അപ്പകഷണങ്ങളുടെ പിന്നിലെ ചൂണ്ടക്കൊളുത്തുകൾ

അപ്പകഷണങ്ങളുടെ പിന്നിലെ ചൂണ്ടക്കൊളുത്തുകൾ

ഉള്ളറിവ് 

അപ്പകഷണങ്ങളുടെ പിന്നിലെ ചൂണ്ടക്കൊളുത്തുകൾ

പ്രഭാതസവാരിക്കിടെ വയോധികൻ ഒരു കുട്ടിയെ കണ്ടു. അവന്റെ കയ്യിലെ കൂട്ടിൽ രണ്ടു തത്തകളുണ്ടായിരുന്നു. നീ ഈ കിളികളെക്കൊണ്ട് എന്തുചെയ്യും എന്ന ചോദ്യത്തിനു കുട്ടി പറഞ്ഞു: ഞാൻ കുറെ കളിപ്പിക്കും. കാലുകളോ ചിറകുകളോ കൂട്ടിക്കെട്ടി പറപ്പിക്കും. കുറച്ചു കഴിയുമ്പോൾ കെട്ടഴിച്ചുവിട്ട് പറപ്പിക്കും. അപ്പോൾ ഇവയുടെ കരച്ചിൽ കേൾക്കാൻ നല്ല രസമാണ്. വയോധികൻ ചോദിച്ചു: അതു കഴിയുമ്പോൾ നീ ഇവയെ എന്തു ചെയ്യും? ഞാൻ ഇവയെ പൂച്ചയ്ക്കു കൊടുക്കും. നീ ഇതിനു തീറ്റ കൊടുക്കുമോ? അവൻ പറഞ്ഞു: എനിക്കാവശ്യമുള്ള അത്രയും നേരം ജീവിച്ചിരിക്കാനുള്ള തീറ്റ ഞാൻ കൊടുത്തിട്ടുണ്ട്. 

അന്നം തരുന്നവരെല്ലാം അഭ്യുദയകാംക്ഷികളല്ല. ചിലപ്പോൾ അപ്പകഷണങ്ങളുടെ പിന്നിൽ ചൂണ്ടക്കൊളുത്തുണ്ടാകും. ഒരു കാര്യലാഭവുമില്ലാതെ ആരെങ്കിലും ആരെയെങ്കിലും തീറ്റിപ്പോറ്റുമോ? ചിലർ തങ്ങളുടെ സംരക്ഷകരെയും സ്തുതിപാഠകരെയും സൃഷ്ടിക്കുന്നതിനുവേണ്ടിയാകും, ചിലർ സൽപേരിനുവേണ്ടിയാകും, ചിലർ മനഃസംതൃപ്തിയുടെയോ ജീവിതനിയോഗത്തിന്റെയോ ഭാഗമായിട്ടായിരിക്കും. 

ആഹാരം തരുന്നവരോടു തോന്നുന്ന ഉപകാരസ്മരണ അടിമത്തമാകാനുള്ള സ്വാഭാവിക പ്രവണതയുണ്ട്. ആ ദുർബല നിമിഷത്തിലാണ് ഒരാൾക്ക് ആത്മാവ് നഷ്ടപ്പെടുന്നത്. 

ഒരു സൗജന്യവും സൗജന്യമല്ല. അവയുടെ പിന്നിൽ നൽകുന്നവരുടെ ഉദ്ദേശ്യങ്ങളുണ്ട്. അതിന്റെ ശരിതെറ്റുകളിലാണ് വിളമ്പുന്ന ഭക്ഷണത്തിന്റെ നൈതികത. തങ്ങൾക്കുവേണ്ട രീതിയിൽ ആളുകളെ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗം അവർക്ക് അന്നന്നുവേണ്ട ആഹാരം മാത്രം നൽകുക എന്നതാണ്. 

സ്വയം അന്നം കണ്ടെത്താൻ പഠിപ്പിച്ചാൽ അവർക്ക് ആശ്രയത്വം നഷ്ടപ്പെടും. അതുകൊണ്ടു സ്വന്തം കഴിവ് തിരിച്ചറിയാനാകാത്തവിധം, തത്സമയ ആവശ്യങ്ങൾക്കു താൽക്കാലിക പരിഹാരം മാത്രം നൽകി കൂടെ നിർത്തുക എന്നതു തികഞ്ഞ തന്ത്രമാണ്. കൂടെ നിർത്തുന്നവരെല്ലാം കൂടപ്പിറപ്പുകളാകണമെന്നില്ല. കുടിപ്പകയുള്ളവരും കൂട്ടുകൂടും. ആവശ്യത്തിനുശേഷം ഉപേക്ഷിക്കപ്പെടും എന്ന മുൻകരുതലോടെ ഓരോ ബന്ധങ്ങളിലൂടെയും യാത്ര ചെയ്താൽ സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങൾ ആർക്കും നഷ്ടപ്പെടില്ല.

Hooks behind loaves of bread

Advertisemen