ദൈവനീതിയായ അത്ഭുതം

ദൈവനീതിയായ അത്ഭുതം

 റവ.ജോർജ് മാത്യു പുതുപ്പള്ളി

ഹെൻറി ഗിബ്സ് ന്യൂയോർക്ക് നഗരത്തിലെ ഒരു സുവിശേഷപ്രവർത്തകനായിരുന്നു. തികഞ്ഞ ഭക്തനും പ്രാർത്ഥനാമനുഷ്യനുമായിരുന്ന അദ്ദേഹം ഒരു ദിവസം നഗരത്തിലെ ചേരിപ്രദേശത്ത് സുവിശേഷപ്രവർത്തനം നടത്തിയശേഷം വളരെ ക്ഷീണിതനായി തന്റെ ഭവനത്തിലേക്കു മടങ്ങുകയായിരുന്നു.അദ്ദേഹം ബ്രൂക്ക്ലാൻഡിലുള്ള ഒരു ആറ്റുകടവിലെത്തി. അക്കരെയെത്തുവാൻ അദ്ദേഹത്തിന്റെ പക്കൽ കടത്തുകൂലിയില്ലായിരുന്നു.

വളരെ ഹൃദയവേദനയോടെ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു : 'കർത്താവേ, ഞാൻ വളരെ ക്ഷീണിതനാണ്. ഇന്നു പകൽ മുഴുവൻ ഞാൻ അങ്ങയുടെ മഹത്തരമായ ശുശ്രൂഷയിൽ വ്യാപൃതനായിരുന്നു. ഇനി എന്നെ എങ്ങനെയെങ്കിലും മറുകരയിൽ എത്തിക്കേണമേ ?' പ്രാർത്ഥനയ്ക്കുശേഷം അദ്ദേഹം കണ്ണുതുറന്നതും തന്റെ മുമ്പിൽ മണലിൽ എന്തോ തിളങ്ങുന്നതുപോലെ അദ്ദേഹത്തിനു തോന്നി. അത് അൻപതു സെന്റിന്റെ ഒരു നാണയമായിരുന്നു. ആ നാണയംകൊണ്ട് കടത്തുകൂലി കൊടുത്ത് അദ്ദേഹം വളരെ വേഗം മറുകരയിലെത്തി.

സാധു സുന്ദർസിംഗിനെ ഇതുപോലൊരു അവസരത്തിൽ ഭീമാകാരനായ ഒരു അജ്ഞാത മനുഷ്യൻ തോളിലേറ്റി കര കവിഞ്ഞ് ഒഴുകിയ നദിയുടെ മറുകരയിൽ എത്തിച്ചതായി അദ്ദേഹത്തിന്റെ സാക്ഷ്യത്തിൽ പറയുന്നുണ്ട്. ഇതുപോലെയുള്ള അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ ? ദൈവം തന്റെ ഭക്തരുടെ ഏറ്റവും ചെറിയ ആവശ്യങ്ങൾപോലും തക്ക സമയത്ത് നിറവേറ്റിക്കൊടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നവനാണ്. ഏറ്റവും അടിയന്തിരമായ സന്ദർഭങ്ങളിൽ ദൈവം തന്റെ മക്കൾക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കുവാൻ തിടുക്കം കാണിക്കുന്നു. അപ്പോൾ ആ പ്രവൃത്തി ഒരു അത്ഭുതമായി പരിണമിക്കുന്നു. തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ എല്ലാ പ്രവർത്തനങ്ങളും അത്ഭുതം തന്നെയാണ്.

ചെങ്കടലിന്റെ തീരത്തെത്തിയ മോശെയും യിസ്രായേൽ ജനവും അക്ഷരാർത്ഥത്തിൽ നിസ്സഹായരായിരുന്നു. അവരുടെ മുമ്പിൽ ചെങ്കടൽ വറ്റിക്കേണ്ടത് സർവശക്തനായ ദൈവത്തിന്റെ നീതിയായിരുന്നു. മോശെയുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകിയപ്പോൾ ചെങ്കടലിൽ അത്ഭുതം നടന്നു. ചെങ്കടൽ ഉണങ്ങി വരണ്ട ചെങ്കൽപ്പാതയായി മാറി. യിസ്രായേൽ ജനം ഒരു ബുദ്ധിമുട്ടും കൂടാതെ മറുകരയിലെത്തി. മിസ്രയീംസൈന്യം അതിവേഗം ആക്രമിക്കുവാനായി പാഞ്ഞടുത്തു. ഉടനെ ചെങ്കൽപ്പാത വീണ്ടും ചെങ്കടലായി മാറുകയും ശത്രുസൈന്യം വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്തു.

ഏകാഗ്രതയോടും നിർമലതയോടും കൂടിയ നമ്മുടെ ഓരോ പ്രാർത്ഥനയും ഓരോ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഓരോ അത്ഭുതങ്ങളും ദൈവനാമത്തിനു മഹത്വം വരുത്തും. അതിനാൽ ഓർമിക്കുക, നമ്മുടെ ഓരോ പ്രാർത്ഥനയും പ്രകൃത്യാതീതമായ ചില അത്ഭുതങ്ങളുടെ ഇന്ധനമായി (fuel) മാറുകയാണ്. അതിനു നാം ചിലപ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ അകപ്പെടേണ്ടി വന്നേക്കാം. വിശ്വാസത്തിന്റെ വടി മാത്രമേ നമുക്ക് അവിടെ തുണയായി ഉണ്ടായിരിക്കുകയുള്ളൂ എന്നും വന്നേക്കാം. എന്നാൽ തിരിച്ചറിയുക, ചരിത്രത്തിന്റെ താളുകളിൽ ഒരു അത്ഭുത ഗാഥ രചിക്കപ്പെടുവാൻ അതു മുഖാന്തിരമായി മാറും.

ചിന്തക്ക് : 'യിസ്രായേൽമക്കൾ കടലിന്റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കൈയിൽനിന്നു രക്ഷിച്ചു. മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു. ജനം യഹോവയെ ഭയപ്പെട്ട്, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു' (പുറപ്പാട് 14 : 29...31).