ഓർമകളിലൂടെ ഒരു യാത്ര: ഹിരോഷിമ പീസ് മെമ്മോറിയൽ ഡോം സന്ദർശനം
ഓഗ. 6 ഇന്ന് ഹിരോഷിമ ദിനം
ഓർമകളിലൂടെ ഒരു യാത്ര: ഹിരോഷിമ പീസ് മെമ്മോറിയൽ ഡോം സന്ദർശനം
ലാൽ മാത്യു ഷാർജ
ഹിരോഷിമ പീസ് മെമ്മോറിയൽ ഡോമിനു മുന്നിൽ നിന്നപ്പോൾ, അസാധാരണ ശാന്തത എന്നെ വലയംചെയ്തു. കാലാതീതമെന്നു തോന്നിക്കുന്ന നിശ്ശബ്ദതയായിരുന്നു അത്. ഒരുകാലത്തു 'ഹിരോഷിമ പ്രിഫെക്ചറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹോൾ' ആയിരുന്ന കെട്ടിടത്തിന്റെ അവശേഷിക്കുന്ന അസ്ഥികൂടസമാനമായ ഘടന, മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ മൂകസാക്ഷിയായി നിൽക്കുന്നു. ചരിത്രപ്രധാനമായ ഈ സ്ഥലം കാഴ്ചകൾക്കപ്പുറം ചരിത്രം, മനുഷ്യദുരിതം, അതിജീവനം, സമാധാനവാഞ്ഛ എന്നിവയുടെ സമ്മേളനരംഗമാണ്. സമാധാനം കേവലം യുദ്ധമില്ലായ്മയല്ല, ദൈവനീതി, സ്‌നേഹം, അനുരഞ്ജനം എന്നിവയുടെ സാന്നിധ്യമാണെന്ന് അവിടെ നിന്നപ്പോൾ തിരിച്ചറിഞ്ഞു. മുറിവുകളുടെ ലോകത്തിൽ സമാധാനത്തിന്റെ കാവൽക്കാരാകാൻ ഓരോ സന്ദർശകനെയും മൂകമായി ആഹ്വാനം ചെയ്യുകയാണവിടം.

ആ കുഭഗോപുരത്തിനടുത്തേക്കു നീങ്ങിയപ്പോൾ, അതിന്റെ ഉരുക്കു ചട്ടക്കൂടും പഴക്കം ചെന്ന ഇഷ്ടികച്ചുവരുകളും ഒരുതരം ഭീതിയോടൊപ്പം വശ്യസൗന്ദര്യം വെളിപ്പെടുത്തുന്നെന്നു തോന്നി. 1945 ഓഗസ്റ്റ് ആറിലെ ആണവാക്രമണത്തെ അതിജീവിച്ച ആ കെട്ടിടം മനുഷ്യാസൂത്രണം മൂലമല്ല, അദ്ഭുതകരമായ ദൈവിക ഇടപെടലിലൂടെയാണു നിലനിന്നത്. സ്‌ഫോടനകേന്ദ്രത്തിന് ഏറ്റവും അടുത്തായി ഭാഗികമായി അവശേഷിക്കുന്ന ഏക നിർമിതിയാണത്. തകർന്ന അവസ്ഥയിൽത്തന്നെ സംരക്ഷിച്ചിരിക്കുന്ന ഈ കെട്ടിടം, നിമിഷനേരംകൊണ്ടു സംഭവിച്ച മഹാദുരന്തത്തിന്റെ നേർസാക്ഷിയാണ്. ആ അവശിഷ്ടങ്ങളിലേക്കു നോക്കുമ്പോൾ, പാപം വരുത്തുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിച്ചുപോയി. സ്‌നേഹം, നീതി, ഐക്യം എന്നിവയിലൂന്നിയ ദൈവഹിതത്തിൽനിന്നു ലോകം എത്രയേറെ അകന്നെന്നു വ്യക്തമാക്കുന്ന, മനുഷ്യന്റെ ആന്തരികത്തകർച്ചയുടെ പ്രതിഫലനങ്ങളാണു യുദ്ധവും വിദ്വേഷവും അക്രമവും. ആ സ്മാരകത്തിനു ചുറ്റുമുള്ള നിശ്ശബ്ദതയ്ക്ക് ഒരുതരം മൂർത്തമായ അനുഭവമുണ്ടായിരുന്നു; മരിച്ചുവീണവരുടെ ഓർമകൾ വായുവിൽ തങ്ങിനിൽക്കുന്നതുപോലെ തോന്നി. ആ നിശ്ശബ്ദതയിൽ, ദുരന്തത്തിനിരയായവർക്കും, ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞ അതിജീവിതർക്കും, അക്രമവും ഭിന്നതയും മൂലം വലയുന്നവർക്കും ദൈവത്തിന്റെ കരുണയുണ്ടാകാൻ ഞാൻ പ്രാർഥിച്ചുപോയി.

ചുറ്റുമുള്ള നടപ്പാതകളിലൂടെ മുന്നോട്ടുപോകുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ നിശബ്ദരായി ആദരവോടെ നീങ്ങുന്നതു കണ്ടു. ചിലർ ഫലകലിഖിതങ്ങൾക്കു മുന്നിൽ ചിന്താധീനരായി നിന്നപ്പോൾ, വേറെ ചിലർ ആത്മചിന്തയിലാണ്ടു. ബോംബാക്രമണത്തിനു മുൻപുള്ള ഹിരോഷിമയെക്കുറിച്ച് ഒരു വേള ചിന്തിച്ചുപോയി. പുഞ്ചിരിതൂകി സ്‌കൂളിലേക്കു നടക്കുന്ന കുട്ടികൾ, പ്രവർത്തനങ്ങൾ ആരംഭിക്കുന്ന തൊഴിലാളികൾ, സന്തോഷമുഹൂർത്തങ്ങൾ പങ്കിടുന്ന കുടുംബങ്ങൾ. അന്നു സജീവമായിരുന്ന ആ നഗരവും ഇപ്പോഴത്തെ നഷ്ടാവശിഷ്ടങ്ങളും തമ്മിലുള്ള അന്തരം എന്നെ വല്ലാതെ സ്പർശിച്ചു. ഹിരോഷിമയിലെ ഇരകൾ ചരിത്രത്തിലെ വെറും കണക്കുകൾ മാത്രമായിരുന്നില്ല; അവർ നമ്മെപ്പോലെതന്നെ ദൈവസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിനു പ്രിയപ്പെട്ടവരുമായിരുന്നു. അവരും അളവറ്റ അന്തസ്സിന്റെയും മൂല്യത്തിന്റെയും ഉടമകൾതന്നെ.

ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് വളരെ ആഴത്തിൽ നമ്മോടു സംവദിക്കുന്നു. ആണവാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായുള്ള കെടാവിളക്കും സമാധാനസ്മാരക മ്യൂസിയവും ചേർന്നു സങ്കല്പാതീത ദുരിതത്തിന്റെയും അസാധാരണ അതിജീവനത്തിന്റെയും നിലനിൽക്കുന്ന പ്രത്യാശയുടെയും കഥയാണു പറയുന്നത്. മ്യൂസിയത്തിലെ ചിത്രങ്ങളും വ്യക്തിഗത വസ്തുക്കളും അതിജീവിതരുടെ അനുഭവസാക്ഷ്യങ്ങളും ചരിത്രവസ്തുതകളുടെ ആഴത്തിലുള്ള അനുഭവങ്ങളാക്കി മാറ്റി. ഒരു കുട്ടിയുടെ കരിഞ്ഞുപോയ ഉച്ചഭക്ഷണപ്പെട്ടി, രാവിലെ 8:15-ൽ എന്നെന്നേക്കുമായി നിലച്ചുപോയ വാച്ച്, അതിജീവിതരുടെ കത്തുകൾ എന്നിവ പ്രദർശനവസ്തുക്കളൾക്കപ്പുറം നിലച്ചുപോയ ജീവിതങ്ങളെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമപ്പെടുത്തലുകളായിരുന്നു. സുവിശേഷങ്ങളിലുടനീളം, ഹൃദയം തകർന്നവരോടൊപ്പം നിലകൊള്ളുകയും മുറിവേറ്റവരെ സുഖപ്പെടുത്തുകയും ദുഃഖാർത്തരെ ആശ്വസിപ്പിക്കുകയും ചെയ്ത യേശുവിനെ ഇവ ഓർമപ്പെടുത്തി. യഥാർഥ വിശ്വാസം അനുകമ്പ, കരുണ, കഷ്ടപ്പെടുന്നവരോടുള്ള ഐക്യദാർഢ്യം എന്നിവയിലൂടെ പ്രകടമാക്കേണ്ടതാണ്. അതിനുള്ള ഒരു ക്ഷണംകൂടിയായി ഈ സന്ദർശനം.
ദുഃഖസ്മരണയ്ക്കിടയിലും ഹിരോഷിമ അസാധാരണമായ നവീകരണചൈതന്യം പ്രസരിപ്പിക്കുന്നു. ഇന്ന്, നഗരം ആധുനികത തുടിക്കുന്നതാണ്. പാർക്കുകളിൽ കുട്ടികൾ ആർത്തുചിരിക്കുന്നതും നഗരവാസികൾ നദീതീരപാതകളിലൂടെ സന്തോഷത്തോടെ സൈക്കിൾ സവാരിചെയ്യുന്നതും ഡോമിന്റെ സാന്നിധ്യത്തിനു വിപരീതമായി ജനസമൂഹം വളർന്നതിന്റെ തെളിവാണ്. നമ്മെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തെ ഇതു പ്രതിധ്വനിപ്പിക്കുന്നു. ചരിത്രം നൽകിയ മുറിവുകൾ അവശേഷിക്കുന്നെങ്കിലും, നിരാശയിൽനിന്നു പ്രത്യാശയും, തകർച്ചയിൽനിന്നു സൗഖ്യവും, നഷ്ടാവശിഷ്ടങ്ങളിൽനിന്നു പുതിയ ജീവിതവും കൊണ്ടുവരാൻ ദൈവത്തിനു കഴിയും.

ക്ഷമയെയും അനുരഞ്ജനത്തെയും കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടു നമ്മിൽ വലിയ സ്വാധീനം ചെലുത്തേണ്ടിയിരിക്കുന്നു. ഭൂതകാലത്തിലെ ഭീകരാനുഭവങ്ങളെ മായ്ക്കുന്നതോ അനീതിയെ ന്യായീകരിക്കുന്നതോ അല്ല ക്ഷമ; മറിച്ച്, തന്നെ ക്രൂശിച്ചവർക്കുവേണ്ടി ''പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ'' എന്നു പ്രാർഥിച്ച ക്രിസ്തുവിന്റെ മാതൃകയെ അതു പ്രതിഫലിപ്പിക്കുന്നു. കുംഭഗോപുരത്തിനു മുന്നിൽ നിന്നപ്പോൾ, വെറും ഉടമ്പടികളിലൂടെയോ രാഷ്ട്രീയക്കരാറുകളിലൂടെയോ മാത്രം യഥാർഥ സമാധാനം നിലനിർത്താനാകില്ലെന്നു ബോധ്യമായി. ശാശ്വത സമാധാനം ആരംഭിക്കുന്നതു രൂപാന്തരപ്പെട്ട-വെറുപ്പു വെടിയാനും കരുണതേടാനും സന്നദ്ധമായ-ഹൃദയങ്ങളിൽ നിന്നാണ്.
ഹിരോഷിമ പീസ് മെമ്മോറിയൽ ഡോം സന്ദർശിച്ചത് എന്റെ മനസ്സിലും വിശ്വാസത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. ലോകനേതാക്കൾ ചർച്ച ചെയ്യുന്ന കേവലം ആശയമല്ല സമാധാനം, ഓരോ വിശ്വാസിയും ഏറ്റെടുക്കേണ്ട പവിത്രനിയോഗമാണെന്ന് അതെന്നെ ബോധ്യമാക്കി. ലോകം മുഴുവൻ ശാന്തി പകരാനുള്ള ഉപകരണങ്ങളായി നാം വിളിക്കപ്പെട്ടിരിക്കുന്നു. പഴയ മുറിവുകൾ വീണ്ടും തുറക്കാനല്ല, അക്രമത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ മാനവരാശി ഒരിക്കലും മറക്കാതിരിക്കാനാണു ഹിരോഷിമയിലെ സ്മാരകം നിലകൊള്ളുന്നത്.
ആത്യന്തികമായി, ഹിരോഷിമ നമ്മെ ഓർമപ്പെടുത്തുന്നതു സമാധാനത്തിലേക്കുള്ള വഴിയാണ്. വെളിച്ചം അന്ധകാരത്തെ കീഴടക്കുന്നതുപോലെ 'ലോകത്തിന്റെ വെളിച്ച' മായ ക്രിസ്തു എപ്പോഴും വിജയിക്കുന്നു എന്ന ചിന്ത എന്നിൽ രൂഢമൂലമായി. മനുഷ്യന്റെ നശീകരണ പ്രവണതകൾക്കെതിരെയുള്ള ഒരു മുന്നറിയിപ്പായും, വെറുപ്പിനെക്കാൾ ശക്തമായ ദൈവസ്‌നേഹത്തിന്റെയും, പ്രതികാരത്തെക്കാൾ ശക്തമായ കരുണയുടെയും അടമയാളമായി 'പീസ് മെമ്മോറിയൽ ഡോം' നിലകൊള്ളുന്നു. ഹിരോഷിമയിൽനിന്നു മടങ്ങുമ്പോൾ, ഭൂതകാലദുഃഖത്തിൽ മുഴുകിയിരിക്കാതെ, അനുകമ്പയും അനുരഞ്ജനവും ക്രിസ്തുവിന്റെ സമാധാനവും നിറഞ്ഞ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പവിത്രമായ ഉൾവിളി സ്വയം മനസിലാക്കി. ഹിരോഷിമ നൽകുന്ന പാഠങ്ങൾ ഒരിക്കലും മറക്കാതിരിക്കട്ടെ; ഒപ്പം, 'ഒരു ജാതി മറ്റൊരു ജാതിക്കെതിരെ വാളോങ്ങുകയില്ല, അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല'(യെശ. 2:4) എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെയുള്ള, നിലനിൽക്കുന്ന പുതുലോകത്തിനായി നിരന്തരം പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.
Advertisement













































































