ഗുഡ്‌ന്യൂസിന്റെ അതിജീവന പ്രവർത്തനങ്ങൾ മാതൃകാപരം: അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ; പ്രളയബാധിതർക്ക് കൈത്താങ്ങായി ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി
തിരുവല്ല: ഗുഡ്‌ന്യൂസിന്റെ അതിജീവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ദുരന്തമുഖത്ത് പ്രയാസമനുഭവിക്കുന്നവർക്ക് തണലാകാൻ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും : അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു. തിരുവല്ല സമീപ പ്രദേശങ്ങളിൽ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച 'പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്' എന്ന സഹായ വിതരണം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങൽ ഐ.പി.സി സഭാ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പാസ്റ്റർ ബിനോയ് അധ്യക്ഷത വഹിച്ചു. നൂറിലധികം പേർക്ക് കിറ്റുകളും സാമ്പത്തിക സഹായവും നൽകി.
ഗുഡ്‌ന്യൂസ് കർണാടക കോർഡിനേറ്റർ ചാക്കോ കെ. തോമസ്, കോർഡിനേറ്റിംഗ് എഡിറ്റർ നിബു വെള്ളവന്താനം എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പൊതു പ്രവർത്തകരായ ഈപ്പൻ കുര്യൻ , സോമൻ താമരചാലിൽ, സാബു ഐസക്ക് , റോയ് വറുഗീസ് എന്നിവരും സഭാ പ്രതിനിധികളും പങ്കെടുത്തു. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ആമുഖ പ്രഭാഷണം നടത്തി. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എക്സി. സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സ്വാഗതം പറഞ്ഞു.
ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ അജു അലക്സ്, പാസ്റ്റർ മാത്യൂസ് ജോർജ്ജ് ,എം.ജി മാത്തുണി , അലക്സാണ്ടർ തോമസ്, സരോഷ് കെ.എസ് എന്നിവർ ആശംസകൾ അറിയിച്ചു.
ബാംഗ്ലൂർ വിക്ടറി ഇൻ്റർനാഷണൽ വർഷിപ്പ് സെൻ്റർ സീനിയർ ശുശ്രൂഷകനും സൗത്ത് ഇന്ത്യാ അസംബ്ലിസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടുമായ റവ. ഡോ. രവിമണി, ബാംഗ്ലൂർ ഫുൾഗോസ്പൽ എ.ജി. സീനിയർ പാസ്റ്റർ റവ. പോൾ തങ്കയ്യ, ബഥേൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പ്രസിഡൻ്റ് ഡോ. സണ്ണി ദാനിയേൽ എന്നിവരും വിവിധ സഭാ വിശ്വാസികളായ ജേക്കബ് പി. മാത്യൂ (കൊട്ടാരക്കര), ജാക്സൺ ജേക്കബ്, എബി മാത്യൂ എന്നിവരുമാണ് പദ്ധതിയ്ക്ക് സാമ്ബത്തിക സഹായം നൽകിയത്. ഗുഡ്ന്യൂസ് കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ ചാക്കോ കെ. തോമസിൻ്റെ പ്രയത്നത്തിലൂടെയാണ് പദ്ധതിക്ക് ആവശ്യമായ സ്പോൺസർമാരെ കണ്ടെത്തിയത്. പ്രളയദുരിതത്തിൽ കഷ്ടത അനുഭവിക്കുന്ന വേങ്ങൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായി മാറി.




