ഇപ്പോൾ ഉണർന്നു പ്രാർത്ഥിക്കേണ്ടതായ കാലം ; ദൈവശബ്ദം മാത്രമാണ് വഴികാട്ടി: പാസ്റ്റർ സാമുവേൽ
ടിപി.എം ദോഹ കൺവൻഷൻ ആത്മനിറവിൽ സമാപിച്ചു
വാർത്ത: കെ.ബി.ഐസക്ക് (ഗുഡ്ന്യൂസ്)
ദോഹ: തേജസ്സേറിയ ദൈവസഭയുടെ ഭാഗമായി തീർന്ന വിശ്വാസ സമൂഹം ക്രിസ്തുവിലുള്ള ഏകാഗ്രതയും നിർമ്മലതയും കാത്തുസൂക്ഷിക്കണം. ഉണർന്നു പ്രാർത്ഥിക്കേണ്ടതായ കാലമാണ് ഇതെന്നും ദൈവശബ്ദം മാത്രമാണ് ലോകത്തിനു വഴികാട്ടിയെന്നും പാസ്റ്റർ സാമുവേൽ പ്രസ്താവിച്ചു .
ദോഹ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് കൺവൻഷന്റെ സമാപന ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരീരമാകുന്ന തിരശ്ശീല ക്രിസ്തു നമുക്കായി ചിന്തി ജീവനെ നൽകിയതിനാൽ മരണഭയം ഇല്ലാത്ത ആത്മീയ സമൂഹമായി ദൈവജനം ഉണരണമെന്നും പാസ്റ്റർ ശാമുവേൽ പറഞ്ഞു.
മധ്യപൂർവ്വ ദേശത്തെ രണ്ടാമത്തെ കൺവൻഷൻ ദോഹയിലെ ഐ.ഡി.സി.സി കോമ്പൗണ്ടിൽ സജ്ജീകരിച്ച ടെൻ്റിൽ ജനുവരി 23ന് തുടങ്ങി 26 വെള്ളിയാഴ്ച ഉച്ചയോടെ അനുഗ്രഹമായി സമാപിച്ചു. കൺവൻഷനിലും പൊതു ആരാധനയിലും മധ്യപൂർവ്വ ദേശങ്ങളിൽ നിന്നും അമേരിക്ക , ശ്രീലങ്ക ,ഇന്ത്യ നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള 400 _ ൽ പരം വിശ്വാസികൾ അതിഥികളായി സന്നിഹിതരായിരുന്നു.
ദിവസവും വൈകിട്ട് 6ന് തുടങ്ങിയ സുവിശേഷയോഗങ്ങളിൽ സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിച്ചു .
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ആരാധനനക്ക് നേതൃത്വം നൽകി.
ദോഹയിലെ പ്രാരംഭകാല വിശ്വാസികളിൽ ചിലർ
ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജനസമ്മേളനം, സമാപന ദിവസമായ വെള്ളി രാവിലെ ആരംഭിച്ച പൊതു ആരാധന എല്ലാം വിശ്വാസ സമൂഹത്തിൻറെ ആത്മീയ ഉണർവിനും പരിശുദ്ധാത്മാപകർച്ചയ്ക്കും കാരണമായി തീർന്നു.
പാസ്റ്റർ ഫെലിക്സ്, പാസ്റ്റർ റോയി ജോൺ, പാസ്റ്റർ ചാൾസ് ഡെന്നിസ് ,പാസ്റ്റർ സാമുവൽ ശാന്തകുമാർ തുടങ്ങിയവർ വചന ശുശ്രൂഷയ്ക്കും പൊതുയോഗങ്ങൾക്കും നേതൃത്വം നൽകി.
ദോഹയിലുള്ള സമീപ സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും ഈ യോഗങ്ങളിൽ സംബന്ധിച്ചു.
വിവിധ സെഷനിൽ പങ്കെടുത്ത എല്ലാവർക്കും സ്വാദിഷ്ടമായ സ്നേഹ വിരുന്ന് ദൈവസഭ ഒരുക്കി.
ഐ.ഡി.സി.സി കൺവൻഷൻ ടെൻ്റ്
19 75 -ൽ 9 പേർ ചേർന്ന് പ്രാർത്ഥിച്ച് ആരംഭിച്ച ദോഹയിലെ ന്യൂ ടെസ്റ്റ്മെൻ്റ്ചർച്ച് ഇന്ന് 1200ൽ പരം വിശ്വാസികൾ സംബന്ധിക്കുന്ന വലിയ ഒരു ആത്മീയ സംഘമായി വളരുവാൻ ദൈവം സഹായിച്ചു . ദോഹയിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് എൽഡർ മോഹൻരാജ് ആണ്. പാസ്റ്റർ സാമുവൽ ശാന്തകുമാർ മിഡിലിസ്റ്റ് സെൻറർ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു.