ദുരുപദേശത്തിനെതിരെ ശക്തമായി നിലകൊണ്ട ആത്മീയ നേതാവ്; പാസ്റ്റർ കെ.കെ. ചെറിയാനെ അനുസ്മരിച്ച് സഭാ നേതാക്കൾ
കോട്ടയം: പ്രശസ്ത പ്രസംഗകനും വേദ അധ്യാപകനുമായ പാസ്റ്റർ കെ. കെ. ചെറിയാന്റെ നിര്യാണത്തിൽ പെന്തെക്കോസ്ത് സഭാ നേതാക്കളും എഴുത്തുകാരും മാധ്യമപ്രവർത്തകരും അനുശോചിച്ചു.
ദുരുപദേശങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ട ആത്മീയ നേതാവായിരുന്നു പാസ്റ്റർ കെ. കെ. ചെറിയാനെന്ന് ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗവും ജീവിതവും ക്രിസ്തുവിനെ ഉയർത്തിക്കാട്ടുന്നതിനും സുവിശേഷ വ്യാപനത്തിനും ഏറെ പ്രയോജനപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
പെന്തെക്കോസ്‌തു ലോകത്തിന് തന്റെ പ്രസംഗങ്ങളിലൂടെ വിശുദ്ധിയും വേർപാടും എന്തെന്ന് പഠിപ്പിച്ച ശക്തനായ സഭാ നേതാവും വേദാദ്ധ്യാപകനുമായിരുന്നു അദ്ദേഹമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ തന്റെ അനുശോചന സന്ദേശത്തിൽ ഗുഡ്ന്യൂസിനോട് പറഞ്ഞു.
ഉപദേശത്തിനും ജീവിതത്തിനും ഏറെ വില കൽപ്പിക്കുകയും വിശുദ്ധിയോടെ ജീവിക്കാൻ പെന്തെക്കോസ്ത് സമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്ത ഉന്നതനായ കൺവെൻഷൻ പ്രസംഗകനായിരുന്നു പാസ്റ്റർ കെ. കെ. ചെറിയാനെന്ന് ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് അനുശോചന കുറിപ്പിൽ വ്യക്തമാക്കി. ചീഫ് എഡിറ്റർ സി.വി.മാത്യു, എഡിറ്റർ ഇൻ ചാർജ് ടി.എം.മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ബോർഡംഗങ്ങളായ പാസ്റ്റർ റോയി വാകത്താനം, ബാബു വടക്കേക്കുറ്റ്, ഫിന്നി മാത്യു ഒക്ലഹോമ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
പാസ്റ്റർ കെ. കെ. ചെറിയാന്റെ നിര്യാണത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർദേശീയ കൗൺസിലും അനുശോചനം അറിയിച്ചു. ആക്ടിംഗ് പ്രസിഡന്റ് സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറർ ഫിന്നി പി. മാത്യു, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളങ്കാട്ടിൽ മറ്റു ഭാരവാഹികളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്‌റ്റർ സി.പി. മോനായി, ഷാജി മാറാനാഥ, ടോണി ചെവ്വൂക്കാരൻ, നിബു വെള്ളവന്താനം, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ സജി പീച്ചി എന്നിവർ അനുശോചിച്ചവരിൽ ഉൾപ്പെടുന്നു.






