രാജ്യത്ത് ക്രൈസ്തവർക്കുനേരേയുള്ള പീഡനം പെരുകുന്നെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
ന്യൂഡൽഹി: രാജ്യത്ത് 2014 മുതലിങ്ങോട്ടുള്ള പത്തുവർഷത്തിനിടെ ക്രൈസ്തവർക്കുനേരേയുള്ള പീഡനങ്ങൾ വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ഇക്കാലയളവിൽ 4356 അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരേ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2023-നെ അപേക്ഷിച്ച് 2024-ൽ 100 അക്രമസംഭവങ്ങൾ കൂടി. 2023-ൽ 734 ആയിരുന്നത് 2024-ൽ 834 ആയി വർധിച്ചു.
ക്രൈസ്തവദേവാലയങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്യുന്നത് ആവർത്തിക്കുന്നെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസിൽ കുടുക്കുന്നെന്നും ക്രൈസ്തവസംഘടനകൾ ആരോപിക്കുന്നു.
ഉത്തർപ്രദേശിൽമാത്രം 2020 നവംബർമുതൽ 2024 ജൂലായ് 31 വരെ മതപരിവർത്തനം ആരോപിച്ച് 835-ലധികം കേസെടുത്തെങ്കിലും ഇതിൽ നാലുസംഭവങ്ങളിൽ മാത്രമാണ് അക്രമികൾ ശിക്ഷിക്കപ്പെട്ടത്. 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവർ.
Advertisement