നമ്മെ കേൾക്കുന്ന രാജാവ്

നമ്മെ കേൾക്കുന്ന രാജാവ്

റവ. ജോർജ് മാത്യു പുതുപ്പള്ളി

സർ എഥെൽ ബി. സട്ടന്റെ പ്രശസ്തമായ കൃതിയാണ് 'Today's Word of God' (ഇന്നത്തെ ദൈവവചനം). അതിൽ യുദ്ധക്കളത്തിൽവച്ച് മുറിവേറ്റ് കാഴ്ച നഷ്ടപ്പെട്ട യുവാവായ ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പരിശീലനം സിദ്ധിച്ച ഒരു സംഗീതജ്ഞൻ കൂടിയായിരുന്ന ആ സൈനികൻ തന്റെ ശിഷ്ടായുസ് ലണ്ടനിലെ ഒരു സൈനീകാശുപത്രിയിൽ മുറിവേറ്റു കഴിയുന്ന സൈനീകരെ പിയാനോ വായിച്ചു കേൾപ്പിച്ചുകൊണ്ട് ചെലവഴിച്ചു. ആശുപത്രി സന്ദർശകരുടെ കാലടിശബ്ദങ്ങൾ അദ്ദേഹത്തിന്റെ ഈ സംഗീതസപര്യയെ തെല്ലും ബാധിച്ചില്ല. മാരകമായി മുറിവേറ്റവർക്ക് തന്റെ സംഗീതവിരുന്ന് അല്പമെങ്കിലും ആശ്വാസം പകരട്ടെ എന്നു ചിന്തിച്ചുകൊണ്ട് അദ്ദേഹം തന്റെ സേവനം തുടർന്നുകൊണ്ടിരുന്നു.

ഒരു ദിവസം അദ്ദേഹം പാട്ടുപാടിക്കൊണ്ട് പിയാനോ വായിച്ചു കഴിഞ്ഞപ്പോൾ ആരോ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് കയ്യടിക്കുന്നത് അദ്ദേഹം കേട്ടു. അതാരാണെന്ന് ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചപ്പോൾ 'ഞാനാണ്, നിന്റെ രാജാവ്' എന്ന മറുപടിയാണ് അദ്ദേഹം കേട്ടത്. ആശുപത്രി സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജാവായിരുന്നു അത്.

ക്രിസ്തീയ ശുശ്രൂഷയിലേക്ക് രാജാധിരാജാവായ യേശുകർത്താവ് നമ്മെ നിയോഗിച്ചിരിക്കുകയാണ്. നാം അവിടുത്തെ വിശ്വസ്ത സൈനീകരാണ്. ദൈവഹിതത്തിന്റെ ശക്തിയേറിയ നിർബന്ധം ഇന്നു നാം ആയിരിക്കുന്ന പ്രവൃത്തിമേഖലകളിൽ നമ്മെ മുന്നോട്ടു നയിക്കുന്നു. ഇവിടെ അധികമാരും അറിയാത്ത സുവിശേഷരംഗങ്ങളിൽ നാം നിശബ്ദസേവനം നടത്തുമ്പോൾ നാം അറിയാതെ ഒരുവൻ നമ്മുടെ സമീപത്തെത്തും. നമ്മുടെ വചനശുശ്രൂഷയ്ക്ക് അവൻ ഊർജ്ജം പകരും. നമ്മുടെ സംഗീതശുശ്രൂഷയ്ക്ക് അവൻ താളം പിടിക്കും. നമ്മുടെ മുമ്പിൽ നിന്ന് 'ഞാൻ നിന്റെ രാജാവാണ്' എന്ന് അവൻ അരുളിച്ചെയ്യും. ആ ദിവ്യവാണിയുടെ ആശ്വാസതരംഗങ്ങൾ നമ്മുടെ ദുഃഖത്തെയും വേദനകളെയും നിശ്ശേഷം തുടച്ചുമാറ്റും.

ദൈവം നമ്മെ അയയ്ക്കുന്ന സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള ദൈവികമായ കഴിവുകളും താലന്തുകളും അവൻ നമ്മിൽ പകർന്നിട്ടുണ്ട്. അത് നമ്മുടെ ശുശ്രൂഷാവേദികളിൽ നാം ഉപയോഗിക്കുവാൻ തുടങ്ങുമ്പോൾ പല തരത്തിലുള്ള അലോസരപ്പെടുത്തലുകൾ നമുക്ക് അനുഭവിക്കേണ്ടി വരും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ നാം തളർന്നുപോകാതിരുന്നാൽ പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും ആശ്വാസവാണികളുമായി വിശ്വാസത്തിന്റെ നായകനായ യേശുകർത്താവ് നമ്മുടെ അരികിലെത്തും.

എന്തിനാണ് അവൻ നമ്മുടെ അരികിൽ എത്തുന്നത് ? നാം അവനെയാണ് സേവിക്കുന്നതെന്ന് ഒരിക്കൽക്കൂടി നമ്മെ ഓർമപ്പെടുത്തുവാൻ. നാം അവന്റെ സൈന്യഗണത്തിലെ വിശ്വസ്ത പടയാളികളാണെന്ന് നമ്മെ വീണ്ടും ബോദ്ധ്യപ്പെടുത്തുവാൻ. അവനെ മാത്രം പ്രസാദിപ്പിക്കേണ്ടതിന്റെ ആവശ്യകത നമ്മുടെ മനസിൽ വീണ്ടും ഉണർത്തുവാൻ. സാഹചര്യങ്ങൾ അന്യഥാ ചിന്തിപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും പ്രലോഭപ്പിക്കുകയും ചെയ്യുമ്പോൾ അവൻ വീണ്ടും നമ്മുടെ ദിവ്യവിളിയെയും തെരഞ്ഞെടുപ്പിനെയും കുറിച്ച് നമ്മോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

ചിന്തക്ക് : 'വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊൾവിൻ' (എബ്രായർ 12 : 2 & 3).