മൂല്യബോധം ഉള്ള വ്യക്തികളെ വാർത്തെടുക്കാൻ നാം ശ്രദ്ധിക്കണം: പാസ്റ്റർ ജോൺസൺ തരകൻ

മൂല്യബോധം ഉള്ള വ്യക്തികളെ വാർത്തെടുക്കാൻ നാം ശ്രദ്ധിക്കണം: പാസ്റ്റർ ജോൺസൺ തരകൻ

ചർച്ച് ഓഫ് ഗോഡ്  കൺവെൻഷന് അനുഗ്രഹ സമാപ്തി

കൊച്ചി:  കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30ന് പാലാരിവട്ടം ഫ്ലൈ ഓവറിനു സമീപമുള്ള സി.ഒ.ജി പാരിഷ് ഹാളിൽ വച്ച് ആരംഭിച്ച കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പര്യവസാനിച്ചു. കൺവെൻഷൻ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻറ് റവ.ജോൺസൺ തരകൻ ഉദ്ഘാടനം ചെയ്തു. 

120 വർഷം പിന്നിടുന്ന ചർച്ച് ഓഫ് ഗോഡിന്റെ പ്രാരംഭ കാലത്ത് പ്രവർത്തിച്ച നേതാക്കളെ അദ്ദേഹം അനുസ്മരിക്കുകയുണ്ടായി. അവരിൽ ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയിൽ അംഗമായിരുന്ന ക്രിസ്ത്യൻ  ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ എഴുതി ചേർക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മേഘാലയക്കാരനായ ജെ .ജെ . നിക്കോൾസ് റോയി ചർച്ച് ഓഫ് ഗോഡിനും ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കും നൽകിയ സംഭാവനകളെ പ്രത്യേകം എടുത്തു പറഞ്ഞു.

പ്രാരംഭ കാലം മുതൽക്കേ ചർച്ച് ഓഫ് ഗോഡിന്റ നേതൃത്വത്തിൽ നടത്തിവരുന്ന എൽ.പി.സ്കൂളുകൾ, മിഡിൽ സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ടെക്നിക്കൽ കോളേജ്, ബൈബിൾ കോളേജ് മുതലായവ സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. 

കൺവെൻഷന്റെ മുഖ്യ ചിന്താവിഷയത്തെ ആധാരമാക്കി മൂല്യബോധം ഉള്ള വ്യക്തികളെ വാർത്തെടുക്കാൻ എല്ലാവരും ദൈവവചനം കൈക്കൊള്ളുകയും വചനം അനുസരിച്ച് ജീവിക്കുകയും, യേശുവിനെ മാതൃകയാക്കുകയും ചെയ്യേണ്ടതാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.

രാത്രി സുവിശേഷ യോഗങ്ങളിൽ റവ. ജോൺസൺ തരകൻ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ സാം മാത്യൂ, ബ്രദർ വിൻസെൻ്റ് ചാർളി എന്നിവർ പ്രസംഗിക്കുകയുണ്ടായി. പകൽ സമയങ്ങളിൽ റവ. സച്ചിദാനന്ദ ദാസ് റവ.കെ. നെൽസൺ, പാസ്റ്റർ ജെ. കെ. ശ്രീജിത്ത് തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ നടന്ന ഏഷ്യൻ ബൈബിൾ കോളേജ് ഗ്രാജുവേഷനിൽ എ. ടി.എ യുടെ ജെനറൽ സെക്രട്ടറി ഡോക്ടർ ബെനറ്റ് ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. 

ബൈബിൾ ക്ലാസ്സുകൾ, തീം പ്രസൻ്റേഷൻ, യൂത്ത് കോൺഫറൻസ്, സ്ത്രീകളുടെ കോൺഫറൻസ്, സൺഡേ സ്കൂൾ കോൺഫറൻസ്, സ്നാന ശുശ്രൂഷ, കർതൃമേശ മുതലായവയും നടത്തപ്പെടുകയുണ്ടായി.
കേരളം, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.