ദൈവസ്തുതിയാൽ സാത്താനെ നിശബ്ദനാക്കാം

ദൈവസ്തുതിയാൽ സാത്താനെ നിശബ്ദനാക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ങ്കീർത്തനങ്ങളിൽ ഉടനീളം ദാവീദ് തന്റെ ശത്രുക്കളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദാവീദിനെക്കാൾ ശത്രുക്കൾ ഉണ്ടായിരുന്നവർ അപൂർവമായിരുന്നു. ശത്രുക്കൾ ദാവീദിനെ പഴിക്കുകയും വളയുകയും പലപ്പോഴും കൊലപ്പെടുത്തുവൻ ശ്രമിക്കുകയുമുണ്ടായി. ശത്രുക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നതിനാൽ ഉപദ്രവങ്ങളിൽ നിന്നൊക്കെ അദ്ദേഹം രക്ഷപ്പെട്ടു. സ്വന്തം ശക്തികൊണ്ടോ ബുദ്ധി ഉപയോഗിച്ചോ ആയിരുന്നില്ല അദ്ദേഹം ശത്രുക്കളെ നേരിട്ടത്. ദൈവത്തിന്റെ സാന്നിദ്ധ്യത്തിലും ശക്തിയിലും ആശ്രയിച്ചായിരുന്നു ദാവീദിന്റെ പ്രത്യാക്രമണം.

ദൈവസ്തുതിയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യായുധം. 'നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു' എന്നാണ് അദ്ദേഹം പാടുന്നത്. മനുഷ്യഘടനയനുസരിച്ചു നോക്കിയാൽ ശിശുക്കളും മുലകുടിക്കുന്നവരുമാണ് ഏറ്റവും ശക്തിഹീനർ. എന്നാൽ അവരുടെ വായിൽനിന്നു വരുന്ന ദൈവസ്തുതിയാകുന്ന ബലം എത്ര കരുത്തനായ ശത്രുവിനെയും തകർക്കുവാൻ പര്യാപ്തമായതത്രേ.

നാമും ദാവീദിനെപ്പോലെ ശത്രുക്കളാൽ ചുറ്റപ്പെട്ടവരാണെന്നു ദൈവവചനം വെളിപ്പെടുത്തുന്നു. അദൃശ്യമായ ദുഷ്ടാത്മസേനയാണ് നമുക്കു ചുറ്റിലും ഉള്ളത്. നമ്മുടെ മുഖ്യശത്രുവായ സാത്താന്റെ പര്യായപദമാണ്‌ 'പകയൻ' എന്നതും 'ശത്രു' എന്നതും. മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച്ചകറ്റുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമൊക്കെ സാത്താൻ തന്നെയാണ്.

നമുക്ക് സാത്താനെ എങ്ങനെ നിശബ്ദനാക്കാം ? ദാവീദ് അതിനുള്ള മാർഗം കാണിച്ചുതരുന്നു. ദൈവസ്തുതി ഒന്നുമാത്രമാണ് അതിനുള്ള മാർഗം. എപ്പോൾ നമ്മുടെ സ്തുതി ദൈവസന്നിധിയിൽ എത്തുന്നുവോ അപ്പോൾ സാത്താൻ നിശബ്ദനാകും. അവന്റെ കുറ്റാരോപണങ്ങൾ അവസാനിപ്പിക്കുവാനും, വായടയ്ക്കുവാനും ദൈവസ്തുതിക്കു സാധിക്കുന്നു. ദൈവികസ്വാതന്ത്ര്യത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാൻ സ്തുതി നമ്മെ സഹായിക്കുന്നു.

നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ഒരുപക്ഷെ നമ്മുടെ ശത്രുക്കളായി മാറിയേക്കാം. അതുകൊണ്ട് പതറരുത്. വിശ്വാസത്തോടും, സ്നേഹത്തോടും, പ്രതീക്ഷയോടും അതിനോടു പ്രതികരിക്കുക. അപ്പൊസ്തലന്മാർ ചെയ്തതുതന്നെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. മറ്റാരെക്കാളും അധികമായി നമുക്കു ദൈവത്തെ അനുസരിക്കാം. മാനുഷിക വിലങ്ങുകളെയും വിലക്കുകളെയും നമുക്കു പടിക്കു പുറത്തു നിർത്താം. 'സാത്താൻ നമ്മെ തോൽപിക്കരുത്, അവന്റെ തന്ത്രങ്ങളെ നിങ്ങൾ അറിയാത്തവരല്ലല്ലോ' എന്ന അപ്പൊസ്തലന്റെ മുന്നറിയിപ്പ് നാം അവഗണിക്കരുത്.

ചിന്തയ്ക്ക് : 'നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ, അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും' (സങ്കീർത്തനങ്ങൾ 84 : 4).