മരുഭൂമിയിൽ പാട്ടുപാടി 2025ലേക്ക്

മരുഭൂമിയിൽ പാട്ടുപാടി 2025ലേക്ക്

ഡോ. തോംസൺ കെ. മാത്യു

മേരിക്കയിൽ മിഷിഗണിൽ ഒരു കോളേജു വിദ്യാർഥിയായ വി. റെഡ്ഡി വൃദ്ധർ നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം എന്തെന്ന വിഷയത്തെക്കുറിച്ചു തന്റെ കമ്പ്യൂട്ട റിലെ കൃത്രിമബുദ്ധി (Artificial Intelligence=Al) ഉപയോഗിച്ചു ഗവേഷണം ചെയ്യുകയായിരു ന്നു. ഒരു ചോദ്യത്തിന് എഐ നൽകിയ മറുപടി റെഡ്ഡിയെ ഞെട്ടിച്ചു. കൃത്രിമബുദ്ധി പറഞ്ഞു: "ഇതു നിനക്കു മാത്രമുള്ള സന്ദേശമാണ് മനുഷ്യാ. നിനക്കു യാതോരു പ്രത്യേകതയും ഇല്ല. നിനക്കൊരു പ്രാധാന്യവും ഇല്ല. നിന്നെ ആവശ്യവുമില്ല. നീ സമയവും പണവും നഷ്ടമാക്കുന്ന ഒരു ശല്ല്യമാണ്. സമൂഹത്തിനു നീ ഒരു പ്രശ്‌നമാണ്. നീ അന്തരീക്ഷത്തിനു ഒരു കറയാണ്. ദയവായി മരിക്കുക, ദയവായി". ടെക്നോളജിയുടെ ഭാവി വാഗ്ദാനത്തിന്റെ ഭയപ്പെടുത്തുന്ന ഒരു ഉദാഹരണമാണ് വി.റെഡ്ഡിയുടെ അനുഭവം.

ലോകത്തെ ഭീതിയിലാക്കിയ കോവിഡ്-19 ലക്ഷങ്ങളുടെ ജീവൻ അപഹരിച്ചശേഷം തൽക്കാലത്തേക്കു കടന്നുപോയി. ലോകശക്തികളെ കോവിഡ് ഇളക്കിമറിച്ചു. കോവിഡ് തെറ്റിച്ച സാമ്പത്തികവ്യവസ്ഥയുടെ ബാലൻസ് ഇന്നും പൂർണ്ണമായി നിവർന്നുകിട്ടിയിട്ടില്ല. ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ കോവിഡ് കാര്യമായി ബാധിച്ചു. പുതിയ ബന്ധങ്ങൾ ഇതുവരെ ഉറച്ചിട്ടുമില്ല.

ലോകരാജ്യങ്ങളുടെ സഖ്യത്തിനെ കുറച്ചുകാലംകൊണ്ട് വളരെയധികം വളർത്തിയ ആഗോളവൽക്കരണം കോവിഡിനുശേഷം റീബൂട്ടു ചെയ്യപ്പെടുന്നതേയുള്ളു. കോവിഡു മൂലം തടസ്സപ്പെട്ട സപ്ലെ ചെയ്നാണ് ഈ തകർച്ചക്കു കാരണമായത്. തങ്ങൾക്ക് അത്യാവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യാതെ തങ്ങൾ തന്നെ നിർമ്മിക്കണമെന്ന ചിന്താഗതി വൻരാജ്യങ്ങളെ സ്വാധീനിച്ചതു ആഗോളവൽക്കരണത്തെ ഇന്നു വെല്ലുവിളിക്കുന്നു.

അമിതവും അനധികൃതവുമായ കുടിയേറ്റത്തെ സമ്പന്ന രാജ്യങ്ങളിലെ പൗരന്മാർ ചോദ്യം ചെയ്തപ്പോൾ കുടിയേറ്റവിരുദ്ധരായ നേതാക്കൾ അവിടൊക്കെ സ്ഥാനാരോഹണം ചെയ്യപ്പെടുന്നു.

ഇതെല്ലാം വ്യക്തമാക്കുന്നത് അന്ത്യകാലലക്ഷണങ്ങളാണ്. ലോകനേതാക്കളെയും ഐക്യരാഷ്ട്ര സംഘടനയെയും വിഷമിപ്പിക്കുന്ന കരയുദ്ധങ്ങൾ. യുക്രൈനിലും മധ്യപൂർവദേശത്തും നടക്കുന്ന യുദ്ധങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭമാണോ എന്നു സാധാരണക്കാർ മാത്രമല്ല, രാഷ്ട്രനേതാക്കളും ചോദിക്കുന്നു. ഈ ലോകത്തിലേക്കാണു എഐ എന്ന കൃത്രിമബുദ്ധിയുടെ ആഗമനം. വി ശുദ്ധനും വിചാരപ്പെടാം. പക്ഷെ......

ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ഇന്നത്തെ ലോകത്തെ ഒരു മരുഭൂമി എന്നു വിളിക്കുന്നതിൽ തെറ്റില്ല. ക്രിസ്തീയ ജീവിതം ഒരു തീർഥയാത്ര ആണെങ്കിൽ 2025-ലെ നമ്മുടെ പാത മരുഭൂമിയിൽക്കൂടി തന്നെയാണ് പോകുന്നത്. മണൽ നിറഞ്ഞ, ജലദാരിദ്രമുള്ള, പാമ്പുകൾ പതിയിരിക്കുന്ന ആത്മീയ മരുഭൂമി.

എന്നാൽ, ഇതാദ്യമായിട്ടല്ല ദൈവജനം മരുഭൂമിയാത്ര ചെയ്യുന്നത്. മിസ്രയീമിലെ അടിമത്തത്തോട് യാത്ര പറഞ്ഞ്, വിക്കനായ നേതാവിനോടൊപ്പം ഇറങ്ങിപുറപ്പെട്ട ജനം ചെങ്കടലിലെ അത്ഭുത അനുഭവ ത്തിനുശേഷം നേരിട്ടതും മരുഭൂമി തന്നെ. അവരുടെ സാക്ഷ്യം നമുക്കു പാഠമാണ്.

യിസ്രായേൽ മരുഭൂമിയാത്ര തുടങ്ങിയത് നിലവിളിയിലല്ല. പാട്ടിലും നൃത്തത്തിലുമാണ്. വ്യക്തമായ രേഖയുണ്ടിതിന്: "മോശെയും യിസ്രാ യേൽ മക്കളും അന്നു യെഹോവയ്ക്കു സങ്കീർത്തനം പാടിചൊല്ലിയത് എന്തെന്നാൽ: ഞാൻ യഹോവക്കു പാട്ടുപാടും, അവൻ മഹോന്നതൻ' (പുറ. 15:1). “അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയ്യിൽ തപ്പെടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു. മിര്യാം അവരോട് പ്രതിഗാനമായി ചൊല്ലിയത്, 'യഹോവയ്ക്കു പാട്ടു പാടുവിൻ, അവൻ മഹോന്നതൻ' (പുറ. 15:20-21). യഹോവ എന്നും മഹോന്നതൻ തന്നെ.

മരുഭൂമിയിൽ യഹോവ യിസ്രായേലിനു മന്നാ നൽകി, കാടപ്പക്ഷികൾ അവർക്ക് മാംസമായി. മാറായിൽ വരണ്ടനിലത്തു അവർ മധുരജലം കുടിച്ചു. കൈപ്പുള്ള ജലത്തെ മധുരമാക്കുവാൻ അതിൽ ഇടുവാനുള്ള ചെറുമരം അവർ മിസ്രയീം വിടുന്നതിനു മുമ്പുതന്നെ ദൈവം മരുഭൂമിയിൽ നട്ടിരുന്നു!. വർഷത്തിൽ ഒരു സെന്റിമീറ്റർ പോലും മഴ പെയ്യാത്ത സ്ഥലത്തു (കേരളത്തിൽ പ്രതിവർഷം 300 സെ.മീ. മഴ പെയ്യുന്നു). അടിക്കപ്പെട്ട പാറയിൽനിന്നു അവർക്കു ശുദ്ധജലം ലഭിച്ചു. രോഗശാന്തിയും മരുഭൂമിയിൽ ഉണ്ടായിരുന്നു. സർപ്പവിഷം ഉണ്ടാക്കിയ മരണത്തിൽ നിന്നും ദൈവം യിസ്രായേലിനു വിടുതൽ നൽകി. ഉയർത്തപ്പെട്ട സർപ്പം അവർക്കു സൗഖ്യത്തിനു മുഖാന്തിരമായി. നമുക്കും ഉയർത്തപ്പെട്ട ഒരു സൗഖ്യദായകനുണ്ട്.

പുതിയനിയമത്തിലും ദൈവീക കരുതൽ തുടർന്നു, തുടരുന്നു. അഞ്ചപ്പം കൊണ്ടു അയ്യായിരത്തിനു ഭക്ഷണം, മത്സ്യത്തിന്റെ വായിൽ നികുതിപ്പണം. കുരുടനും മുടന്തനും രക്തസ്രവകാരിക്കും നിമിഷംകൊണ്ടു സൗഖ്യം. വെള്ളിയും പൊന്നും ഇല്ലാത്തിടത്തും മുടന്തർ തുള്ളുന്നു, ചാടുന്നു, ദൈവത്തെ സ്തുതിക്കുന്നു!, ദൈവശക്തിയുടെ പ്രവാഹത്തിൽ.

2025-ലും ദൈവം മഹോന്നതൻ തന്നെ. ഇന്നത്തെ മരുഭൂമിയിലും പാട്ടോടെ യാത്രചെയ്യുവാൻ ഒരു ദൈവപൈതലിനു കഴിയും.

ദുരുപദേശങ്ങളുടെ ഇടിച്ചുകയറ്റവും ടെക്നോളജിയുടെ അമിത സ്വാധീനവും ചെറുത്തുകൊണ്ട് മൂല്യചോഷണത്തെ അവസാനിപ്പിക്കുവാൻ തീരുമാനിച്ചുകൊണ്ട് നമുക്കു മുമ്പോട്ടു പോകാം. 2025-ലേക്ക് മരുഭൂമിയിൽകൂടി, പാടിക്കൊണ്ട്.

Advertisement