പാലങ്ങൾ

പാലങ്ങൾ

കവിത 

പാലങ്ങൾ

സജി പീച്ചി

നീയും ഞാനും ഭൂമിയിൽ തീർത്ത

പാലങ്ങൾ പലതും 

തകർന്നു വീഴുന്നോ..??

തരിപ്പണമാകുന്നോ...?

താപവും വെയിലും

പേമാരിയുമേറ്റ്

തടിപ്പാലങ്ങൾ ജീർണ്ണിച്ചുവോ..?

മേലെഴുത്തേന്തിയ

കോൺഗ്രീറ്റു പാലങ്ങൾ

നിശബ്ദമായ് പെരുവഴിയിൽ 

നിൽക്കുന്നുവോ..?

മാനവ സംസ്കൃതിയുടെ

പാമ്പൻ പാലങ്ങൾ 

ഗുരുശിഷ്യബന്ധങ്ങൾ

മാതൃവാത്സല്ല്യങ്ങൾ 

പുഴുക്കുത്തേറ്റു

താറുമാറാകുന്നോ..?

രക്തബന്ധങ്ങൾക്ക് രക്തസമ്മർദ്ദമേറുന്നു.

ഊർദ്ധ നിശ്വാസങ്ങൾ

വലിക്കുന്നു പലരും 

നൂൽപ്പാലങ്ങളിൽ 

ഇഴഞ്ഞു നീങ്ങുന്നു..??

 

പള്ളിയിലെ

വെള്ളിവെളിച്ചങ്ങൾ

മങ്ങിയോ..? 

ഉള്ളങ്ങളിൽ

ഉരുൾപൊട്ടലുണ്ടായോ..?

സ്നേഹ ബന്ധങ്ങളിൽ 

വിള്ളൽ വീഴുന്നുവോ..?

പട്ടക്കാർ വിശ്വാസം

തള്ളിപ്പറയുന്നോ..? വികലോപദേശത്തിൻ 

വിധികർത്താക്കളോ..??

നിയമജ്ഞർക്ക് 

നീതിബോധം മറഞ്ഞോ..?

നീരസത്തിൻ

പോരാട്ടവീര്യം ചുരത്തി ഫണമുയർത്തുന്നുവോ..?

മാനവ സംസ്കാരം ഹനിക്കപ്പെടുന്നോ ..?

മതങ്ങൾ തമ്മിൽ

മാറ്റുരയ്ക്കുന്നുവോ..?

പെരുവഴിയിലട്ടഹാസം

മുഴങ്ങുന്നോ..?

പാലങ്ങളെല്ലാം തകർന്നടിഞ്ഞോ..?

മാനവ സംസ്കാരം ജീർണ്ണിച്ചുവോ...?

സൃഷ്ടിക്കും സൃഷ്ടാവിനും

മദ്ധ്യേ നിർമ്മിച്ച 

പാലങ്ങൾ പലതും 

നിലം പൊത്തിയോ..?