ഈഗോ സഭയെ കൊല്ലും

ഈഗോ സഭയെ കൊല്ലും

ഭരണനേതൃത്വം: ഈഗോ സഭയെ കൊല്ലും

 പാസ്റ്റര്‍ കെ.സി. ജോണ്‍

ഭാ ഭരണസമിതി ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഏത് കാര്യത്തിനാണ് ? ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ഏതു വിഷയത്തിനാണ് ? ഏറ്റവും കൂടുതല്‍ ആവേശവും ഒച്ചയും ഉണ്ടാക്കുന്നത് എന്തിനെച്ചൊല്ലിയാണ്? അധികം പണം ചെലവാക്കുന്നതും കൂടുതല്‍ കത്തെഴുതുന്നതും ഏതു കാര്യത്തിനാണ്? ആ കാര്യങ്ങളാണ് ആ സഭയുടെ മുഖ്യവിഷയം എന്നു വരുന്നു. അപ്രധാനവും നിസ്സാരവുമായ കാര്യങ്ങള്‍ അങ്ങനെ ഒരു സഭയുടെ മുഖ്യലക്ഷ്യമാക്കി മാറ്റുവാന്‍ ദര്‍ശനമില്ലാത്ത നേതൃത്വത്തിനു കഴിയും. ആത്മാക്കളെ നേടുന്നതും, സഭ കള്‍ സ്ഥാപിക്കുന്നതും, മെച്ചമായ  ശുശ്രൂഷകവൃന്ദത്തെ ഒരുക്കുന്നതും തള്ളപ്പെടുന്നു. നാളുകള്‍ അധികം വേണ്ട ആ പ്രസ്ഥാനം ആത്മീക മരണം വരിക്കുവാന്‍.

ഏതെങ്കിലും ഒരു പ്രാദേശിക ഘടകത്തിലുണ്ടായ 'ഈഗോ' പ്രശ്നങ്ങള്‍ (ഞാനാണ് നിങ്ങളെല്ലാവരെക്കാളും വലിയവന്‍ എന്ന മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്ന പ്രശ്നങ്ങള്‍) ഒരു പ്രസ്ഥാന ഭരണസമിതിയുടെ ശ്രദ്ധയും സമയവും ഐക്യതയും അപഹരിക്കുവാന്‍ അനുവദിച്ചുകൂടാ. സൃഷ്ടിപരമായ ചിന്തകളിലൂടെ ദൈവീക ദര്‍ശനത്തെ പ്രാവര്‍ത്തികമാക്കുവാനുള്ള പരിശ്രമങ്ങളാണ് ഭരണസമിതിയുടെ മുഖ്യവിഷയമാകേണ്ടത്. ഇത്തരം ഈഗോ പ്രശ്നങ്ങളെ നേതൃത്വം താലോലിക്കയില്ല എന്നു കാണുമ്പോള്‍ പല പ്രശ്ന ങ്ങളും നിസ്സാരങ്ങളാണെന്നു വെളിവാകും. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയല്ല ശ്രദ്ധ പിടിച്ചു പറ്റേണ്ടത് എന്നു പ്രാമാണ്യവ്യഗ്രതയുള്ളവര്‍ക്കു ബോധ്യം വരികയും ചെയ്യും. പ്രസ്ഥാനത്തിന്‍റെ പൊതുവായ ഗുണനിലവാരത്തകര്‍ ച്ചയുടെ കഥകള്‍ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തി ക്കളയും. പത്തുവര്‍ഷം കൊണ്ടു നേടിയ നേട്ടങ്ങള്‍ ഒരു മാസം കൊണ്ടു തകര്‍ന്നുപോകും. പിന്നെയും ദീര്‍ഘവര്‍ഷങ്ങള്‍ വേണം ആഘാതം മാറുവാന്‍. ഇല്ലെങ്കില്‍ നേതൃനിരയില്‍ മാറ്റമുണ്ടായി ജനങ്ങള്‍ക്കു പുത്തന്‍ പ്രതീക്ഷകളുണ്ടാകേണം. നേതൃത്വത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിക്കണം. കഥകളിലൂടെയാണ് പ്രസ്ഥാനത്തിന്‍റെ പ്രതിഛായ മെച്ചപ്പെടുകയോ തകരുകയോ ചെയ്യുന്നത്.

കഥകള്‍ വ്യാജങ്ങളായാലും കെട്ടിച്ചമച്ചതായാലും പ്രസ്ഥാനത്തിന്‍റെ പൊതുവായ അന്തരീക്ഷത്തിനനുസരിച്ച് കഥകള്‍ വിശ്വസനീയങ്ങളായി മാറും. കെടുകാര്യസ്ഥതയും അഴിമതിയും ഉള്ള ഒരു പ്രസ്ഥാനത്തില്‍ കൈക്കൂലികഥകള്‍ വളരെ വേഗത്തില്‍ പ്രചരിക്കപ്പെടും, നേതൃത്വത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ട അന്തരീക്ഷത്തില്‍ പണാപഹരണത്തിന്‍റെ കഥകള്‍ ഉണ്ടായിവരും. ആത്മീകമായി അധഃപതിച്ച പ്രസ്ഥാനത്തില്‍ ദുര്‍ന്നടപ്പിന്‍റെ കഥകള്‍ സ്വീകാര്യമാകും. കഥകള്‍ വളരെ വേഗത്തില്‍ പ്രചരിക്കയും യുക്തിയുക്തമല്ലെങ്കില്‍പ്പോലും സത്യസന്ധമാണെന്നു സാധാരണക്കാര്‍ വിശ്വസിക്കുകയും ചെയ്യും. ആ കഥകള്‍ ശുശ്രൂഷകരുടെയും വിശ്വാസികളുടെയും മനോവീര്യം കെടുത്തിക്കളയും. പ്രസ്ഥാനത്തില്‍ പ്രചരിക്കുന്ന കഥകളെക്കുറിച്ച് നേതൃത്വം ശ്രദ്ധാലുക്കളാകണം. സ്വാര്‍ത്ഥ താല്പര്യത്തോടെ ആരെങ്കിലും പറഞ്ഞുണ്ടാക്കുന്ന ചീത്ത കഥകളുടെ പൊള്ളത്തരം തുറന്നുകാണിക്കേണം. നല്ല കഥകള്‍ ഉണ്ടാകാനുള്ള അന്തരീക്ഷം ഉണ്ടാക്കേണം.

Advertisement