പാസ്‌റ്ററുടെ മൃതദേഹം സംസ്‌കരിക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌

പാസ്‌റ്ററുടെ മൃതദേഹം സംസ്‌കരിക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡല്‍ഹി: മൃതദേഹം ജന്മനാട്ടില്‍ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌ ഛത്തീസ്‌ഗഡില്‍നിന്നുള്ള ക്രിസ്‌ത്യന്‍ പാസ്‌റ്ററുടെ മകന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്‌ ഭിന്നാഭിപ്രായം ഉയര്‍ത്തി. ഒടുവില്‍ സമീപ ഗ്രാമമായ കര്‍ക്കപാലിലെ ൈക്രസ്‌തവര്‍ക്കായി നിശ്‌ചയിച്ചിട്ടുള്ള ശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ കോടതി ഉത്തരവിട്ടു. പാസ്‌റ്റര്‍ സുഭാഷ്‌ ബാഗേലിന്റെ മരണവും മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ്‌ സുപ്രീം കോടതി കയറിയത്‌. ഇൗ മാസം 7 മുതല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ജന്മദേശത്ത്‌ സംസ്‌കരിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞെന്നു കാട്ടി 18നാണ്‌ മകന്‍ രമേഷ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ആദിവാസി ഭൂരിപക്ഷ ഗ്രാമത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ഗ്രാമപഞ്ചായത്ത്‌ അധികൃതരെ വിമര്‍ശിച്ച ജസ്‌റ്റിസ്‌ ബി.വി. നാഗരത്ന, സ്വകാര്യ കാര്‍ഷിക ഭൂമിയില്‍ സംസ്‌കരിക്കാന്‍ രമേഷിനെ അനുവദിക്കുകയും ചെയ്‌തു.

അതേസമയം, നിയമവ്യവസ്‌ഥകള്‍ ഇത്‌ അനുവദിക്കുന്നില്ലെന്നും കര്‍ക്കപാലിലെ മൂന്ന്‌-നാല്‌ ഗ്രാമങ്ങളിലെ ൈക്രസ്‌തവര്‍ക്കായി നിശ്‌ചയിച്ചിട്ടുള്ള പൊതു ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തണമെന്നും ജസ്‌റ്റിസ്‌ എസ്‌.സി. ശര്‍മ അഭിപ്രായപ്പെട്ടു.

അതേസമയം, മറ്റ്‌ മതങ്ങളിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തവരെ ഗ്രാമത്തിലെ ശ്‌മശാനത്തില്‍ സംസ്‌കരിക്കുന്നതിനു പ്രദേശത്തെ ഹിന്ദു ഗോത്രവര്‍ഗക്കാര്‍ എതിരാണെന്നും അത്‌ അനുവദിക്കുന്നത്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നുമുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനെ ജസ്‌റ്റിസ്‌ നാഗരത്ന ചോദ്യംചെയ്‌തു.

' സര്‍ക്കാരിന്റെ ഇൗ മറുപടി ദൗര്‍ഭാഗ്യകരമാണ്‌. എന്റെ അഭിപ്രായത്തില്‍, ഇത്‌ ഭരണഘടനയുടെ അനുഛേദം 14,15 (1) എന്നിവയുടെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. നിയമത്തിനു മുന്നിലെ സമത്വത്തെക്കുറിച്ചും നിയമങ്ങളുടെ തുല്യ സംരക്ഷണത്തെക്കുറിച്ചുമാണ്‌ അതില്‍ പറയുന്നത്‌.

മതാടിസ്‌ഥാനത്തിലുള്ള വിവേചനം തടയുന്നതുമാണ്‌ ഇൗ അനുഛേദം." - ജസ്‌റ്റിസ്‌ നാഗരത്ന പറഞ്ഞു.

പ്രശ്‌നം ഗ്രാമതലത്തില്‍ സൗഹാര്‍ദപരമായി പരിഹരിക്കാവുന്നതായിരുന്നു. അധികൃതര്‍ ആണ്‌ വിഷയം വഷളക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ജസ്‌റ്റിസ്‌ നാഗരത്നയോട്‌ വിയോജിപ്പു പ്രകടിപ്പിച്ച ജസ്‌റ്റിസ്‌ ശര്‍മ്മ, "ഒരാളുടെ പ്രത്യേക മതമോ ആചാരമോ അനുസരിച്ച്‌ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള മൗലികാവകാശത്തില്‍ ചടങ്ങുകള്‍ നടക്കേണ്ട സ്‌ഥലവും ശവസംസ്‌കാര സ്‌ഥലവും തെരഞ്ഞെടുക്കാനുള്ള അവകാശവും ഉള്‍പ്പെടുമോ എന്നതാണ്‌ ചോദ്യമെന്ന്‌ പറഞ്ഞു. ഛത്തീസ്‌ഗഡ്‌ ഗ്രാമപഞ്ചായത്ത്‌ (മൃതദേഹങ്ങളും മറ്റ്‌ തര്‍ക്കങ്ങളും തീര്‍പ്പാക്കുന്നതിനുള്ള സ്‌ഥലങ്ങള്‍ നിയന്ത്രിക്കല്‍) ചട്ടങ്ങള്‍, 1999 പരാമര്‍ശിച്ചുകൊണ്ട്‌, ഇൗ നിയമപ്രകാരം സംസ്‌കാര സ്‌ഥലം ഒരു വ്യക്‌തിക്ക്‌ ഏകപക്ഷീയമായി നിശ്‌ചയിക്കാന്‍ കഴിയില്ലെന്നും ഗ്രാമപഞ്ചായത്ത്‌ നിശ്‌ചയിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ സംസ്‌കാരം നടത്തണമെന്നും എടുത്തുകാട്ടി.