'മഴയെത്തും മുമ്പേ' അശരണർക്ക് രക്ഷകരായ് സീൽ ആശ്രമം

'മഴയെത്തും മുമ്പേ' അശരണർക്ക് രക്ഷകരായ് സീൽ ആശ്രമം

ചാക്കോ കെ തോമസ്

മുംബൈ : മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ തുടക്കമായി. നവി മുംബൈ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യങ്ങളൊരുക്കുന്നത്. 'മഴയെത്തും മുമ്പേ' എന്ന പേരിൽ സീലിന്റെ സന്നദ്ധപ്രവർത്തകരും മുംബൈയിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും കൈകോർത്താണിത്. പതിനഞ്ചുദിവസം നീളുന്ന ഈ ഉദ്യമത്തിൽ നവി മുംബൈ പോലീസും സജീവ പങ്കാളികളാവും.

പനവേലിലെ സീൽ ആശ്രമത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മിലിന്ദ് വാഘ്മാരെ, ACP – AHTU, അശോക് രാജ്‌പുത്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്, പൻവേൽ ഡിവിഷൻ, അനിൽ പാട്ടിൽ, സീനിയർ പോലീസ് ഇൻസ്‌പെക്ടർ പൻവേൽ, പ്രിഥ്വിരാജ് ഗോർപഡെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ, ഡോ എബ്രഹാം മത്തായി, മുൻ മൈനോരിറ്റി കമ്മിഷൻ – മഹാരാഷ്ട്ര, സാമൂഹിക പ്രവർത്തക ലൈജി വർഗ്ഗീസ് , കെ എം ഫിലിപ്പ് – സീൽ ആശ്രമം, പാസ്റ്റർ ബിജു – സീൽ ആശ്രമം എന്നിവർ സംസാരിച്ചു.

 ഭക്ഷണം സ്വയമെടുത്ത് കഴിക്കാൻപോലും ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽനിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് അവരുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടകരെയോ തെരുവിൽ കഴിയുന്ന സമൂഹവിരുദ്ധരയോ ഈ ദൗത്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പനവേലിലെ സീൽ ആശ്രമത്തിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളോടെയാണ് മഴയെത്തും മുമ്പേക്ക്‌ തുടക്കമാകുക. അശരണർക്കായി നൂറ്റിയിരുപതിൽപ്പരം കിടക്കകളാണ് ഇത്തവണ  

ഒരുങ്ങുന്നത്. നവിമുംബൈയിലെ സമാജങ്ങളും സാംസ്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണരക്ഷാ പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയാവുമെന്ന് സന്നദ്ധപ്രവർത്തക ലൈജി വർഗീസ് അറിയിച്ചു. അശരണരരെ സീൽ ആശ്രമത്തിൽ എത്തിച്ച്, ചികിത്സ നൽകിയ ശേഷം ബന്ധുക്കളെ തിരികെയേൽപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീൽ സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ. എം. ഫിലിപ്പ് പറഞ്ഞു.

തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണംപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് സീലിൽ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തംവീട്ടിലേക്ക് അയക്കും. മഴയെത്തും മുമ്പേയുടെ സന്നദ്ധപ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ: പാസ്റ്റർ ബിജു 9321253899, ജൈനമ്മ 8108688029, ലൈജി വർഗീസ് 9820075404, സീൽ ഓഫീസ് 9137424571

രണ്ടു പതിറ്റാണ്ടു മുൻപ് മുംബെയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരെ ഒരു മാസം ശുശ്രൂഷിച്ച് മടങ്ങിപ്പോകാൻ വന്ന റാന്നി കാരിക്കോട് പൂച്ചെടിയിൽ പാസ്റ്റർ കെ. എം. ഫിലിപ്പിനു ദർശനത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു ''മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക, കൊലക്കായി വിറച്ചുചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ ഗ്രഹിക്കയില്ലയോ'' (സദ്യ. 24: 11-12) ഇതനുസരിച്ച് മുംബൈ വിട്ടു പോകാതെ തെരുവിൽ കിടക്കുന്നവരെ ശുശ്രൂഷിക്കാൻ പൻവേലിൽ ആരംഭിച്ചതാണു സീൽ ആശ്രമം. റെയിൽവെ പ്ലാറ്റ്‌ഫോമുകളിൽനിന്നും തെരുവോരങ്ങളിൽനിന്നും ഒറ്റപ്പെട്ടവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതായിരുന്നു തുടക്കം. എച്ച്‌ഐവി, ടിബി, മാനസിക പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളാൽ നോക്കാൻ ആരുമില്ലാത്തവർക്കും അത്താണിയാണ് ഇപ്പോൾ ആശ്രമം. ഇരുന്നൂറ്റൻപതിൽ പരം അന്തേവാസികൾ ഇവിടെയുണ്ട്. ഇതിനകം 514 പേർക്കാണ് വീടുകളിലേക്ക് മടങ്ങി പോകാൻ ആശ്രമം സഹായമായത്. തെരുവിൽനിന്നും ആശ്രമത്തിലെത്തുന്നവർ സ്രഷ്ടാവാം ദൈവത്തെ തിരിച്ചറിഞ്ഞ, സമാധാനത്തോടെ അവരുടെ കുടുംബങ്ങളെ ഏല്പിക്കുന്നതിൽ വിജയം കണ്ടതായി സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ.എം. ഫിലിപ്പ് പറഞ്ഞു.

Advertisement