ഗുരു മരിച്ചാൽ...

ഗുരു മരിച്ചാൽ...

ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന

ഗുരു മരിച്ചാൽ....

ഗുരു എന്ന പദത്തിന് ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നവൻ എന്നാണ് അർത്ഥം. എല്ലാ വ്യക്തികൾക്കും അവരുടെ വിജയത്തിൻ്റെ പിന്നിൽ ഒരു ഗുരുവിന്റെ പിന്തുണ കാണാൻ കഴിയും. ഗുരുത്വം എന്നത് ഒരു വെറും വാക്കല്ല. ഗുരുത്വത്തിന് അതിന്റേതായ മൂല്യമുണ്ട്. ശിഷ്യൻ ഗുരുവിനെപ്പോലെ ആകണം എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എന്നാൽ ഗുരുവിൻ മീതെ ആകാൻ പാടില്ല. ശാപത്തിന്റെ ഘനം അനുഗ്രഹത്തിന്റെ വഴികളെ തടയും.

ഒരു വ്യക്തിയുടെ ജീവിതത്തിൽ ആദ്യത്തെ ഗുരുക്കന്മാർ തൻ്റെ മാതാവും പിതാവും ആണ്. അക്കാര്യത്തിൽ എതിർ അഭിപ്രായങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഇന്ത്യൻ സംസ്കാരത്തിൽ "മാതാപിതാഗുരു ദൈവം" എന്ന പദം വളരെ അർത്ഥവത്താണ്.

നാം ആദ്യം അനുസരിക്കാൻ പഠിക്കേണ്ടത് മാതാപിതാക്കളെയാണ്, അതുപോലെ ആരെയൊക്കെ അനുസരിക്കണം ബഹുമാനിക്കണം എന്നൊക്കെ പഠിക്കുന്നതും മാതാപിതാക്കളിൽ നിന്നാണ്. 

ഒരു വ്യക്തിയുടെ രണ്ടാമത്തെ ഗുരു എന്ന് പറയുന്നത് അവനവൻറെ മനസാക്ഷിയാണ്. എന്തു ചെയ്യണം എന്ത് ചെയ്യാതിരിക്കണം എന്ത് തിന്നണം എന്തു കുടിക്കണം എവിടെ പോകണം ആരായിത്തീരണം എന്നൊക്കെ ഉരുത്തിരിയുന്നത്. അവനവൻ്റെ മനസ്സിൽ നിന്നുമാണ്. ആ മനസ്സാണ് രണ്ടാമത്തെ ഏറ്റവും ശക്തനായ അധ്യാപകൻ.

മൂന്നാമത്തെ ഗുരു അനുഭവങ്ങളാണ്. ജീവിതത്തിൽ നേരിടുന്ന സാഹചര്യങ്ങളെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും നാം പഠിക്കുന്നു. ഈ കളരിയിൽ നോട്ടുബുക്കുകളോ പേനയോ പെൻസിലോ ഇല്ല. നാം ഇതിനെയൊക്കെ മനസ്സിൽ കുറിച്ചുവെക്കുന്നു.

ഇണങ്ങാനും പിണങ്ങാനും ക്ഷമിക്കാനും പകരം വീട്ടാനും ഒക്കെ നമ്മൾ മനസ്സാക്ഷിയിൽ നിന്നുമാണ് പഠിക്കേണ്ടത്. ഇവിടെ കരുണയും മനസ്സലിവും ദീർഘക്ഷമയും സ്നേഹവും കരുതലും കൊടുക്കലും വാങ്ങലും തുടങ്ങി അനേക സാധ്യതകളുടെ കലവറയാണ് മനസാക്ഷി എന്ന ഇരിപ്പിടം.

ചിലർ നന്മകൾ സൂക്ഷിക്കുന്നു. ചിലർ വെറുപ്പിനെ സൂക്ഷിക്കുന്നു. അവയെ സൃഷ്ടിക്കുകയും ചെയ്യുന്നു. 

മനുഷ്യൻ കലാകാരനാണ്. അവനവന് ലഭിച്ചിരിക്കുന്ന കഴിവുകൾ അവനവൻ തന്നെ പ്രകടമാക്കേണ്ടതുണ്ട്. ഒരു ചിത്രകാരൻ ഒരു ഫ്രെയിം ഉണ്ടാക്കുന്നതിന് മുമ്പ് തൻ്റെ മനസ്സിൽ താൻ വരയ്ക്കാൻ പോകുന്ന ചിത്രങ്ങളെ മനസ്സിൽ വരച്ചു വയ്ക്കുന്നു. പിന്നീടാണ് അത് ക്യാൻവാസിലേക്ക് പകർത്തുന്നത്.

ഒരു കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പ് ഒരു പ്ലാൻ അതിനു വേണ്ടി നിർമ്മിക്കപ്പെടുന്നു. ആ പ്ലാൻ ആണ് കെട്ടിടത്തിന്റെ രൂപം മെനഞ്ഞെടുക്കുന്നത്. അതിനനുസരിച്ചാണ് അതിൻ്റെ അടിസ്ഥാനം രൂപപ്പെടുത്തുന്നത്.

ഒരു മികച്ച അധ്യാപകൻ തൻ്റെ ശിഷ്യന്മാരെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ മനസ്സിൽ സൂക്ഷിക്കുന്നവർ ആകണം. അവിടെ ശിഷ്യൻ എന്നതിനേക്കാൾ അപ്പുറത്തായി ജാതിയോ, മതമോ, നിറമോ, സൗന്ദര്യമോ ദർശിക്കാൻ പാടില്ല. അധ്യാപകനും വിദ്യാർത്ഥിയും ലോകത്തിൻ്റെ ഭാവിയെ നിർണയിക്കുന്ന ഘടകങ്ങളാണ്.

"തമസോമ ജ്യോതിർ ഗമയ" അർഥാൽ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്നെ കൊണ്ടുവരേണമേ എന്ന ബുദ്ധ വചനം പോലെ ലോകത്തിൻ്റെ വെളിച്ചമാകാൻ സൃഷ്ടിക്കപ്പെട്ടവരാണ് അധ്യാപകനും വിദ്യാർത്ഥിയും.

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നിന്ന് മേൽ പറയപ്പെട്ട അധ്യാപകരിൽ ആരെങ്കിലും നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന നഷ്ടത്തിന്റെ ഘനം അതിൻ്റെ മൂല്യം വളരെ നികത്താൻ പറ്റാത്തതാണ്. മനസാക്ഷി എന്ന അധ്യാപകൻ നമ്മുടെ ജീവിതത്തിൽ നിന്നും മരിക്കരുത്. ഒരു വ്യക്തി മനുഷ്യൻ ആകണമെങ്കിൽ അവൻറെ മനസ്സാക്ഷി നന്മ നിറഞ്ഞതായിരിക്കണം. അധ്യാപകന്റെ മരണം നല്ല മനുഷ്യൻ്റെ ആയുസിനെ ഇല്ലാതെയാക്കും.