ഇന്നും പൊലിഞ്ഞു രണ്ടു ജീവനുകൾ; ഭയപ്പാടോടെ ജനങ്ങൾ
കവർ സ്റ്റോറി
ഇന്നും പൊലിഞ്ഞു രണ്ടു ജീവനുകൾ; ഭയപ്പാടോടെ ജനങ്ങൾ..
സഭാപ്രവർത്തനങ്ങൾക്കും വെല്ലുവിളി
സന്ദീപ് വിളമ്പുകണ്ടം
കാടിറങ്ങുന്ന ക്രൂരതയ്ക്ക് മുമ്പിൽ ഇന്നും രണ്ടു ജീവനുകൾ പൊലിഞ്ഞു. കക്കയത്ത് കാട്ടുപോത്തിന്റെയും അതിരപ്പിള്ളിയിൽ ആനയുടെയും കലിയ്ക്ക് മുന്നിൽ. കഴിഞ്ഞ ദിവസങ്ങളിലും വേട്ടക്കാരായ മൃഗങ്ങൾക്ക് മുന്നിൽ കീഴടങ്ങി പല ജീവനുകൾ.
ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, പന്നി, കുരങ്ങ്...... ഏതു ജീവിയാകും ഇനി ആക്രമിക്കുകയെന്ന ഭീതിയിലാണ് വയനാടൻ ജനത. വന്യമൃഗങ്ങളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട ഇടുക്കിക്കാരും, മുണ്ടക്കയംകാരും തീർത്തും അസ്വസ്തരാണ്. കാടിറങ്ങുന്ന മൃഗങ്ങൾ ജീവിതക്രമത്തിൻറെ താളം പാടെ തെറ്റിക്കുന്ന സാഹചര്യം നേര്യമംഗലത്തെയും, കക്കയത്തേയും അതിരപ്പിള്ളിയിലെയും ജനങ്ങൾക്ക് പരിചിതമായി തുടങ്ങി. സമീപ സമയങ്ങളിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുകയാണ്. വനമേഖലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മാത്രമല്ല നഗര പ്രദേശങ്ങളിൽ വരെ മനുഷ്യ ജീവിതത്തിന് വെല്ലുവിളിയാകുകയാണ് വന്യജീവികളുടെ കാടിറക്കം.
വനത്തിനോട് ചേർന്ന ഗ്രാമങ്ങളിലുള്ളവർ രാത്രി തള്ളിനീക്കുന്നത് ഏറെ സാഹസപ്പെട്ടാണ്. വന്യമൃഗശല്യം രൂക്ഷമായ കവലകൾ ഇരുട്ട് വീണ് തുടങ്ങുമ്പൊഴേക്കും ആളൊഴിഞ്ഞ് തുടങ്ങും. നാട്ടുകാരിൽ ഭൂരിഭാഗവും വൈകുന്നേരമായാൽ പിന്നെ വീടിന് പുറത്തിറങ്ങില്ല. തുടർമാനമായി നടക്കുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണവും, സാനിധ്യവും ജനജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു.
ആനയെ കൂടാതെ കടുവയും കരടിയും പന്നിയും കാട്ടുപോത്തും പെറ്റ് പെരുകി കാടിറങ്ങുമ്പോൾ, സാധാരണ ജീവിതം അസാധ്യമാകുംവിധം നാട് മുഴുവൻ നിശ്ചലമാവുകയാണ്. വന്യജീവി ശല്യം മൂലം വീടും കൃഷിയുമുപേക്ഷിച്ച് വഴിയാധാരമാകുന്ന കർഷകരുടെ കണ്ണീർ വാർത്തപോലുമാകാത്ത സാഹചര്യം സങ്കടകരമാണ്. പുറത്തിറങ്ങാൻ പേടിച്ച് പാതിവഴിയിൽ പഠനം നിറുത്തുന്ന വിദ്യാർത്ഥികൾ പോലുമുണ്ടെന്നറിയുമ്പോഴാണ് കാടിറങ്ങുന്ന ക്രൂരത എത്രയോ ഭയനാകമാണെന്നു നാം തിരിച്ചറിയുന്നത്. മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമായി തുടരുമ്പോഴും, അതില്ലാതാക്കാനോ, അതിനിരയാകുന്നവർക്ക് ഫലപ്രദമായ വിധം നഷ്ടപരിഹാരം നല്കാനോ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല എന്നതും വേദനിപ്പിക്കുന്ന വാർത്തകളാണ്.
വയനാട്ടിലെ ആത്മീയ പ്രവർത്തനങ്ങളെ വന്യമൃഗ ശല്യം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വനാതിർത്തികളുടെ സമീപ പ്രദേശങ്ങളിൽ നിരവധി സഭകളും വിശ്വാസ സമൂഹവും ഉണ്ട്. സ്വന്തമായി വാഹനമില്ലാത്തവരോ, ഇരു ചക്രവാഹനം മാത്രമുള്ളവരോ ആണ് അധികവും. അതുകൊണ്ട് അവർക്കൊന്നും രാത്രി മീറ്റിംഗുകൾക്കോ കൺവെൻഷനുകൾക്കോ പോകാൻ കഴിയാത്ത സാഹചര്യമാണ് വന്യമൃഗങ്ങളുടെ ഈ കാടിറക്കം സൃഷ്‌ടിച്ചിരിക്കുന്നത്.
നരഭോജികൾ ഉൾപ്പെടയുള്ള കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്ഥിരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ്. ഈ മേഖലകളിൽ സുവിശേഷ പ്രവർത്തകർക്ക് വീടുകൾ കയറിയുള്ള സന്ദർശനമോ, ലഘുലേഖ വിതരണമോ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. സഭാ പ്രവർത്തകരുടെ ഭവന സന്ദർശനത്തെ വരെ ബാധിച്ചിരിക്കുകയാണ് മൃഗങ്ങളുടെ സാന്നിധ്യം. കുഞ്ഞുങ്ങളെ സൺഡേസ്കൂൾ, വി.ബി.എസ് പോലുള്ള ആത്മീയ പോഷക മീറ്റിംഗുകൾക്ക് തനിയെ വിടാൻ മാതാപിതാക്കൾ ഭയക്കുകയാണ്.
സാമ്പത്തിക ഭദ്രതയുള്ള വലിയ സഭകളൊന്നും അധികമില്ലാത്ത വയനാട്ടിൽ, ഭൂരിഭാഗം വിശ്വാസ സമൂഹവും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനുള്ള ചെറിയ ജോലികളോ, കൃഷികളോ ചെയ്താണ് ജീവിക്കുന്നത്. വന്യമൃഗം മൂലം അവർക്ക് കൃഷിയിടങ്ങളേയ്ക്ക് പോകുവാൻ തന്നെ ഭയമാണിപ്പോൾ. കൂടാതെ കാട്ടുമൃഗങ്ങൾ കൃഷികൾ നശിപ്പിക്കുന്നതിലൂടെ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. അല്ലെങ്കിൽ തന്നെ പല കാരണങ്ങളാൽ സുവിശേഷ പ്രവർത്തകർ വരുവാൻ മടിക്കുന്ന ഇടമാണ് വയനാട്. വന്യമൃഗ ശല്യവും കൂടി രൂക്ഷമായപ്പോൾ മറ്റുജില്ലകളിൽ നിന്നും പ്രവർത്തകർ വയനാട് എന്ന ദർശനവുമായി വരുവാൻ മടിക്കും എന്നതിൽ സംശയമില്ല. ഇത്തരത്തിലെല്ലാം സഭാ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലിവിളി തന്നെയാണ് വന്യമൃഗങ്ങളുടെ ജനവാസ മേഖലകളിലെ സാന്നിധ്യം സൃഷ്ടിച്ചിരിക്കുന്നത്.
വന്യമൃഗങ്ങൾക്ക് മാത്രം അതീവ സുരക്ഷയൊരുക്കുന്ന കാലഹരണപ്പെട്ട കരിനിയമങ്ങളെ ജനോപകാരമാംവിധം പരിഷ്‌ക്കരിക്കാൻ ജനപ്രതിനിധികളും, സർക്കാർ സംവിധാനങ്ങളും, ഇപ്പോഴത്തെ പ്രതിഷേധ ബഹളങ്ങൾക്കു ശേഷം തയ്യാറാകുമോ? വന്യജീവികൾ വീടിന്റെ വേലിപൊളിച്ചെത്തുമ്പോൾ നിസ്സഹായരായി ചതഞ്ഞുത്തീരുന്ന ഇത്തരം കർഷക ദുരിതങ്ങൾ ഇക്കുറിയെങ്കിലും അധികാരികളുടെ കണ്ണു തുറപ്പിക്കുമോ? സ്വാഭാവികമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതെങ്കിൽ അതിനുള്ള കാരണം പരിശോധിക്കാതെയും പരിഹരിക്കാതെയും അവയെ തിരികെ കാട് കയറ്റുന്നതിന്റെ യുക്തി എന്താണ്? ഇത്തരത്തിൽ നിരവധി ചോദ്യങ്ങളാണ് വയനാടൻ ജനത ഉയർത്തുന്നത്.
രൂക്ഷമാകുന്ന വന്യമൃഗങ്ങളുടെ കാടിറക്കം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾക്ക് രൂപം നല്കാൻ ഭരണകൂടങ്ങൾക്ക് കഴിയട്ടെ. സമാധാനപരമായ ജനജീവിതം തുടരുവാൻ, സഭാ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ നേരിടാതിരിക്കാൻ നമുക്കും പ്രാർത്ഥിക്കാം.
Advertisement