മലബാര്‍ വെറുമൊരു 'പ്രൊജക്ടിട'മാകരുത്

മലബാര്‍ വെറുമൊരു 'പ്രൊജക്ടിട'മാകരുത്

കവർ സ്റ്റോറി 

മലബാര്‍ വെറുമൊരു 'പ്രൊജക്ടിട'മാകരുത്

സജി മത്തായി കാതേട്ട്

"യേശു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലമാണ് മലബാർ. ഇവിടെയുള്ളവരോട് യേശുവിനു പ്രത്യേക സ്നേഹമാണ്.  പക്ഷെ, മലബാറിലുള്ളവരുടെ ദർശനം മധ്യ തിരുവിതാംകൂറാണ്. മധ്യതിരുവിതാംകൂറിലുള്ളവരുടെ ദർശനം വടക്കേയിന്ത്യയാണ് ". മലബാറിലെ പെന്തെക്കോസ്തു ചരിത്രപാതകളിലൂടെ നടന്ന പാസ്റ്റർ സി.ജെ. ഏബ്രഹാമിന്റെ വാക്കുകളാണിവ. മലബാറിന്റെ മണ്ണിൽ 'പാലും തേനും ഒഴുകുന്ന കാനാൻ ' സ്വപ്നം കണ്ട് കഠിനാദ്ധ്വാനം ചെയ്ത് ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്ന പാസ്റ്റർ സി ജെ യുടെ വാക്കുകൾ പൂവണിയുന്നതെന്നാണ്?

മലബാറിലെ സുവിശേഷമുന്നേറ്റത്തിന്റെ പേരിൽ ഒട്ടേറെ പ്രോജക്ടുകളും , പ്ലാനും, എസ്റ്റിമേറ്റും, സംഘവും, സംഘടനയും ഒക്കെ നിലവിലുണ്ടെങ്കിലും അവയൊക്കെ വെറുമൊരു 'വാഹന പ്രചരണ ജാഥയിൽ' ഫുൾസ്റ്റോപ്പിടുന്നു. നിലനില്ക്കുന്ന പ്രവർത്തന പദ്ധതികൾ ആരും തന്നെ മുന്നോട്ടുവയ്ക്കുന്നില്ല. മലബാർ ഇന്നും സുവിശേഷ മുന്നേറ്റത്തിൽ വെറും പാറപുറത്ത്  വീണ വിത്തു പോലെ തന്നെ. എത്ര ഉഴുതാലും അടിമണ്ണില്ലാത്തിടമെന്നാണ് എല്ലാ 'പ്രോജക്ടുകാരും' പറയുന്നത്.

പക്ഷെ സുവിശേഷ പ്രവർത്തനത്തിനു പാകമായ മണ്ണാണ് മലബാറെന്നു ദർശനം ഉള്ളവർ ആണയിടുന്നു. അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്ന ആത്മമാരിയുടെ നാളെക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒട്ടേറെ സുവിശേഷ പ്രവർത്തകർ ഇവിടെയുണ്ട്. മലബാറിൽ പ്രവർത്തിക്കുന്ന തൊണ്ണൂറു ശതമാനം സുവിശേഷകരും യുവാക്കളാണ്. പട്ടിണിയും അവഗണനയും ഭീഷണിയും രോഗങ്ങളും സൗകര്യ കുറവുകളും ഗണ്യമാക്കാതെ അവർ രാപകൽ അദ്ധ്വാനിക്കുന്നു. യേശുവിനായ് ആവലോടെ കാത്തിരിക്കുന്നവർ ഏറെയുണ്ട് മലബാറിൽ. അതുകൊണ്ടാണ് സുവിശേഷത്തിനെതിരെ ഏറ്റവും കൂടുതൽ എതിർപ്പുകളും ഇവിടെ നിന്നുമുയരുന്നത്.

മലബാറിൽ സുവിശേഷത്തിനു നാന്ദികുറിച്ചത്  ബാസൽ മിഷൻകാരാണ്. അവർ പാകിയ വിത്തുകൾ മുളച്ചു വരുമ്പോഴേയ്ക്കും അവരുടെ മിഷനറിമാർ സ്വന്തരാജ്യത്തേക്ക് കപ്പൽ കയറി. പിന്നീടുള്ളവർ അവർ വാങ്ങിയ മണ്ണിൽ സ്കൂളും ആശുപത്രിയും മരങ്ങളും നട്ടുപിടിപ്പിച്ച് അവയെല്ലാം കച്ചവടകേന്ദ്രങ്ങളാക്കി. പക്ഷെ സുവിശേഷ പ്രചരണം മാത്രം വെറും വാക്കുകളിലും നോട്ടീസുകളിലും ഒതുങ്ങി.

1930 കളിലാണ് മലബാറിൽ പെന്തെക്കോസ്തു സന്ദേശമെത്തുന്നത്. ആദ്യമൊക്കെ വളരെ വേഗം ഓടിയെങ്കിലും മലബാറിലെ കടുപ്പമുള്ളമണ്ണിൽ പ്രതീഷച്ചത്ര വിളവുണ്ടായില്ല. ദർശനവും ആത്മാർത്ഥതയും ഉണ്ടായിരുന്ന ആദ്യകാല മിഷനറിമാർ ഏറെ പ്രതിസന്ധികളെ അനുഭവിച്ചു. അവഗണനയും അക്രമവുമായിരുന്നു അവർക്ക് മലബാറിൽ നിന്നും ലഭിച്ചത്. അതിനിടയിലും ദൈവസന്ദർശനവും അത്ഭുതങ്ങളും അടയാളങ്ങളും രോഗസൗഖ്യങ്ങളും ചില ഗ്രാമങ്ങളിൽ ഉണ്ടായി.  എന്നാൽ പെന്തെക്കോസ്തു സഭകളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയത് തിരുവിതാംകൂറിൽ നിന്നുള്ള പെന്തെക്കോസ്തു വിശ്വാസികളുടെ കുടിയേറ്റമായിരുന്നു.

മലബാറിൽ പ്രവർത്തിക്കുന്ന ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും ഭൗതീക സാഹചര്യം മെച്ചപ്പെട്ടാലെ ഇവിടെത്തെ വേലയ്ക്ക് വേഗതയുണ്ടാവൂ എന്നാണ് മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്. വലിയ പള്ളികളും സാഹചര്യങ്ങളും വിട്ടു വരുന്നവർ കടമുറി വാടകയ്ക്കെടുത്തും ഒറ്റമുറി കെട്ടിടത്തിലും ആരാധിക്കാനെത്തുമ്പോഴുണ്ടാക്കുന്ന വിഷമത ഏറെയാണ്.

കൂടെ നിന്നാൽ വളർച്ചയുണ്ടാകില്ലെന്നു മനസിലാക്കിയ മലബാറിലെ ഏജി സഭാസമൂഹം മലബാർ ഡിവിഷനായി കേരളാ ഡിസ്ട്രിക്റ്റിൽ നിന്നും മാറിയതിനാൽ മലബാറിൽ ഏ ജി സഭകളുടെ വളർച്ച മുന്നിലാണ്. എല്ലാ ടൗണിലും സാന്നിദ്ധ്യം വേണമെന്ന മലബാർ ഡിസ്ട്രിക്ടിന്റെ നേതൃത്വം ചിന്തിച്ചതിനാൽ മിക്കടൗണുകളിലും നല്ല സഭാകൂടിവരവുകൾ അവർക്കുണ്ട്.

എന്നാൽ അറുനൂറിലധികം സഭാ പ്രവർത്തനങ്ങളുള്ള    ഐപിസിയ്ക്ക് മലബാറിലെ മിക്കയിടങ്ങളിലും സാന്നിദ്ധ്യമുറപ്പിക്കാനായിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും  വളർച്ചയ്ക്കായി ഏറെ ഓടേണ്ടതായിട്ടുണ്ട്. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനം അടുത്തകാലത്തായി മലബാറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മലബാറിലെ മിക്ക ജില്ലകളിലും സാന്നിദ്ധ്യമുണ്ട്. മലബാറിൽ സ്ഥായിയായ വളർച്ചയാണ് ടി.പി.എം സഭയ്ക്ക് ഉള്ളത്. ട്രൈബൽ മിഷൻ, ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെല്ലോഷിപ് സഭാ തുടങ്ങിയവയും നിരവധി സ്വതന്ത്ര സഭാ കൂട്ടായ്‍മകളും ഇന്ന് മലബാറിലുണ്ട് 

ഒരു കാലത്ത് മലബാറിനെ സഹായിച്ചിരുന്നവരെല്ലാം നോർത്തിന്ത്യയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ മലബാറിൽ പ്രവർത്തനത്തിനു സാമ്പത്തിക ക്ലേശം ഏറെയാണ്. മന്ദഗതിയിലാണെങ്കിലും മലബാറിലെ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥായിഭാവം ഉണ്ടെന്നു മനസിലാക്കാതെ സഹായിച്ചവരെല്ലാം നോർത്തിന്ത്യാ ദർശനമാവുമായി ഓടി അകന്നത് മലബാറിലെ വളർച്ചയ്ക്ക് തടസമായി. എന്നാലും വിതച്ച വിത്തുകളെല്ലാം കിളിർത്തു ഫലം ലഭിക്കുമെന്ന ദർശനം മലബാറിനെ സ്നേഹിക്കുന്നവർക്കുണ്ട്. സഹായിക്കുന്നവരെ തൃപ്തിപ്പെടുത്താൻ  ബോർഡുകൾ മാറ്റിവയ്ക്കാത്തതാണ് മലബാർ കാണിച്ച ആത്മാർത്ഥത. അതാണ് മലബാറിനെ ബാധിച്ചതും. രാജസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെലോഷിപ്പിന്റെ സഭാ പ്രവർത്തനം മലബാറിൽ വളർച്ചയുടെ പാതയിലാണ്. 

മലബാറിൽ നിന്നുള്ള വിശ്വാസികളുടെ പ്രയത്നം സഭാ വളർച്ചക്ക് ഏറെ ഉതകിയെങ്കിലും മലബാറിനെക്കാളും ബെറ്ററാണ് നോർത്തിന്ത്യായെന്ന്  കാണുന്നിടത്തെല്ലാം പ്രഘോഷിക്കുകയും ചില മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ മലബാർ പ്രോജക്ട് വെറുമൊരു പ്രോജക്റ്റിടമായിത്തീർന്നത്.

Advertisement