുള്ള വെല്ലുവിളി മാത്രമായിരുന്നതിനാൽ യേശുവിനു അതിനോട് നിശബ്ദനായിരിക്കുവാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ക്രൂശിൽ നിന്നാണോ അതോ കല്ലറയിൽ നിന്നുമാണോ ഇറങ്ങിവരേണ്ടത് എന്ന് യേശുക്രിസ്തുവിന് കൃത്യമായി അറിയാമായിരുന്നു. നാൾ മരണപാശത്തെ അഴിച്ചു കൊണ്ട് കല്ലറയെ ഭേദിച്ചു കൊണ്ട് യേശു ഉയർത്തെഴുന്നേറ്റു .

കാരണം മരണത്തിനോ കല്ലറയ്‌ക്കോ യേശുവിനെ പിടിച്ചടക്കുവാൻ കഴിയുമായിരുന്നില്ല.

കല്ലറയ്ക്കൽ നിന്നവരോ അവിടെ പോയവരോ യേശു നീ രാജാവ് എങ്കിൽ ഉയർത്തെഴുന്നേൽക്കൂ എന്ന് ആക്രോശിച്ചില്ല!!കാരണം യേശു അവർക്ക് അടഞ്ഞ അധ്യായവും എങ്ങുമെത്താതെ അവസാനിച്ച ഒരു കഥയോ ആയിരുന്നു!!കല്ലറയ്ക്കൽ പോയ സ്ത്രീകളും ശവ ശരീരമാണല്ലോ കാണുവാൻ പോയത്.

യേശുവിന്റെ പുനരുഥാനം നമ്മുടെ പുനരുഥാനത്തിന്റെ ഉറപ്പും, ക്രൂശൂമരണം പാപത്തിന്റെ പരിഹാരത്തിന്റെ ഉറപ്പുമായി ഉയർന്നു നിൽക്കുന്നു.യേശുവിന്റെ തുറക്കപ്പെട്ട കല്ലറ മുഴുവൻ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം #പറഞ്ഞുകൊണ്ടേയിരിക്കുന്നു.

നമുക്ക് മുൻപിലുള്ള ദൗത്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെങ്കിൽ അനാവശ്യവെല്ലുവിളികളോടൊക്കെ മുഖം തിരിച്ചു മുൻപോട്ട് പോകുവാനും ഏത് ഇരുളിനെയും പിളർന്നുകൊണ്ട് ഉയിർത്തെഴുന്നേൽക്കുവാനും നമുക്കും കഴിയും. കാരണം നമ്മുടെ ഈ യാത്ര കാൽവരി കൊണ്ട് അവസാനിച്ച ഒരാൾക്കൊപ്പമല്ല കാൽവറിയിൽ ജയോത്സവം കൊണ്ടാടിയ, മരണത്തെ എന്നുന്നേക്കുമായി തോൽപ്പിച്ചു ഉയർത്തെഴുന്നേറ്റ കർത്താവിനൊപ്പമാണ്.