ദാരാ സിങ്ങിന്റെ ശിക്ഷ ഇളവ്; ഗ്രഹാം സ്റ്റെയിൻസ് വധക്കേസിൽ ഒഡിഷ സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി
വാർത്ത സുജാസ് റോയ് ചീരൻ
ന്യൂഡൽഹി: ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രവീന്ദ്രപാൽ എന്ന ദാര സിങ്ങിന്റെ ശിക്ഷ ഇളവ് ഹരജിയിൽ തീരുമാനമെടുക്കാൻ ഒഡിഷ സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. ഹരജിയിൽ തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാത്തതിനെ തുടർന്നായിരുന്നു കോടതിയുടെ വിമർശനം. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്.
ഇങ്ങനെ ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. തള്ളണമെങ്കിൽ തള്ളുക. ഒരു തീരുമാനം എടുക്കുക. ഞങ്ങൾ അത് പരിഗണിക്കാം. ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല’’ -ബെഞ്ച് പറഞ്ഞു. ആഗസ്റ്റ് 19ലെ ഉത്തരവിൽ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ദാര സിങ്ങിന്റെ ശിക്ഷ ഇളവ് ഹരജിയിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് നിർദേശിച്ചിരുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 17ന് കേസ് പരിഗണിക്കാനായി മാറ്റണമെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത തവണ കേസ് മാറ്റിവെക്കില്ലെന്ന് കോടതി അറിയിച്ചു. തീരുമാനം എടുത്ത് കോടതിയെ അറിയിക്കണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുരിൽ 1999 ജനുവരി 22നായിരുന്നു ആ ക്രൂരകൃത്യം. വാനിൽ ഉറങ്ങിക്കിടക്കവേ ഗ്ലാഡിസിന്റെ ഭർത്താവും ആസ്ട്രേലിയൻ മിഷനറിയുമായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ പത്തു വയസ്സായ ഫിലിപ്പ്, ആറു വയസ്സായ തിമോത്തി എന്നിവരെ തീവ്ര ഹിന്ദുത്വവാദികൾ വാനിലിട്ട് കത്തിച്ചു കൊല്ലുകയായിരുന്നു.
ബി.ജെ.പി അംഗമായ ധാരാ സിങ്, ബജ്റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഗോ സുരക്ഷാ സമിതിയുടെ സജീവ അംഗവുമായിരുന്ന ഇയാൾ കൊലപാതകങ്ങൾ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയ ഇയാൾ ആർ.എസ്.എസ് റാലികളിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു.
Advertisement



































































































