വിലയേറിയ ക്രിസ്മസ് സമ്മാനം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഭക്തരായ ക്രിസ്തീയ ദമ്പതികളായിരുന്നു ലൈൽ മാക്സ്റ്റും ബ്ലെസി മാക്സ്റ്റും. ഒരു ക്രിസ്മസ് തലേന്ന് മാക്സ്റ്റ് പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് ഇങ്ങനെ പറഞ്ഞു : 'ദൈവമേ, എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അവിടുന്ന് ചോദിക്കുന്നതെല്ലാം തരാൻ ഞാൻ ഒരുക്കമാണ്.' ഭാര്യ ബ്ലസിയും പ്രാർത്ഥനക്ക് 'ആമേൻ' പറഞ്ഞു. ദൈവം മാക്സ്റ്റിനോട് വ്യക്തമായി ഇടപെടുവാൻ തുടങ്ങി.
വീട് വിൽക്കുവാൻ പറഞ്ഞത് മാക്സ്റ്റ് അനുസരിച്ചു അതിന്റെ ദശാമ്ശം കൊടുത്തപ്പോൾ ദൈവം പറഞ്ഞു : 'എനിക്കു തരുന്നെങ്കിൽ അത് മുഴുവനും തരണം.' മുഴുവനും കൊടുക്കുവാൻ അദ്ദേഹത്തിന്റെ ഭാര്യയും സമ്മതിച്ചു. മാക്സ്റ്റ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു : 'കർത്താവേ, എന്റെ ജോലി നഷ്ടപ്പെട്ടു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാവിയെക്കുറിച്ച് ഞാൻ ചിന്തിച്ചുപോകുന്നു.' ദൈവം പറഞ്ഞു : 'അതോർത്തു നീ ഭരപ്പെടേണ്ട. നിനക്കുവേണ്ടി ഞാൻ കരുതിക്കൊള്ളാം.'
ക്രിസ്മസ് ദിവസത്തിൽ അദ്ദേഹം കാറിൽ പോകുമ്പോൾ ദൈവം ഒരു വീട് കാണിച്ചിട്ട് പറഞ്ഞു : നീ ആ വീട്ടുകാർക്ക് ആയിരം ഡോളർ കൊടുക്കണം.' അദ്ദേഹം ബാങ്കിൽ പോയി ആയിരം ഡോളർ എടുത്ത് അത് കവറിലിട്ട് അതിനോടൊപ്പം ഒരു ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡും വച്ച് ആ വീട്ടുകാരെ ഏൽപിച്ചു. ആ സമയം ആ വീട്ടിലെ ഗൃഹനാഥനും ഭാര്യയും കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു. അവർ വളരെ സന്തോഷത്തോടെ കവർ വാങ്ങിയെങ്കിലും തുറന്നു നോക്കിയില്ല. മാക്സ്റ്റിനോട് അവർ നന്ദി പറഞ്ഞു.
അടുത്ത ദിവസം ആ വീട്ടിലെ ഗൃഹനാഥനും ഭാര്യയും കൂടി കാർഡിലെ വിലാസം നോക്കി മാക്സ്റ്റിന്റെ വീട്ടിൽ വന്നു. ഒരു കെട്ട് പൂക്കൾ അവർ അദ്ദേഹത്തിനു സമ്മാനിച്ചിട്ടു പറഞ്ഞു : 'ഇന്നലെ ഞങ്ങൾ കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് താങ്കൾ സമ്മാനവുമായി വന്നത്. ഞങ്ങളുടെ മക്കൾക്ക് ക്രിസ്മസ് സമ്മാനമായി ചില സാധനങ്ങൾ കടം വാങ്ങിയിരുന്നു. അതിന്റെ പണം കൊടുക്കുവാനില്ലാതെ വന്ന കാരണത്താൽ മക്കളോട് ക്രിസ്മസ് സമ്മാനങ്ങൾ തിരികെ വാങ്ങി കടയിൽ മടക്കിക്കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് താങ്കൾ കതകിനു മുട്ടിയത്. ഞങ്ങളുടെ ഈ വിഷാദാവസ്ഥയിൽ ഞങ്ങളെ സഹായിക്കുവാൻ ദൈവം അയച്ച മാലാഖയാണ് താങ്കൾ. താങ്കൾ തന്ന പണം ഞങ്ങളുടെ ആവശ്യത്തിന് മതിയായിരുന്നു.'
സാക്ഷാൽ ദൈവം മനുഷ്യനായി ഈ ലോകത്തിലേക്കു താണിറങ്ങിയത് ദൈവത്തിൽ നിന്നുള്ള സ്വർഗീയ സമ്മാനമാണ്. ഈ സമ്മാനത്തെക്കുറിച്ചാണ് സെന്റ് പോൾ 'രക്ഷാകരമായ ദൈവകൃപ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യേശുക്രിസ്തു ലോകത്തിൽ വന്നത് ദൈവത്തിന്റെ സമ്മാനം ഈ ലോകത്തിനു നൽകുവാനായിട്ടായിരുന്നു. ദൈവത്തിന്റെ ആ സ്വർഗീയ സമ്മാനം യേശുക്രിസ്തു ആയിരുന്നു.
ചിന്തക്ക് : 'ദൂതൻ അവരോട് : ഭയപ്പെടേണ്ട, സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു' (ലൂക്കൊസ് 2 : 10 & 11).