കുമളിയിലെ നല്ല ശമര്യക്കാരൻ യാത്രയായി
കുമളി: അമരാവതി എ.ജി.പെനിയേൽ സഭയുടെ മുൻ ട്രഷററും പാറത്താനത്ത് ജോയി വർഗീസ് (61) 9-ന് ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായി. സംസ്കാരം 12-ന് സഭാ സെമിത്തേരിയിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിൻസ് ജോൺ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഭൂമിക്കേല്പിച്ചു.
സഹജീവികളോടുള്ള കടമയും കടപ്പാടും പ്രതിസന്ധിയും ഏറ്റെടുത്ത് ചെയ്യുന്നതിൽ ജാതിമത ഭാഷവർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ ചെയ്യുന്നതിനുള്ള നല്ല മനസ്സിനെ നാടും നാട്ടുകാരും പ്രകീർത്തിക്കുമായിരുന്നു. തനിക്കുള്ള ധനവും വാഹനവും സൗകര്യങ്ങളും അതിനുവേണ്ടി ഉപയോഗിക്കുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല. രോഗികൾക്കും ജീവിതക്ലേശം അനുഭവിക്കുന്നവർക്കും ഈ ശമര്യക്കാരൻ ഒരു താങ്ങും തണലുമായിരുന്നു. ചെയ്യുന്ന പ്രവർത്തികൾ കൊട്ടിഘോഷിക്കുവാനോ വിളംബരം ചെയ്യുവാനോ പോയിട്ടില്ല. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അനേകർക്ക് ആശ്വാസവും അത്താണിയുമായിരുന്ന ഈ 61-കാരൻ നാട്ടിലെ അബാലവൃദ്ധജനങ്ങൾക്കും 'അങ്കിൾ' എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മരണവീട്ടിലും അപകടമേഖലയിലും ആദ്യം ഓടിയെത്തുന്നതും അവസാനം അവിടെനിന്ന് പോകുന്നതും ഈ അങ്കിളാണ്. 'നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരെയും (മനുഷ്യനെ) സ്നേഹിക്കുക' എന്ന ദൈവവചനം തന്റെ ജീവിതത്തിൽ പകർത്തുവാൻ സദാസമയവും തലയിൽ തൊപ്പി ധരിച്ചുനടക്കുന്ന ഈ തൊപ്പിക്കാരൻ ശ്രമിക്കുമായിരുന്നു. മൃതദേഹം ഒരുനോക്ക് കാണാൻ തിങ്ങിക്കൂടിയ ജനം മൂകഭാഷയിൽ ഈ സത്യങ്ങളെല്ലാം അവിടെ പറയുന്നുണ്ടായിരുന്നു.
തിരുവല്ല മനയ്ക്കച്ചിറയിൽ ചെള്ളാത്ത് പാസ്റ്റർ സി.വി.ജോണിന്റെ മകൾ ജെയിനാണ് ഭാര്യ. മക്കൾ: സെർവിൻ, സാറ, ക്രിസ്റ്റ്, ക്രെസ്റ്റീനാ.
ഭവനത്തിലും സെമിത്തേരിയിലും നടന്ന ശുശ്രൂഷയിൽ പാസ്റ്റർമാരായ തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, ഐജു കുര്യാക്കോസ്, ഷിബു ഫിലിപ്പ്, രാജാമണി പാപ്പയ്യാ, മാത്യു സെബാസ്റ്റ്യൻ എന്നിവർ വചനം ശുശ്രൂഷിച്ചു.
എംഎൽഎ. അഡ്വ.സിറിയക് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ റോബിൻ കാരക്കാട്ട്, ബിജു ദാനിയേൽ, അന്നമ്മ ടീച്ചർ, സുവിശേഷകർ കുര്യൻ കെ. എബ്രഹാം, തോമസ് വർഗീസ്, ടി. ടി. തോമസ്, സജി ചക്കാലക്കുഴി, പി.എം. ജോർജ്, ഗുഡ്ന്യൂസ് ജില്ലാ കോ-ഓർഡിനേറ്റർ സണ്ണി ഇലഞ്ഞിമറ്റം എന്നിവരെക്കൂടാതെ വൈദികശ്രേഷ്ഠർ, സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖർ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
വാർത്ത: സണ്ണി ഇലഞ്ഞിമറ്റം
Advertisement






















































































