നിത്യതയുടെ ഭദ്രതയ്ക്ക് ആഹ്വാനമേകി ക്യു.എം.പി.സി കൺവൻഷൻ സമാപിച്ചു

നിത്യതയുടെ ഭദ്രതയ്ക്ക് ആഹ്വാനമേകി ക്യു.എം.പി.സി കൺവൻഷൻ സമാപിച്ചു
പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യസന്ദേശം നല്കുന്നു

വാർത്ത: കെ ബി ഐസക്ക്

ദോഹ: ആത്മീക ഔന്നിത്യമൂള്ള വിശ്വാസവീരന്മാർക്ക് മാത്രമുള്ളതാണ് ക്രിസ്തുവിന്റെ വരവിനെ കുറിച്ചുള്ള ഉൾക്കാഴ്ച .ദൈവ സഭകൾ കൂത്തുകാഴ്ചകളായി തരം താഴാതെ കരുത്തുറ്റ പ്രത്യാശയുടെ കേന്ദ്രങ്ങളായി മാറണമെന്ന് പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസ്താവിച്ചു ക്യുഎംപിസി ഇരുപതാമത് വാർഷിക കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉയർത്തെഴുന്നേൽപ്പ് ലഭിക്കുമെന്ന പ്രത്യാശയിൽ വഴിയോരങ്ങളിൽ തീ പന്തങ്ങളായി കത്തിയമർന്ന വിശുദ്ധന്മാരുടെ പിൻഗാമികൾ നിത്യയുടെ ലക്ഷ്യത്തിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പാസ്റ്റർ സന്തോഷ് തോമസ്

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) ഇരുപതാം വാർഷിക കൺവൻഷൻ ജനുവരി 8മുതൽ10 വരെ ദോഹ ഐഡിസിസി കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ നടന്നു. QMPC പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

കാലിടറുന്ന പെന്തക്കോസ്തു സമൂഹം ഐക്യതയ്ക്കും ഉപദേശ സത്യങ്ങൾക്കും പ്രാധാന്യം നൽകി തലമുറകൾക്ക് മാതൃകയായി മടങ്ങിവരണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പാസ്റ്റർ സന്തോഷ് തോമസ് ഊന്നി പറഞ്ഞു. കൺവൻഷന്റെ ഒന്നാം ദിനത്തിൽ ക്യുഎംപിസി പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ബിജു മാത്യുവും വ്യാഴാഴ്ച നടന്ന രണ്ടാം ദിന കൺവെൻഷനിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ സാം തോമസും അധ്യക്ഷരായിരുന്നു.

ക്യുഎംപിസി ഗായക സംഘം പാസ്റ്റർ ലോഡ് സൺ ആന്റണിയോടൊപ്പം

പാസ്റ്റർ സന്തോഷ് തോമസിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാവിലെ 17 സഭകൾ ചേർന്നുള്ള പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടന്നു.

ദോഹയിലെ ദൈവസഭകളോടുള്ള ബന്ധത്തിൽ ദീർഘകാലം വിവിധ ശുശ്രൂഷകൾ ചെയ്ത സീനിയർ പാസ്റ്റേഴ്സ് ആയ ;എൻ . ഒ. ഇടുക്കുള, എം. ബി സോമൻ , കുര്യൻ സാമുൽ,പി എം. ജോർജ്, റെജി കുരിയൻ എബ്രഹാം, കെ കോശി, ജേക്കബ് ജോൺ, ബ്രദർ അടപ്പനാം കണ്ടത്തിൽ സാം തോമസ് , പരേതനായ തോമസ്എബ്രഹാം, എന്നിവരെ ആദരിച്ചു. 

ക്യുഎംപി സി ഇരുപതാം വാർഷിക സുവനീയർ പാസ്റ്റർ അനീഷ് ഏലപ്പാറ പ്രകാശനം ചെയ്തു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അബ്രഹാം കൊണ്ടാഴി, കെ.ബി .ഐസക് എന്നിവരെ ക്യൂഎംപിസി ഉപഹാരം നൽകി അനുമോദിച്ചു.

ക്യൂഎംപിസി സുവനീയറിൻ്റെ ചുമതലയുള്ള അബ്രഹാം കൊണ്ടാഴി ഉപഹാരം സ്വീകരിക്കുന്നു

പൊതു ആരാധനയിൽ പാസ്റ്റർ കെ.എം സാംകുട്ടി സങ്കീർത്തന ധ്യാന ചിന്ത നൽകി. പാസ്റ്റർ പി കെ ജോൺസൺ ക്രിസ്തുവിൻറെ കഷ്ടാനുഭവ സന്ദേശം പങ്കുവെച്ചു. പാസ്റ്റർ കുര്യൻ സാമുവൽ തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം.റ്റി ജോർജും ബ്രദർ ഷെറിൻ ബോസുമാണ് ക്യൂ .എം പി.സി ഗായക സംഘത്തെ നയിച്ചത്. പാസ്റ്റർ ലോഡ്സൺ ആൻറണി ക്യൂ എം പി സി ഗായക സംഘത്തോടൊപ്പം വർഷിപ്പ് ലീഡ് ചെയ്തു. 

ക്യൂ എം പി സി സെക്രട്ടറി മാത്യു പി മത്തായി(സന്തോഷ്) കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ എൻ .ഒ ഇടുക്കുളയുടെ ആശിർവാദത്തോടെ യോഗം സമാപിച്ചു.

കൗൺസിൽ ടീമിനൊപ്പം പാസ്റ്റർ ജോസ് ബേബി, മാത്യു പി മത്തായി (സന്തോഷ്), ഷിബു മാത്യു, ജോർജ് മാത്യൂ, ബൈജു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വോളണ്ടിയേഴ്സ്, മീഡിയ ടീം കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി പ്രശംസനീയമാംവിധം പ്രവർത്തിച്ചു.

Advt