ഉണർവ്വിന്റെ നാൾവഴികൾ : മാളികമുറി മുതൽ ആസ്ബറി വരെ
ഉണർവ്വിന്റെ നാൾവഴികൾ : മാളികമുറി മുതൽ ആസ്ബറി വരെ
ജോസ് പ്രകാശ്
പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മപ്പകർച്ചക്ക് ശേഷം സഭാ ചരിത്രത്തിൽ നിരവധി ഉണർവ്വുകൾ ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ആത്മഭാരമുള്ള ദൈവഭക്തർ ഉണർവ്വിനായി ആത്മാർത്ഥമായി ആഗ്രഹിച്ചു, പ്രാർത്ഥനയോടെ കാത്തിരുന്നു. തൽഫലമായി ദൈവം അവർക്കു വേണ്ടി പിന്മഴയെ അയച്ചു കൊടുത്തു. നമ്മുടെ ഹൃദയത്തിന്റെ നിലവിളികൾക്കും ആത്മീയ വാഞ്‌ഛകൾക്കും ഉത്തരം നൽകുന്ന ദൈവാത്മാവിന്റെ പ്രവർത്തനമാണ് ഉണർവ്വ്. മനുഷ്യനിർമ്മിത ആവേശവും വൈകാരികതയും കൂടിച്ചേർന്ന് ഉളവാകുന്നതൊന്നും ഉണർവ്വല്ല. മാനുഷിക കഴിവുകൾ ഉപയോഗിച്ച് ഉണർവ്വ് സൃഷ്ടിക്കുക സാദ്ധ്യമല്ല. ഉപരിതലത്തിൽ ഉണ്ടാകുന്ന ചലനങ്ങളല്ല, ആഴത്തിൽ ഉളവാകുന്ന നവീകരണമാണ് ഉണർവിന്റെ പ്രതിഫലനങ്ങൾ.
മഹാമാരിയുടെ പകർച്ച കണ്ട് പകച്ചുപോയവർ കഴിഞ്ഞ നാളുകളിൽ വലിയ ആത്മമാരിക്ക് സാക്ഷ്യം വഹിച്ചു. നവോത്ഥാനത്തിന്റെ നാളുകൾ നിന്ന് പോയിട്ടില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ കാലഹരണപ്പെട്ടിട്ടില്ല. അതിന്റെ പ്രത്യക്ഷ അടയാളമാണ് അമേരിക്കയിലെ ആസ്ബറി യുണിവേഴ്സിറ്റിയിൽ ആളിപ്പടർന്ന ആത്മപ്പകർച്ച. ഉണർവ്വ് പ്രത്യേക സഭാ വിഭാഗത്തിനോ ആത്മീയ ഉന്നതർക്കോ വേണ്ടി മാത്രമുള്ളതല്ലെന്ന് ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു! എന്നാൽ ദൈവത്തിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ആഗ്രഹിക്കുകയും അവിടുത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ഉണർവ്വിൻ്റെ ഭാഗമാകും.
1734 -ൽ ചരിത്രത്തിലെ വലിയ ഉണർവ്വിന് അമേരിക്ക സാക്ഷ്യം വഹിച്ചു. ജൊനാഥൻ എഡ്വേർഡ്സ്, ഗിൽബർട്ട് ടെന്നന്റ്, ജോൺ വെസ്ലി, സഹോദരൻ ചാൾസ് വെസ്ലി, ജോർജ്ജ് വൈറ്റ്ഫീൽഡ് തുടങ്ങിയ സുവിശേഷ പ്രഘോഷകരെ ദൈവം അതിന് വേണ്ടി ഉപയോഗിച്ചു. 1800- ൽ അമേരിക്ക വീണ്ടും മറ്റൊരു ഉണർവ്വിന് വേദിയായി. പശ്ചാത്താപത്തിന്റെ ഉജ്ജ്വലമായ സന്ദേശങ്ങൾ നൽകാൻ ചാൾസ് ഫിന്നിയെ ദൈവം ഉപയോഗിച്ചു. പ്രസ്തുത യോഗങ്ങളിൽ രക്ഷിക്കപ്പെടുന്നവരുടെ വലിയ കൂട്ടത്തെ കാണാമായിരുന്നു. 1839-ൽ, അദ്ദേഹം റോച്ചസ്റ്ററിൽ പ്രസംഗിച്ചതിന്റെ ഫലമായി ഒരു ലക്ഷത്തോളം പേരാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്.
1861 ലെ നവോത്ഥാന നായകരിൽ ഒരാളായിരുന്നു ഡി.എൽ. മൂഡി. 1872-ൽ ഇംഗ്ലണ്ടിലേക്കുള്ള തന്റെ പര്യടനത്തിൽ, ചില മാസങ്ങൾക്കുള്ളിൽ ഏകദേശം നൂറോളം ഉണർവ്വ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. തുടർന്ന് മൂഡി ചർച്ചും, മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 1904-ൽ നീണ്ട പതിനൊന്ന് വർഷക്കാലം രാവും പകലും ഒരു വലിയ ആത്മീയ ഉണർവിനായി കരഞ്ഞും നെടുവീർപ്പിട്ടും പ്രാർത്ഥിച്ച ഇവാൻ റോബർട്ട്സിന്റെ പ്രസംഗത്തിലൂടെ വെൽഷ് ഉണർത്തപ്പെട്ടു. രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം പേർ പുതുതായി വെൽഷ് സഭയിൽ ചേർക്കപ്പെട്ടു. 1906-ൽ അസൂസ തെരുവിൽ പൊട്ടിപ്പുറപ്പെട്ട ഉണർവ്വുകൾ കാലിഫോർണിയയിലും ലോസ് ഏഞ്ചൽസിലും നടന്ന ഉണർവ്വ് യോഗങ്ങളുടെ ചരിത്രപരമായ ഒരു പരമ്പരയാണ്, അതാണ് ആധുനിക പെന്തക്കോസ്ത് മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടത്. വില്യം ജെ സെയ്‌മോറിനെ ദൈവം ആ ഉണർവിന് ഉപകരണമായി ഉപയോഗിച്ചു.
1957 മെയ് 15-ന് ബില്ലി ഗ്രഹാം തന്റെ ന്യൂയോർക്ക് ക്രൂസേഡ് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ആരംഭിച്ചു. ഇത് ജൂൺ 20-ന് അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും 16 ആഴ്‌ചകൾ അത് തുടർന്നു കൊണ്ടിരിക്കുന്നു. ഗ്രഹാം ഇപ്രകാരം അനുസ്മരിച്ചു, "ഞാൻ തയ്യാറാക്കിയിരുന്ന പ്രഭാഷണങ്ങൾ തീർന്നു, എല്ലാ ദിവസവും പുതിയത് തയ്യാറാക്കേണ്ടി വന്നു. ചില രാത്രികളിൽ, ഞാൻ പ്ലാറ്റ്ഫോമിൽ ഇരുന്നു നിശബ്ദനായി ഇപ്രകാരം പ്രാർത്ഥിച്ചു, "ദൈവമേ, അങ്ങ് ഇത് ചെയ്യണം. എനിക്കിത് പറ്റില്ല. എനിക്ക് ഇത് ചെയ്യാൻ കഴിയില്ല". എന്നാൽ താൻ ശുശ്രൂഷക്കായി എഴുന്നേറ്റപ്പോൾ പെട്ടെന്ന് പരിശുദ്ധാത്മാവ് വാക്കുകൾ അധരങ്ങളിൽ നൽകി തുടങ്ങി.
തൻ്റെ പതിവ് പ്രാർത്ഥനയ്ക്കും പ്രഭാഷണങ്ങൾക്കുമപ്പുറം, ഒരു പടക്കുതിരയെപ്പോലെ തന്റെ വീടിനടുത്തുള്ള മലമുകളിലേക്ക് അദ്ദേഹം ഓടിക്കയറി, യുദ്ധത്തിന് തയ്യാറാകുന്ന യോദ്ധാവിനെപ്പോലെ തന്റെ ആത്മശക്തി വർദ്ധിപ്പിച്ചു. "ഞങ്ങൾ സാത്താന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നിലേക്കാണ് പോകുന്നതെന്ന് എനിക്കറിയാം, ന്യൂയോർക്കിലും അമേരിക്കയിലും ഒരു യഥാർത്ഥ ആത്മീയ പുനരുജ്ജീവനം കാണാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനായി എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്," ഗ്രഹാം പറഞ്ഞു. തുടർന്ന് നടന്ന യോഗങ്ങളിൽ രണ്ട് ദശലക്ഷത്തിലധികം പേർ പങ്കെടുത്തു, 61,000-ത്തിലധികം പേർ ക്രിസ്തുവിനു വേണ്ടി ജീവിക്കുവാൻ തീരുമാനം എടുത്തു.
നമ്മുടെ ദേശത്തെയും രാജ്യത്തെയും ഉണർത്തുവാൻ പ്രാർത്ഥിക്കുന്നതിന് മുമ്പായി നമ്മിൽ ഒരു ഉണർവ്വ് ഉണ്ടാകുവാൻ മുഴങ്കാലുകൾ മടക്കാം. ആദ്യനൂറ്റാണ്ടിലെ ആ നല്ല നാളുകൾ നമ്മുടെ ജീവിതകാലത്തും ആവർത്തിക്കുവാൻ അധികം താമസമില്ല! "വീട്ടിൽ പോകൂ. ഒരു കഷണം ചോക്ക് എടുക്കുക. നിങ്ങൾക്ക് ചുറ്റും ഒരു വൃത്തം വരയ്ക്കുക, തുടർന്ന് പ്രാർത്ഥിക്കുക, കർത്താവേ, ഈ വൃത്തത്തിന്റെ ഉള്ളിലുള്ളതെല്ലാം പുനരുജ്ജീവിപ്പിക്കുക". ഉണർവ്വിൻ്റെ രഹസ്യത്തെ ക്കുറിച്ച് ആരാഞ്ഞ വ്യക്തിയ്ക്ക് സുവിശേഷകൻ ജിപ്സി സ്മിത്ത് നൽകിയ മറുപടി ആയിരുന്നു ഇത്.
ആദ്യ നൂറ്റാണ്ടിലെ ആത്മാനുഭവം ഈ അന്ത്യ നാളുകളിൽ നമ്മുടെ ജീവിതത്തിലും, കുടുബത്തിലും, സഭകളിലും പകരപ്പെടേണ്ടതിനു ദൈവത്തോട് നിലവിളിക്കാം (സങ്കീർ 85:6, സെഖ 10:1). മാളികമുറിയിൽ ഇറങ്ങി വന്ന ഉണർവ്വിന്റെ അണയാത്ത അഗ്നിജ്വാലകൾ ആസ്ബറിയിൽ ആളിപ്പടർന്നതു പോലെ നമ്മുടെ വേദപഠന ശാലകളിലും കത്തി ജ്വലിക്കട്ടെ. അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടട്ടെ. ദർശനവും ആത്മഭാരവുമുള്ള ഒരു പുതിയ തലമുറ യജമാനൻ ഭരമേല്പിച്ച കൊയ്ത്തിനായ് പുറപ്പെടട്ടെ.
Advertisement