നിധിപോലെ ഇന്നും സൂക്ഷിക്കുന്ന ആ ഗുഡ്ന്യൂസ്
ജോയ് മാത്യു നെടുംകുന്നം
അക്ഷരങ്ങള്‍ക്ക് അച്ചടിമഷിപുരണ്ട്, സ്വന്തം പേര് എഴുതിവരുന്ന കൃതി കാണുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലപ്പുറമാണ്. കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് മാഗസിനില്‍ (1986 - 87) അച്ചടിച്ചു വന്ന കഥയാണ് എന്‍റെ ആദ്യത്തെ സാഹിത്യ സൃഷ്ടി. ഒരു നിധിപോലെ കുറെനാള്‍ കാത്തുസൂക്ഷിച്ചെങ്കിലും അത് നഷ്ടപ്പെട്ടു.
1990 ജൂണിലെ ഒരു ഗുഡ്ന്യൂസില്‍ എന്‍റെ രണ്ടാമത്തെ ക്രിസ്തീയ കഥ പ്രസിദ്ധപ്പെടുത്തി. 'പിന്‍തലമുറ' എന്നതായിരുന്നു തലക്കെട്ട്. ഗുജറാത്തിലെ ഒരു കമ്പനിയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന കാലഘട്ടം. ഓഫീസിലെ ഇടവേളകളുടെ സമയങ്ങളില്‍ എന്തൊക്കെയോ എഴുതിക്കൂട്ടുമായിരുന്നു.
അനുഭവങ്ങളും, ചിന്തകളും, ഭാവനയും സര്‍ഗാത്മകതയും എല്ലാം ചേര്‍ന്ന് വന്നപ്പോള്‍ ഒരു കഥ രൂപപ്പെടുകയായിരുന്നു. അത് ഗുഡ്ന്യൂസ് വീക്കിലിയിലേക്ക് കൊടുത്തു. പിന്നെ നീണ്ട കാത്തിരിപ്പാണ്, പ്രാര്‍ഥനയാണ്. ചില മാസങ്ങള്‍ക്ക് ശേഷം ആ കഥ അച്ചടിച്ച് പുറത്തുവന്നു. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. കണ്ണില്‍ കണ്ടവര്‍ക്കെല്ലാം വായിക്കാന്‍ കൊടുത്തു. പരിചയക്കാരോടൊക്കെ പറഞ്ഞു. ഇന്നും അതൊരു നിധിപോലെ കാത്തുസൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരു ക്രിസ്തീയ എഴുത്തുകാരന്‍റെ പിറവി അങ്ങനെയായിരുന്നു.
ഏകദേശം മുപ്പത്തിനാല് വര്‍ഷമായി തുടര്‍മാനം ഇന്നും എഴുത്തിന്‍റെ മേഖലയില്‍ സജീവമാണ്. കാലം മാറി. അച്ചടിമഷിയുടെ കാലം അവസാനിച്ചില്ലെങ്കിലും, നവമാധ്യമ സംസ്കാരം അതിനെ കവച്ചുവെച്ചു. നമ്മുടെ ആശയങ്ങളും സാഹിത്യസൃഷ്ടിയും ഇടനിലക്കാരില്ലാതെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം വന്നിരിക്കുന്നത്. ആര്‍ക്കും എന്തും തുറന്നെഴുതാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇന്നുള്ളത്.
പുതിയ എഴുത്തുകാരോട്: രചനകള്‍ക്ക് ആധികാരികത ഉണ്ടായിരിക്കണം, ഭാവനാസമ്പന്നമായിരിക്കണം, വായനാസുഖം ഉണ്ടാകണം, സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതൊന്നും എഴുതരുത്. വായനക്കാര്‍ പ്രബുദ്ധരാണെന്ന് എഴുത്തുകാരന്‍ ഓര്‍ത്തിരിക്കണം. അക്ഷരം അറിയാമെന്നുവെച്ച് എന്തും എഴുതരുത്!
Advertisement