മണിപ്പൂർ അക്രമങ്ങളിൽ സർക്കാർ നിഷ്ക്രിയത്വത്തെ അപലപിച്ച് മനുഷ്യാവകാശ സംഘടന ആംനസ്റ്റി
ഇംഫാൽ: മണിപ്പൂരിൽ ഭരണാധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. വംശീയ അക്രമങ്ങൾ അനിയന്ത്രിതമായി തുടരുന്ന മണിപ്പൂരിൽ, കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെടുകയും 60,000- ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. കൂടാതെ, കലാപത്തെത്തുടർന്ന് വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കത്തിക്കുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും സർക്കാർ മൗനം തുടരുകയാണ്. മെയ്തേയ് സമുദായവും ന്യൂനപക്ഷമായ കുക്കിയും മറ്റ് ആദിവാസി-മലയോരസമുദായങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുറന്നുപറയാൻ ധൈര്യപ്പെട്ടവരെ അടിച്ചമർത്തുന്നത് ഇവിടെ തുടരുന്ന അനീതികളിൽ ഒന്നാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. ദുരുപയോഗങ്ങൾ അവസാനിപ്പിക്കുന്നതിലും ആളുകളെ സംരക്ഷിക്കുന്നതിലും കുറ്റവാളികളെന്നു സംശയിക്കുന്നവരെ പ്രതിക്കൂട്ടിൽ നിർത്തുന്നതിലും സംസ്ഥാന- കേന്ദ്രസർക്കാരുകളുടെ പൂർണ്ണമായ പരാജയം സമൂഹങ്ങളെ ഭയപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തുവെന്നുo റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.