ശൗലിന്റെ പടച്ചട്ടയും, ദാവീദിന്റെ കവിണയും


ശൗലിന്റെ പടച്ചട്ടയും, ദാവീദിന്റെ കവിണയും

ശൗലിന്റെ പടച്ചട്ടയും, ദാവീദിന്റെ കവിണയും...

 പാസ്റ്റർ റോബിൻസൺ പൊന്നച്ചൻ 

ജേഷ്ഠന്മാരെ കാണുവാനും അവരുടെ കുശലാന്വേഷണം നടത്തുവാനും പിതാവ് തന്നയച്ച ഭക്ഷണസാധനങ്ങൾ അവർക്കു കൈമാറുവാനുമായി ഞാൻ വളരെ സന്തോഷത്തോടെയാണ് യാത്ര തിരിച്ചത്. ശൗലിന്റെ സൈന്യത്തിൽ പടയാളികളായിരുന്ന ജേഷ്ഠന്മാരെ കാണുമ്പോൾ അവരുടെ വാളും കുന്തവും പരിചയുമൊക്കെ എടുത്ത് ഒരു അഭ്യാസം നടത്തണമെന്നൊരു ആഗ്രഹവും മനസ്സിലുണ്ടായിരുന്നു.

എന്നാൽ പാളയത്തിലേക്ക് അടുക്കുന്തോറും എന്റെ കാതുകളിൽ മുഴങ്ങിയത് ഒരു മല്ലന്റെ വെല്ലുവിളിയുടെ ശബ്ദമായിരുന്നു. ജീവനുള്ള ദൈവത്തിൽ വിശ്വസിക്കുന്ന ഇസ്രായേലിനെ മാത്രമല്ല, ഇസ്രായേലിന്റെ ദൈവത്തെപ്പോലും നിന്ദിക്കുന്ന ആ ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അതുവരെ എന്റെ ജനത്തെക്കാൾ വലിയവരായി മറ്റാരെയും ഞാൻ കണ്ടിരുന്നില്ല. ഞങ്ങളുടെ യുദ്ധങ്ങൾ നടത്തുവാൻ ശക്തനായ ദൈവം കൂടെയുണ്ടെന്ന വിശ്വാസം എന്റെ ഹൃദയത്തിൽ ഉറച്ചുനിന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ, ആ ദൈവത്തിൽ വിശ്വസിക്കുന്ന എന്റെ ജനം ഒരു മല്ലന്റെ വെല്ലുവിളിക്കു മുമ്പിൽ ഭയന്നു നിൽക്കുന്നു. എന്റെ ഉള്ളിൽ എന്തോ ഒരു തീ കത്തുന്നതുപോലെ അനുഭവപ്പെട്ടു. വാളെടുത്ത് അഭ്യസിക്കണമെന്നു മാത്രം ആഗ്രഹിച്ചിരുന്ന ഞാൻ, അവസരം ലഭിച്ചാൽ ഈ ദൈവനിന്ദകന്റെ ശിരഃഛേദം ചെയ്ത് മടങ്ങണമെന്ന തീരുമാനത്തിലേക്ക് എത്തി. എന്റെ ഹൃദയത്തിൽ പഴയൊരു വിശ്വാസത്തിന്റെ ഓർമ്മകൾ വീണ്ടും ഉണർന്നു: “ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും” (സങ്കീ 27:3). കാട്ടിലെ അനുഭവങ്ങൾ എന്നെ വീണ്ടും ധൈര്യപ്പെടുത്തി; എന്റെ ദൈവത്തിൽ ആശ്രയിച്ചാൽ എനിക്ക് സാധിക്കും.

എന്റെ മനസ്സിലെ ഈ തീരുമാനത്തെക്കുറിച്ച് ചിലരോട് പറഞ്ഞപ്പോൾ ജ്യേഷ്ഠന്മാർ പോലും എന്നെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ എന്റെ ധൈര്യത്തെക്കുറിച്ചുള്ള വാർത്ത ശൗൽ രാജാവിന്റെ കാതുകളിൽ എത്തിയപ്പോൾ, അദ്ദേഹം എന്നെ വിളിപ്പിച്ചു. രാജാവ് എന്നെ കണ്ടിട്ട് വാത്സല്യത്തോടെ പറഞ്ഞു: “മകനേ, നീ ബാലനല്ലോ; അവനോ യുദ്ധപരിചയമുള്ള വലിയ മല്ലനും.

അവനെ പരാജയപ്പെടുത്തുവാൻ നിനക്കു സാധിക്കുകയില്ല.” രാജാവിന്റെ വാക്കുകളിൽ കരുതലുണ്ടായിരുന്നു, എന്നാൽ എന്റെ വിശ്വാസം തളർത്തുവാൻ അവയ്ക്കു കഴിഞ്ഞില്ല. ഞാൻ എന്റെ അനുഭവം രാജാവിനോട് പങ്കുവെച്ചു: കാട്ടിൽ എന്റെ ആടുകളെ പിടിക്കുവാൻ വന്ന സിംഹത്തെയും കരടിയെയും നേരിട്ടപ്പോൾ, അവയുടെ വായിൽനിന്നുപോലും ആട്ടിൻകുട്ടിയെ രക്ഷിക്കുവാൻ ദൈവം എന്നെ സഹായിച്ചിരുന്നു. “ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും” (1 ശമൂ 17:36) എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. എന്റെ ധൈര്യവും ദൈവത്തിലുള്ള വിശ്വാസവും കണ്ട രാജാവ് ഒടുവിൽ എന്നെ മല്ലനെ നേരിടുവാൻ അനുവദിച്ചു. എന്നാൽ യുദ്ധപരിചയമുള്ള രാജാവിന് തന്റെ പടച്ചട്ടയിൽ വലിയ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ പടച്ചട്ട എനിക്ക് ധരിപ്പിച്ചു. പരിചയമില്ലാത്ത ആ പടച്ചട്ടയുമായി മുന്നോട്ടുപോകുന്നത് എനിക്ക് വലിയ വെല്ലുവിളിയായി തോന്നി. യുദ്ധവിജയം പടച്ചട്ടയിലല്ല, ദൈവത്തിന്റെ കരങ്ങളിലാണെന്ന് എന്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നതുപോലെ അനുഭവപ്പെട്ടു.

ഞാൻ ആ പടച്ചട്ട ഊരി രാജാവിന്റെ കൈകളിൽ തന്നെ ഏൽപ്പിച്ചു. കഴിഞ്ഞകാലങ്ങളിൽ പടച്ചട്ടയും പടക്കോപ്പുകളും ഒന്നുമില്ലാതിരുന്നപ്പോഴും ദൈവം എന്നെ സഹായിക്കുകയും ജയം നൽകുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇന്നും എന്റെ ജയം അവനിൽ ഉറപ്പാണ്. മിനുസമുള്ള അഞ്ചു കല്ലുകൾ തിരഞ്ഞെടുത്ത് എന്റെ സഞ്ചിയിൽ ഇട്ടു; കവിണ കൈയിലെടുത്ത് ദൈവത്തിലുള്ള വിശ്വാസത്തോടെ മുന്നോട്ടുനീങ്ങി. മല്ലനോടടുക്കുമ്പോൾ അവന്റെ ഭീഷണിയുടെ ശബ്ദം വീണ്ടും എന്റെ കാതുകളിൽ മുഴങ്ങി: “ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു” (1 ശമൂ 17:44). എന്നാൽ ആ ശബ്ദം എന്റെ വിശ്വാസത്തെ തകർത്തില്ല. എന്റെ ഹൃദയത്തിൽ മറ്റൊരു ശബ്ദം ശക്തമായി മുഴങ്ങി: “യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും… യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു; യുദ്ധം യഹോവെക്കുള്ളതു”*(1 ശമൂ 17:46–47). ശൗലിന്റെ പടച്ചട്ടയിലല്ല, ദൈവത്തിന്റെ ശക്തിയിലാണ് എന്റെ ആശ്രയം. ലോകത്തിന്റെ കണ്ണിൽ നിസ്സാരമെന്ന് തോന്നുന്ന കവിണയും കല്ലും ദൈവത്തിന്റെ കരങ്ങളിൽ വിജയത്തിന്റെ ആയുധങ്ങളായി മാറുമെന്ന് ഞാൻ വിശ്വസിച്ചു. അങ്ങനെ ദൈവത്തിലുള്ള വിശ്വാസത്തോടും ധൈര്യത്തോടും കൂടി മല്ലനെ നേരിട്ടു; കവിണയിൽനിന്നു പാഞ്ഞ കല്ല് അവന്റെ നെറ്റിയിൽ പതിച്ചു. ഫെലിസ്ത്യൻ നിലംപതിച്ചു, അവനോടുകൂടെയുണ്ടായിരുന്നവർ ഭയന്നു ഓടിപ്പോയി. പടച്ചട്ടകളും പടക്കോപ്പുകളും ഒന്നുമില്ലാതെ, കവിണയും ഒരു കല്ലുംകൊണ്ട് ഞാൻ മല്ലനെ ജയിച്ചു.

എന്റെ ജനത്തിന്റെ സന്തോഷം കണ്ടപ്പോൾ ഹൃദയം നിറഞ്ഞു. ജ്യേഷ്ഠന്മാരുടെ കണ്ണുകൾ സന്തോഷത്താൽ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. എല്ലാവരും ലഭിച്ച വിജയത്തിൽ ആനന്ദിച്ച് ദൈവത്തിന് സ്തുതിയും മഹത്വവും അർപ്പിച്ചു. ആ വിജയത്തിന്റെ പിന്നിൽ എന്റെ കഴിവോ ആയുധബലമോ ആയിരുന്നില്ല, ദൈവത്തിന്റെ ശക്തിയും സാന്നിധ്യവുമായിരുന്നു. അപ്പോൾ എന്റെ ഹൃദയത്തിൽ വീണ്ടും ഒരു സത്യം ഉറപ്പിച്ചു: പടച്ചട്ട വേണ്ട, കവിണ മാത്രം മതി; ദൈവം കൂടെയുണ്ടെങ്കിൽ ജയം നിശ്ചയമാണ്. “സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല. ജയത്തിനു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ടു അതു വിടുവിക്കുന്നതുമില്ല” (സങ്കീ 33:16–17). ദൈവത്തിന്റെ ശക്തിക്ക് മുമ്പിൽ മനുഷ്യന്റെ ബലവും ലോകത്തിന്റെ ആയുധങ്ങളും യഥാർത്ഥഎത്ര നിസ്സാരമാണെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. യഥാർത്ഥ വിജയത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ ശക്തിയല്ല, ദൈവത്തിലുള്ള ആശ്രയമാണ്. നമ്മുടെ കൈവശമുള്ളതിന്റെ വലുപ്പമല്ല, നമ്മുടെ കൂടെയുള്ള ദൈവത്തിന്റെ മഹത്വമാണ് വിജയത്തെ നിർണയിക്കുന്നത്.

പ്രിയരേ, നാം ജീവിക്കുന്ന ഈ ലോകം പലപ്പോഴും ശൗലിന്റെ പടച്ചട്ടകൾ നമുക്കു സമ്മാനിക്കുന്ന ലോകമാണ്. ലോകത്തിന്റെ അംഗീകാരം, സമ്പത്ത്, അധികാരം, മനുഷ്യന്റെ കഴിവുകൾ, സ്ഥാനമാനങ്ങൾ എന്നിവയെല്ലാം സുരക്ഷിതത്വത്തിന്റെ പടച്ചട്ടകളായി നാം ധരിക്കാറുണ്ട്. എന്നാൽ പലരും ഈ പടച്ചട്ടകളുടെ ഭാരത്താൽ തട്ടിവീഴുന്ന അനുഭവങ്ങളും നാം കാണുന്നു. ദൈവം നൽകിയ നിയോഗം നിറവേറ്റുവാൻ ലോകം നൽകുന്ന എല്ലാ ആയുധങ്ങളും നമുക്ക് അനിവാര്യമല്ല. ചിലപ്പോൾ നാം ധരിക്കുന്ന പടച്ചട്ടകൾ ദൈവത്തിലുള്ള ആശ്രയത്തെ മറയ്ക്കുകയും, അവന്റെ ശക്തിയിൽ വിശ്വസിച്ച് മുന്നേറുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. ശൗലിന്റെ പടച്ചട്ടയേക്കാൾ ദാവീദിന്റെ കവിണ ശക്തമായത് അതിൽ ദൈവത്തിലുള്ള വിശ്വാസം നിറഞ്ഞുനിന്നതുകൊണ്ടാണ്. ദൈവം നമ്മോടുകൂടെയുണ്ടെങ്കിൽ കൈയിൽ ഒന്നുമില്ലെങ്കിലും വിജയം സാധ്യമാണ്; അവൻ കൂടെയില്ലെങ്കിൽ എല്ലാം ഉണ്ടായിട്ടും നാം പരാജയപ്പെട്ടേക്കാം. അതുകൊണ്ട് ലോകം നൽകുന്ന പടച്ചട്ടകളുടെ ഭാരത്തിൽ തളരാതെ, ദൈവത്തിലുള്ള വിശ്വാസത്തോടും ധൈര്യത്തോടും കൂടി മുന്നോട്ടു ചുവടുവെക്കാം. നമ്മെ വെല്ലുവിളിക്കുന്ന ഏതു ഗോല്യാത്തിനും മുമ്പിൽ ദൈവത്തിന്റെ ശക്തി വെളിപ്പെടട്ടെ. "പടച്ചട്ടകളിലല്ല, ദൈവത്തിലുള്ള ആശ്രയത്തിലാണ് നമ്മുടെ വിജയം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ"

Advertisement