പഴഞ്ഞിയുടെ അപ്പൊസ്തലനെ ഇനി നിത്യതയിൽ കാണാം

പഴഞ്ഞിയുടെ അപ്പൊസ്തലനെ ഇനി നിത്യതയിൽ കാണാം

പഴഞ്ഞിയിലെ അപ്പൊസ്തലനെ ഇനി നിത്യതയിൽ കാണാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ഴഞ്ഞിയിലെ അപ്പൊസ്തലൻ പാസ്റ്റർ പി.വി ചുമ്മാർ സ്വർഗഗേഹം പൂകി. ഞാൻ കുടുംബമായി വിശ്വാസമാർഗത്തിൽ വന്നതിനു ശേഷം പ്രസംഗിക്കാൻ പോയ സഭകളിലൊന്ന് പഴഞ്ഞിയിലെ പി. വി.ചുമ്മാർ പാസ്റ്ററുടെ അപ്പൊസ്തലിക് ചർച്ച് ഓഫ് ഗോഡ് ആയിരുന്നു. അദ്ദേഹത്തിന്റെ മക്കളായ പി. സി.ഗ്ലെന്നിയും, പി.സി. ഡെന്നിയുമായിരുന്നു എന്നെ കൺവൻഷനു ക്ഷണിച്ചത്. ഇന്നേക്ക് മുപ്പതു വർഷങ്ങൾക്കു മുമ്പ്.

പിന്നീട് അദ്ദേഹത്തിന്റെ സഭകളിൽ എനിക്ക് സുവിശേഷപ്രസംഗങ്ങളുടെ പ്രവാഹമായിരുന്നു. എത്രയോ പ്രസംഗങ്ങൾ അദ്ദേഹം എനിക്കായി ക്രമീകരിച്ചു. കുന്ദംകുളത്തിന്റെ ഓരോ മുക്കും മൂലയും എനിക്കു കാണാപ്പാഠമായി. എറണാകുളത്തു നിന്ന് മോട്ടോർ ബൈക്കിൽ ഞാൻ പഴഞ്ഞിയിലേക്കു തുടർച്ചയായി യാത്ര ചെയ്തു.

സഭാഹാളുകളിലും ചന്തസ്ഥലങ്ങളിലും സ്കൂൾ-പഞ്ചായത്ത്‌ ഗ്രൗണ്ടുകളിലും ആഡിറ്റോറിയങ്ങളിലും ഞാൻ എന്റെ രക്ഷകനായ യേശുകർത്താവിനെ പ്രസംഗിച്ചു. പഴഞ്ഞിയിലെ 'ഹാപ്പി' ആഡിറ്റോറിയത്തിന്റെ ഭിത്തികൾക്കുപോലും ഇന്നും എന്റെ ശബ്ദം സുപരിചിതമാണ്. ഈ പ്രസംഗയോഗങ്ങളുടെയെല്ലാം സംഘാടകനായി മുൻനിരയിൽ നിന്നിരുന്നത് എനിക്കു പിതൃതുല്യനായ പാസ്റ്റർ പി. വി. ചുമ്മാർ ആയിരുന്നു.അന്ന് അദ്ദേഹം ഷഷ്ഠിപൂർത്തി കഴിഞ്ഞ ദൈവദാസനായിരുന്നു. എന്നാൽ മുപ്പതു കഴിഞ്ഞ എന്നെക്കാൾ പ്രസരിപ്പും ഉത്സാഹവും സുവിശേഷവീര്യവും അദ്ദേഹത്തിൽ നിറഞ്ഞു നിന്നിരുന്നു. 'ചുമ്മാർ' എന്ന പേരിന്റെ അർത്ഥം തന്നെ 'ഊർജ്ജസ്വലൻ' (Energetic Person), 'ആശയവിനിമയക്കാരൻ' (Communicator) എന്നൊക്കെയാണല്ലോ. ഈ രണ്ട് അർത്ഥങ്ങളും ജീവിതത്തിൽ സ്വായത്തമാക്കിയ ദൈവപുരുഷൻ കൂടിയായിരുന്നു ചുമ്മാർ പാസ്റ്റർ.

യേശുവിനെ തന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും അദ്ദേഹം സ്നേഹിച്ചു. യേശുകർത്താവും സുവിശേഷവും അദ്ദേഹത്തിനു പ്രാണവായുവിനെക്കാൾ പ്രിയപ്പെട്ടതായിരുന്നു. ഒരു മുൻപരിചയവുമില്ലാതിരുന്ന അദ്ദേഹം എനിക്കു സ്നേഹസമ്പന്നനായ ഒരു ആത്മീയപിതാവായി മാറി.

വർഷങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പറന്നുപോയി. യുവാവായിരുന്ന ഞാൻ അടുത്ത സമയത്ത് 'മുതിർന്ന പൗരനായി' (Senior Citizen). ചുമ്മാർ ഉപദേശി നവതി പിന്നിട്ട് തൊണ്ണൂറ്റിരണ്ടിൽ കയറി. ഞാനും സാലിയും ആസ്‌ട്രേലിയയിലേക്കു വരുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ഇളയ മകൻ പാസ്റ്റർ പി. സി. ഡെന്നി എന്നെ ഫോണിൽ വിളിച്ച് 'ചുമ്മാർ ഉപദേശിക്കു എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന്' അറിയിച്ചു. അദ്ദേഹത്തിന്റെ സഭയിലെ ആരാധനയിൽ പ്രസംഗിക്കാൻ എന്നെ ക്ഷണിച്ചു. അന്നൊരു സ്നാനശുശ്രൂഷയും സൺഡേസ്കൂളിന്റെ വാർഷികവും ഉണ്ടെന്ന് അറിയിച്ചു.

ആ ദിവസങ്ങളിൽ ഞാൻ പതിവിലേറെ തിരക്കിലായിരുന്നു. തുടർച്ചയായ 'സൂം' മീറ്റിംഗുകൾ, യൂ ട്യൂബ് പ്രസംഗ റിക്കാർഡിംഗുകൾ. കൂടാതെ കൺവൻഷൻ പ്രസംഗങ്ങൾക്കായി ദീർഘദൂരയാത്രകൾ. സുവിശേഷകന് റിട്ടയർമെന്റ് ഇല്ലല്ലോ. മരണംവരെ ഓടാനാണല്ലോ യേശുകർത്താവ് നമ്മെ വിളിച്ചിരിക്കുന്നത്. അതിനു വേണ്ടിയുള്ള മാരത്തോൺ ഓട്ടത്തിലാണ് ഞാനും സാലിയും ഇപ്പോൾ.

ചുമ്മാർ ഉപദേശിയോടുള്ള സ്നേഹം നിമിത്തം സമയമുണ്ടാക്കി ഞങ്ങൾ പഴഞ്ഞിയിലേക്കു യാത്രതിരിച്ചു. എന്റെ കാർ എറണാകുളത്തുനിന്ന് തൃശൂർ വഴി പഴഞ്ഞിയിലേക്കു പാഞ്ഞു. പതിറ്റാണ്ടുകൾക്കു ശേഷമുള്ള പുന:സമാഗമം ഞങ്ങൾക്ക് ഏറെ സന്തോഷപ്രദമായിരുന്നു. തൊണ്ണൂറ് പിന്നിട്ട ചുമ്മാറുപദേശി മുപ്പതുകാരനായ യുവാവിനെപ്പോലെ കാണപ്പെട്ടു. അദ്ദേഹം പറഞ്ഞ ഒരു വാചകം അക്ഷരാർത്ഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി.

'ആരോഗ്യം എങ്ങനെയുണ്ട് ?' എന്നു ഞാൻ ചോദിച്ചപ്പോൾ ചുമ്മാർ ഉപദേശി പറഞ്ഞു : 'അച്ചോ, ജനിച്ചശേഷം ഇന്നുവരെ ഞാൻ ഒരു മരുന്നും ഉപയോഗിച്ചിട്ടില്ല. വിക്സ് പോലും മണത്തിട്ടില്ല. അതുകൊണ്ടു തന്നെ ബിപിയും ഷുഗറും കൊളസ്‌ട്രോളുമൊന്നും നോക്കിയിട്ടില്ല.'

തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം എന്നോടു പങ്കുവച്ചു : 'പല തവണ യേശുവിനെ കണ്ടിട്ടുണ്ട്. യേശുകർത്താവിന്റെ മാധുര്യശബ്ദം കേട്ടിട്ടുണ്ട്. നിരവധി ഗാനങ്ങൾ യേശുവിനുവേണ്ടി എഴുതി. ജീവിതം മുഴുവൻ പ്രസംഗിച്ചു. നിരവധി സഭകൾ സ്ഥാപിച്ചു. എത്രയോ ആത്മീയ ശുശ്രൂഷകൾ നടത്തി. ഇനി എത്രയുംവേഗം യേശുകർത്താവിന്റെ അടുത്തു പോകണം.'

അതു പറഞ്ഞപ്പോൾ ചുമ്മാർ പാസ്റ്ററുടെ കണ്ണുകളിൽ തിളക്കം.

ഒരു പുരുഷായുസ് മുഴുവൻ യേശുവിനു വേണ്ടിയും സുവിശേഷത്തിനു വേണ്ടിയും ചൂതാടിയതിൽ ഉപദേശിക്കു സംതൃപ്തി. മക്കളെല്ലാം കർത്താവിന്റെ വേലയിൽ അദ്ധ്വാനിക്കുന്നതു കാണാൻ ദൈവം ചുമ്മാർ ഉപദേശിക്കു ഭാഗ്യം നൽകി.

രാവിലെ സിഡ്നിയിലെ ബ്ലാക്ക്ടൗൺ തെരുവീഥിയിലൂടെ ഞാനും സാലിയും പ്രഭാതനടത്തം തുടരുമ്പോൾ പാസ്റ്റർ ഡെന്നിയുടെ വാട്സ്ആപ്പ് സന്ദേശം : 'അച്ചാ, ഞങ്ങളുടെ പിതാവ് സ്വർഗത്തിലേക്കു പോയി. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു അന്ത്യം. പ്രത്യാശയോടെയുള്ള വിടവാങ്ങൽ ആയിരുന്നു.'

ഒരു കാര്യത്തിലേ എനിക്കു ദുഃഖമുള്ളൂ. അവസാനമായി അദ്ദേഹത്തിന്റെ മുഖം ഒന്നു കാണാൻ പറ്റുകയില്ലല്ലോ എന്നോർക്കുമ്പോൾ. സാരമില്ല, ചുമ്മാർ പാസ്റ്ററെ ഞാൻ സ്വർഗത്തിൽ വരുമ്പോൾ കണ്ടുകൊള്ളാം.