അശരണർക്ക് ആശ്വാസമായി 'സാന്ത്വന സ്പർശം 2026'
ആലപ്പുഴ: സ്വതന്ത്ര ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പിവൈപിഎ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ 'സാന്ത്വന സ്പർശം 2026' എന്ന പേരിൽ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി വേറിട്ട പരിപാടി സംഘടിപ്പിച്ചു.
ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ആമോസ് തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ്പ് പി. തോമസ് ദേശീയ ത്രിവർണ്ണപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് പിവൈപിഎ പ്രവർത്തകർ ദേശീയഗാനം ആലപിച്ചു.

വാർഡ് മെമ്പർ ലൈജു, പാസ്റ്റർ റോയ് ഉമ്മൻ എന്നിവർ ആശംസകൾ നേർന്നു. ഗുഡ് സമരിറ്റൻ റിട്രീറ്റ് ഹോം അംഗമായ ജോസ് യേശുക്രിസ്തുവിനെ വർണ്ണിച്ചുകൊണ്ട് ആലപിച്ച കവിത ചടങ്ങിന് അനുഗ്രഹീത അന്തരീക്ഷമൊരുക്കി.
തുടർന്ന് നടന്ന സ്നേഹസൽക്കാരത്തിൽ റിട്രീറ്റ് ഹോമിലെ അംഗങ്ങൾക്കൊപ്പം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും പ്രഭാതഭക്ഷണം പങ്കുവെക്കുകയും ചെയ്തു. അശരണരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെച്ച ഈ കൂട്ടായ്മ ഏവർക്കും ഹൃദയസ്പർശിയായ അനുഭവമായി മാറി.
പാസ്റ്റർ ജേക്കബ് പാതിരാപ്പള്ളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പാസ്റ്റർ ഹരിസൺ വേണ്ണാട്ടുകാട് നന്ദി രേഖപ്പെടുത്തി. ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എ എക്സിക്യൂട്ടീവ്സ്, കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.




